തിരുവനന്തപുരം: കണ്ണൂര്‍ കനകമലയില്‍ കഴിഞ്ഞ ദിവസം പിടിയിലായവരെ കുറിച്ച് എന്‍.ഐ.എയുടെ വെളിപ്പെടുത്തലുകള്‍ കേരളത്തെ ആശങ്കയിലാഴ്ത്തുകയാണ്. ഇപ്പോള്‍ നിഷ്ക്രിയമായ ഇന്ത്യന്‍ മുജാഹിദീന്‍ എന്ന ഭീകരസംഘടനയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരാണ് കഴിഞ്ഞദിവസം പിടിയിലായ ഐ.എസ്. സംഘമെന്ന് എന്‍.ഐ.എ. കണ്ടെത്തിയിരിയ്ക്കുന്നത്. മുമ്പ് ഒട്ടേറെ രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള ഇന്ത്യന്‍ മുജാഹിദീന്‍ കാലഹരണപ്പെട്ടെങ്കിലും അതില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ വീണ്ടും സംഘംചേരുകയായിരുന്നു.
2013ല്‍ ഇവര്‍ അന്‍സാറുള്‍ തൗഹാദ് എന്ന സംഘടന രൂപവത്കരിച്ചു. അന്‍സാറുള്‍ ഖിലാഫ കേരള എന്നപേരില്‍ ഇപ്പോള്‍ അറിയപ്പെടുന്നവര്‍ അന്‍സാറുള്‍ തൗഹാദിന്റെ പ്രവര്‍ത്തകരാണെന്ന് കേന്ദ്ര രഹസ്യാന്വേഷണവിഭാഗം കണ്ടെത്തി.
ഐ.എസില്‍ ആകൃഷ്ടരായ മലയാളി യുവാക്കളുടെ ഫെയ്സ്ബുക് കൂട്ടായ്മ നിലവില്‍വന്നിട്ട് പത്തുമാസത്തിലധികമായതായാണ് റിപ്പോര്‍ട്ട്. അന്‍സാറുള്‍ ഖിലാഫ കേരള എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട ഈ ഫെയ്സ്ബുക് കൂട്ടായ്മ സംബന്ധിച്ച് കേരളാ പോലീസിന് വിവരം ലഭിച്ചിട്ടും അന്ന് കാര്യമായ അന്വേഷണംനടന്നില്ല. ഇത് സംസ്ഥാനത്ത് ഐ.എസിന് വേരുപിടിക്കുന്നതിന് തുണയായി.
ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്റിനെ വധിക്കാനുള്ള ആഹ്വാനത്തോടെയായിരുന്നു അന്‍സാറുള്‍ ഖിലാഫയുടെ തുടക്കം. നോമ്പിനെതിരായ തസ്ലിമ നസ്റിന്റെ പരാമര്‍ശം ഉദ്ധരിച്ചായിരുന്നു പോസ്റ്റ്. പോസ്റ്റുകളേറെയും മലയാളത്തിലായിരുന്നു. നസ്റിനെ കണ്ടുകിട്ടിയാല്‍ കൊന്നുകളയണം എന്നായിരുന്നു ആഹ്വാനം. ഇസ്ലാം മതവിശ്വാസികള്ക്കുനേരെയുള്ള അതിക്രമത്തിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയും പോസ്റ്റുകളിട്ടിരുന്നു. സിറിയയില്‍ ഐ.എസ്. ഭീകരര്‍ ബന്ദികളുടെ തലയറുക്കുന്ന ഫോട്ടോകളും പേജിലുണ്ടായിരുന്നു. അവിശ്വാസികളുടെ നാടായ ഇന്ത്യയില്‍നിന്ന് എത്രയുംവേഗം രക്ഷപ്പെടുകയെന്നതായിരുന്നു മറ്റൊരാഹ്വാനം. ഐ.എസിന്റെ മലയാളത്തിലുള്ള ബ്ലോഗും മാസങ്ങളോളം സജീവമായിരുന്നു.എന്നാല്‍ ഇത് സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയതോടെ ബ്ലോഗും ഫെയ്സ്ബുക്ക് പേജും അപ്രത്യക്ഷമായി. ഇസ്ലാമിലെ ഹിജ്റയുമായി ബന്ധമുള്ള മുഹാജിരന് എന്ന അറബി പേരിലായിരുന്നു ബ്ലോഗ്. ജിഹാദിന്റെയും മത നിയമങ്ങളുടെയും ശരിയായ അര്‍ഥതലങ്ങള്‍ വിശദമാക്കുക എന്ന ആമുഖത്തോടെയാണ് ബ്ലോഗ് ആരംഭിക്കുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ഐ.എസ്. അനുഭാവികളുടെ ആശയ പ്രചാരണം സംസ്ഥാന സര്‍ക്കാര്‍ കാര്യമായെടുത്തിരുന്നില്ല.
സോഷ്യല്‍ മീഡിയയിലൂടെയാണ് ഐ.എസ്. പ്രധാനമായും പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യുന്നതെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.
Post Your Comments