ന്യൂഡല്‍ഹി : ഇന്ത്യയോടുള്ള ദേശസ്‌നേഹം വെളിപ്പെടുത്തി വ്യാപാരികള്‍. ഇന്ത്യയെ ആക്രമിക്കുന്ന പാകിസ്ഥാനോട് കൂറ് പുലര്‍ത്തുന്ന ചൈനയുടെ ഉത്പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാനാണ് വ്യാപാരികളുടെ ഒറ്റക്കെട്ടായുള്ള തീരുമാനം.
ചൈനീസ് ഉത്പ്പന്നങ്ങള്‍ ഇവിടെ വില്‍ക്കുന്നില്ല എന്ന ബോര്‍ഡ് തൂക്കിയാണ് വ്യാപാരികള്‍ പ്രതിഷേധിക്കുന്നത്.
പാകിസ്ഥാന് പിന്തുണ നല്‍കുന്ന ചൈനയെ സാമ്പത്തികമായി നേരിടാനായി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ വൈറലായിരുന്നു. ചൈനീസ് ഉത്പ്പന്നങ്ങളുടെ ഏറ്റവും വലിയ ഉപഭോക്തൃ രാജ്യമാണ് ഇന്ത്യയെന്നിരിക്കെ, ചൈനീസ് ഉത്പ്പന്നങ്ങള്‍ ബഹിഷ്‌കരിച്ച് ചൈനയോട് പകരം വീട്ടാനായിരുന്നു സമൂഹമാധ്യമങ്ങളിലെ പോസ്റ്റ്. ഈ പോസ്റ്റ് വ്യാപാരികള്‍ ഏറ്റെടുക്കുകയായിരുന്നു.
കശ്മീരിലെ ഉറി ആക്രമണവും തുടര്‍ന്ന് പാകിസ്ഥാന് നേരെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ ആക്രമണവും ലോകമെമ്പാടും ചര്‍ച്ചാവിഷയമായിരിയ്‌ക്കെ ചൈന മാത്രമാണ് പാകിസ്ഥാനെ പിന്തുണച്ച് രംഗത്തെത്തിയത്. ചൈനയുടെ ഈ നടപടി ഇന്ത്യയെ ചൊടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ചൈനീസ് ഉത്പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിയ്ക്കാന്‍ വ്യാപാരികള്‍ തീരുമാനിച്ചത്
Post Your Comments