മുതിര്‍ന്ന മാര്‍ക്സിസ്റ്റു നേതാവും മാപ്പിളപാട്ടുകാരനുമായ ടി.കെ.ഹംസയ്ക്ക് ഉപദേശവുമായി അഡ്വക്കേറ്റ് ജയശങ്കര്‍. താന്‍ ഇസ്ലാമിക്ക് സ്റ്റേറ്റിനെയോ ഭീകരപ്രവര്ത്തനത്തെയോ പിന്തുണച്ചിട്ടില്ലെന്ന് ഹംസ പറഞ്ഞ നിലപാടിനെക്കുറിച്ചാണ് ജയശങ്കര്‍ വ്യക്തമാക്കുന്നത്. തന്റെ ഫേയ്സ്ബുക്ക് പേജിലൂടെയാണ് ടി.കെ ഹംസയ്ക്ക് ഉപദേശവുമായി ജയശങ്കര്‍ എത്തിയത്. ഫേയ്സ്ബുക്ക് പോസ്റ്റ് വായിക്കാം…
താന്‍ ഇസ്ലാമിക്ക് സ്റ്റേറ്റിനെയോ ഭീകരപ്രവര്ത്തനത്തെയോ പിന്തുണച്ചിട്ടില്ലെന്ന് മുതിര്‍ന്ന മാര്‍ക്സിസ്റ്റു നേതാവും മാപ്പിളപാട്ടുകാരനുമായ ടി.കെ.ഹംസ. തീവ്രവാദത്തിന്റെ പേരു പറഞ്ഞു എന്‍.ഐ.എക്കാര്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ അതിക്രമിച്ചു കടന്നതിനെയും നിരപരാധികളായ ചെറുപ്പക്കാരെ പിടിച്ചു കൊണ്ടുപോകുന്നതിനെയും മാത്രമേ എതിര്‍ത്തിട്ടുള്ളു. പറയാത്ത കാര്യങ്ങള്‍ പറഞ്ഞു എന്നു പറയുന്നത്. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്ക്കുന്നു.
ഇസ്ലാമിക് സ്റ്റേറ്റ് എന്നുപറയുന്നത് ഇറാഖിലും സിറിയയിലും മാത്രം പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ്. അതില്‍ ചേരാന്‍ അവിടത്തന്നെ ധാരാളം ആളുകളുണ്ട്. ഇവിടെ കനകമലയില്‍ നിന്നും കുറ്റിയാടിയില്‍ നിന്നും ആളെ ചേര്‍ക്കേണ്ട ഗതികേട് അബൂബക്കര്‍ അല്‍ ബാഗ്ദാദിക്കില്ല എന്നും ഹംസാക്ക വ്യക്തമാക്കി. ഇനി അഥവാ ഇവിടെ നിന്നാരെങ്കിലും പോയിട്ടുണ്ടെങ്കില്‍ അത് ജോലി അന്വേഷിച്ചായിരിക്കാം എന്നും കൂട്ടിച്ചേര്‍ത്തു.
ഒരുകാലത്തു കത്തിച്ചാല്‍ കത്തുന്ന കോണ്‍ഗ്രസുകാരനും ഖദര്ധാരിയുമായിരുന്നു ടി.കെ.ഹംസ. സഖാവ് കുഞ്ഞാലിയെ കൊന്നകേസില്‍ പ്രതിഭാഗം വക്കീലുമായിരുന്നു. മലപ്പുറം ഡി.സി.സി. പ്രസിഡന്റായിരിക്കുമ്പോള്‍ ഹംസയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റു കിട്ടിയില്ല. ഉടനെ ഖദറുകുപ്പായം ഊരി. പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു.
അന്ന് അല്‍ ബാഗ്ദാദി ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരിച്ചിട്ടില്ല. അതുകൊണ്ട് ഹംസ ആദ്യം ഇടതുസ്വതന്ത്രനായി പിന്നെ സി.പി.ഐ.(മാര്‍ക്സിസ്റ്റ്) ല്‍ മെമ്പറായി. എം.എല്‍.എ.യും മന്ത്രിയും എം.പി.യുമായി. ഞാനെങ്ങനെ കമ്മ്യൂണിസ്റ്റായി എന്നൊരു പുസ്തകവുമെഴുതി കൃതാര്‍ത്ഥനായി.
കോണ്‍ഗ്രസുകാരനായ ഹംസയ്ക്ക് മാര്ക്സിസ്റ്റുകാരനാവാമെങ്കില് മാര്‍ക്സിസ്റ്റു സഖാക്കള്‍ക്ക് ഐ.എസിലും ചേരാം. (മാറാട് കൂട്ടക്കൊലകേസില്‍ ലീഗുകാരെക്കാളും എന്‍.ഡി.എഫുകാരേക്കാളും അധികം പ്രതികള്‍ സഖാക്കളായിരുന്നല്ലോ) അല്‍ ബാഗ്ദാദി പാര്‍ട്ടി ഗ്രാമക്കാര്‍ക്ക് ഇതുവരെ വിലക്കൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. പിന്നെ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ജോലിക്കു പോകുന്നത് നല്ല കാര്യമാണ്. മുന്‍ എം.പി.എന്ന അധികാരം ഉപയോഗിച്ച് ഹംസ അവരുടെ പാസ്പോര്‍ട്ട് ഒപ്പിട്ടുകൊടുക്കുകയാണെങ്കില് അതും നല്ല കാര്യമാണ്.
Post Your Comments