ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ വീണ്ടും പ്രോസിക്യൂഷന് വീഴ്ച പറ്റിയതായി സുപ്രീംകോടതി. ഗോവിന്ദച്ചാമിക്കെതിരായ വസ്തുതകള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടു. സാക്ഷിമൊഴികളാണോ വിശ്വസിക്കേണ്ടത്? അതോ പോസ്റ്റമോര്‍ട്ടം ചെയ്ത ഡോക്ടറുടെ അഭിപ്രായമാണോ വിശ്വസിക്കേണ്ടതെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
എന്നാല്‍, കൃത്യമായ തെളിവ് നല്‍കാതെ കോടതിക്ക് ഒന്നും ചെയ്യാനാകില്ലെന്നാണ് പറയുന്നത്. സൗമ്യയുടെ മരണത്തിന് കാരണമായ മുറിവ് ഉണ്ടാക്കിയത് ഗോവിന്ദച്ചാമിയാണെന്ന് തെളിയിക്കുന്നതിലാണ് പ്രോസിക്യൂഷന് പരാജപ്പെട്ടത്. സാക്ഷിമൊഴികളെ കണക്കിലെടുത്താണ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയത്.
സൗമ്യ ട്രെയിനില്‍ നിന്ന് എടുത്തുചാടി എന്നാണ് സാക്ഷിമൊഴികളില്‍ പറയുന്നത്. അങ്ങനെയെങ്കില്‍ സൗമ്യയെ ഗോവിന്ദചാമി കൊലപ്പെടുത്തിയെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നും സുപ്രീംകോടതി ചോദിച്ചു. സൗമ്യയെ ഗോവിന്ദചാമി ട്രെയിനില്‍ നിന്ന് തള്ളിയിട്ടു എന്നാണ് പ്രോസിക്യൂഷന് വാദിക്കുന്നത്.
ഒരാളെ തൂക്കിലേറ്റാന്‍ 101 ശതമാനം തെളിവ് വേണമെന്നും ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ അധ്യക്ഷതിലുള്ള മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. സംശയത്തിന്റെ കണികയെങ്കിലും ഉണ്ടെങ്കില്‍ ഒരാളെ തൂക്കിലേറ്റാന്‍ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥരുടെ വാക്കുകളാണ് ഡോക്ടറുടെ അഭിപ്രായമായി വന്നതെന്നും കോടതി പറഞ്ഞു. എന്നാല്‍ കേസ് പൂര്‍ണമായും പഠിക്കാന്‍ സാധിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷന് വ്യക്തമാക്കി.
Post Your Comments