വാഷിംഗ്ടണ്‍ : പുതിയ യുഎസ് പ്രസിഡന്റ് സ്ഥാനമേറ്റ ശേഷം മോദിയെ സന്ദര്‍ശിക്കണമെന്ന് യുഎസ് വിദഗ്ധ സംഘം. 100 ദിവസത്തിനുള്ളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കണമെന്നാണ് യുഎസ് വിദഗ്ധ സംഘം വ്യക്തമാക്കിയിരിക്കുന്നത്. യുഎസിലെ പൊതുനയ ഗവേഷണ സ്ഥാപനമായ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷനല്‍ സ്റ്റഡീസിലെ (സിഎസ്‌ഐഎസ്) വിദഗ്ധരാണ് ഈ ആവശ്യം ഉന്നയിച്ചു രംഗത്തെത്തിയത്. സുരക്ഷാ രംഗത്തെ ഇന്ത്യ-യുഎസ് സഹകരണവുമായി ബന്ധപ്പെട്ടു തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി ബന്ധത്തിന്റെ അനിവാര്യതയിലൂന്നിയുള്ള ഈ പരാമര്‍ശങ്ങളുള്ളത്.
ഇന്ത്യ-യുഎസ് ബന്ധം സുഗമമാകുന്നതിനും വളരുന്നതിനുമുള്ള അനിവാര്യതയെന്ന നിലയില്‍, രാജ്യാന്തര തലത്തില്‍ പൊതുസമ്മതി ലഭിച്ചിട്ടുള്ള ഉടമ്പടികളില്‍ ഇന്ത്യയും ഒപ്പുവയ്ക്കുന്നു എന്ന് ഉറപ്പുവരുത്താനും പുതിയ പ്രസിഡന്റ് മുന്‍കൈയെടുക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. സ്വന്തം പ്രതിരോധ മേഖലയെ കരുത്തുറ്റതാക്കുന്നതിനു യുഎസില്‍ നിന്നു ലഭ്യമാക്കണമെന്ന് ഇന്ത്യ കരുതുന്ന അത്യാധുനിക സംവിധാനങ്ങള്‍ പൂര്‍ണമായും നല്‍കണമെങ്കില്‍, ഇന്ത്യ ഇത്തരം ഉടമ്പടികളുമായി സഹകരിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും വിദഗ്ധ സംഘം ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് ഒരു ചതുര്‍രാഷ്ട്ര സുരക്ഷാ സഹകരണത്തിന് അടുത്ത യുഎസ് ഭരണകൂടം മുന്‍കൈയെടുക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നയിക്കാന്‍ യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിനെയും വിദേശകാര്യ മന്ത്രാലയത്തെയും ചുമതലപ്പെടുത്തണം. പസിഫിക്, ഇന്ത്യന്‍ മഹാസമുദ്ര മേഖലകളിലെ പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ക്കാകണം മുന്‍ഗണന നല്‍കേണ്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്.
Post Your Comments