ലക്നൗ: ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീങ്ങള്‍ സമാജ്വാദി പാര്‍ട്ടിക്കും (എസ്പി), കോണ്‍ഗ്രസിനും വോട്ട് ചെയ്യരുതെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) നേതാവ് മായാവതിയുടെ നിര്‍ദ്ദേശം. മുസ്ലീങ്ങള്‍ ഈ പാര്‍ട്ടികള്‍ക്ക് വോട്ടു ചെയ്‌താല്‍ അതിന്‍റെ ഗുണം ലഭിക്കുക ബിഎസ്പിയുടെ മുഖ്യഎതിരാളി ബിജെപിയ്ക്കായിരിക്കും എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മായാവതി ഇത്തരത്തില്‍ ഒരു പ്രസ്താവന പുറപ്പെടുവിച്ചത്.
ബിഎസ്പി സ്ഥാപകന്‍ കാന്‍ഷിറാമിന്‍റെ പത്താം ചരമവാര്‍ഷികദിന ചടങ്ങില്‍ പങ്കെടുത്ത് ലക്നൗവില്‍ സംസാരിക്കവെയാണ് മായാവതി ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ബിജെപി അധികാരത്തില്‍ വന്നത് മുതല്‍ മുസ്ലീങ്ങള്‍ക്ക് കഷ്ടകാലമാണെന്ന് പറഞ്ഞ മായാവതി തന്‍റെ പാര്‍ട്ടിയുടെ മുഖ്യഎതിരാളിയായി ബിജെപിയെത്തന്നെയാണ് കാണുന്നതെന്ന്‍ വ്യക്തമാക്കുന്ന രീതിയിലാണ് പ്രസംഗിച്ചത്.
എസ്പിയില്‍ അധികാരത്തിന് വേണ്ടി പാര്‍ട്ടി മേധാവി മുലായംസിങ്ങിന്‍റെ മകന്‍ അഖിലേഷ് യാദവും അനിയന്‍ ശിവ്പാല്‍ സിങ്ങ് യാദവും തമ്മില്‍ തര്‍ക്കവും കുതികാല്‍വെട്ടും രൂക്ഷമാണെന്ന കാര്യം ചൂണ്ടിക്കാട്ടിയ മായാവതി തിരഞ്ഞെടുപ്പില്‍ ഒരു പക്ഷം മറ്റേ പക്ഷത്തിന് പാര പണിയുമെന്ന് താന്‍കരുതുന്നതായും വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് ജനപിന്തുണയില്ലെന്നും അതിനാല്‍ അവര്‍ക്ക് വോട്ട് ചെയ്തിട്ട് കാര്യമില്ലെന്നും മായാവതി പറഞ്ഞു.
അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ ബിഎസ്പി ഒറ്റയ്ക്കായിരിക്കും മത്സരിക്കുകയെന്നും മായാവതി വ്യക്തമാക്കി.
Post Your Comments