ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയിലെ ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ രാജ്യത്തെ മുഴുവന്‍ സമരമുഖത്ത് നിര്‍ത്തിയ സംഭവമായിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിനതിരെ ഉയര്‍ന്ന ഏറ്റവും വലിയ പോര്‍മുഖങ്ങളിലൊന്ന്. എന്നാല്‍, രോഹിത് വെമുലയുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍, മറ്റേതൊരു ആത്മഹത്യയും പോലെ സാധാരണ സംഭവമാണ് ഇതെന്ന് വ്യക്തമാക്കുന്നു.ജുഡീഷ്യല്‍ കമ്മീഷന്റെ സുപ്രധാന കണ്ടെത്തലുകള്‍ ഇവയാണ്.
വ്യക്തിപരമായ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് പിന്നില്‍. കേന്ദ്രമന്ത്രിമാരായ ബന്ദാരു ദത്താത്രേയയും സ്മൃതി ഇറാനിയും സര്‍വകലാശാല അധികൃതരും നിര്‍വഹിച്ചത് അവരുടെ ജോലികള്‍ മാത്രം.
വെമുലയുടെ ആത്മഹത്യ സ്വന്തം പ്രശ്നങ്ങളുടെ പേരിലായിരുന്നുവെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സര്‍വകലാശാല അധികൃതരോ സര്‍ക്കാരോ അതിന് ഉത്തരവാദിയല്ല. അതേക്കുറിച്ച് വ്യക്തമായറിയുന്നത് വെമുലയ്ക്ക് മാത്രമാണ്. ലോകത്തുനടക്കുന്ന പല കാര്യങ്ങളിലും വെമുല അസ്വസ്ഥനായിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ സര്‍വകലാശാലയ്ക്കെതിരെ പരാമര്‍ശങ്ങളൊന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. വെമുലയ്ക്കൊപ്പം സമരമുഖത്തുണ്ടായിരുന്ന അഞ്ചുപേരെയും കമ്മീഷന് കണ്ടിരുന്നു.
വെമുല ദളിത് ആയിരുന്നില്ല എന്നത് റിപ്പോര്‍ട്ടില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. വെമുലയുടെ അമ്മ വി.രാധിക സര്‍ട്ടിഫിക്കറ്റ് വ്യാജമായി സംഘടിപ്പിച്ചതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ പട്ടികജാതിയായ മാല വിഭാഗത്തില്‍പ്പെടുന്നതാണെന്ന് വിശ്വസിക്കാനാവില്ലെന്നാണ് ജുഡീഷ്യല്‍ കമ്മീഷന്റെ നിഗമനം. 2014ല്‍ ഇളയ മകന് രാജ ചൈതന്യ കുമാറിന്റെ ജനന സര്‍ട്ടിഫിക്കറ്റിനായി നല്കിയ അപേക്ഷയില്‍ വെദ്ദേര എന്നാണ് ജാതി രേഖപ്പെടുത്തിയിരിക്കുന്നതെന്നും കമ്മീഷന് കണ്ടെത്തി.
സര്‍വകലാശാലയില്‍നിന്ന് നിന്ന് നേരിട്ട വിവേചനമാണ് വെമുലയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണവും ജുഡീഷ്യല്‍ കമ്മീഷന് നിരാകരിക്കുന്നു. വെമുലയെയും സംഘത്തെയും ഹോസ്റ്റലില്‍നിന്ന് പുറത്താക്കിയത് യാതൊരു രാഷ്ട്രീയ സമ്മര്‍ദത്തെയും തുടര്‍ന്നല്ല. സര്‍വകലാശാല നിയോഗിച്ച ഒമ്പതംഗ സമിതി നല്കിയ റിപ്പോര്‍ട്ടനുസരിച്ചാണ് അതെന്നും കമ്മീഷന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ബിജെപി എംഎല്‍സി രാമചന്ദ്ര റാവുവും കേന്ദ്ര മന്ത്രിമാരായ ബന്ദാരു ദത്താത്രേയയും സ്മൃതി ഇറാനിയും പ്രശ്നത്തില്‍ ഇടപെട്ടത് പൊതുപ്രവര്‍ത്തകരെന്ന നിലയ്്ക്ക് അവരുടെ ജോലിയുടെ ഭാഗമായാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വകലാശാലയിലെ കുഴപ്പങ്ങളെക്കുറിച്ച് അധികൃതരോട് സംസാരിക്കുകയാണ് രാമചന്ദ്ര റാവു ചെയ്തത്. ദത്താത്രേയ ഇതുസംബന്ധിച്ച് സ്മൃതി ഇറാനിക്ക് കത്തെഴുതി. ആ കത്ത് യൂണിവേഴ്സിറ്റി അധികൃതര്‍ക്ക് നല്‍കുകയാണ് എച്ച്ആര്‍ഡി മന്ത്രി എന്ന നിലയില്‍ സ്മൃതി
ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം മകന് ദളിതനാണെന്ന് തഹസില്‍ദാറും കളക്ടറും ദേശീയ പട്ടികജാതി കമ്മീഷനും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ട് മൂന്നുമാസമായി എന്ന് വെമുലയുടെ മാതാവ് രാധിക പറഞ്ഞു.
ഗുണ്ടുരിന് പുറത്താണ് ഇപ്പോള്‍ താമസം. നേരത്തെ താമസിച്ചിരുന്നിടങ്ങളില്‍ വാടകയ്ക്ക് വീട് ലഭിക്കാത്ത അവസ്ഥയാണ്. രോഹിത് നന്നായി പഠിച്ചിരുന്നു. ഏറെ സ്വപ്നങ്ങളുണ്ടായിരുന്നു. എന്നാല്‍, അവനെ തീവ്രവാദിയായി മുദ്രകുത്തി ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും ഇവര്‍ ആരോപിച്ചു
Post Your Comments