കൊച്ചി: കോടികള്‍ വാരിയെറിഞ്ഞ് മെഡിക്കല്‍ സീറ്റ് വാങ്ങിയെടുത്ത നേതാക്കന്മാരുടെ കൂട്ടത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേരും ഉള്‍പ്പെട്ടിരുന്നു. ചെന്നിത്തലയുടെ മകനെ അമൃതയില്‍ ചേര്‍ത്തത് കോഴ നല്‍കിയാണെന്നാണ് ആരോപണം ഉണ്ടായിരുന്നത്. ഇതിനോട് പ്രതികരിച്ച് ചെന്നിത്തല രംഗത്തെത്തി. തലയില്‍ മുണ്ടിട്ട് പോയല്ല തന്റെ മകന് കൊച്ചിയിലെ അമൃത മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ വാങ്ങിയതെന്ന് ചെന്നിത്തല പറയുന്നു.
അമൃത ഡീംഡ് യൂണിവേഴ്സിറ്റിയാണ്. അവിടെ പ്രത്യേക സംവിധാനമുണ്ട്. പല നേതാക്കളുടെയും മക്കള്‍ അവിടെ പഠിക്കുന്നുണ്ട്. ഡീംഡ് യൂണിവേഴ്സിറ്റിക്ക് പ്രത്യേക സ്റ്റാറ്റസ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതാണ്. കേന്ദ്രത്തിലെ നിയമങ്ങള്‍ക്ക് അനുസരിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
സിപിഎം നേതാവായ വിഎസ് അച്യുതാനന്ദന്റെ മകളുടെ മകള്‍, എസ് ശര്‍മ്മയുടെ മകന്‍, ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ധാരാളം എംഎല്‍എമാരുടെയും മക്കളും ബന്ധുക്കളും അവിടെ പഠിക്കുന്നുണ്ടെന്നും ചെന്നിത്തല പറയുന്നു. അമൃതയില്‍ എംബിബിഎസ് അഡ്മിഷന് ഒരു കോടിയൊന്നും നല്‍കേണ്ടതില്ല. അധിക ഫീസൊന്നും ഈടാക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.
മകന്‍ എംബിബിഎസിന് പഠിക്കുന്നത് ലോണെടുത്തിട്ടാണെന്നും ചെന്നിത്തല പറഞ്ഞു. താന്‍ വലിയ പണക്കാരനല്ല, എന്നാല്‍ അത്യവശ്യത്തിന് പണമുണ്ട്. എല്ലാവരുടെയും മക്കള്‍ക്ക് എംബിബിഎസ് പഠിക്കാനുളള അവസരം കൊടുക്കുക എന്നതാണ് യുഡിഎഫിന്റെ നയമെന്നും ചെന്നിത്തല വ്യക്തമാക്കി.
Post Your Comments