ടൊയോട്ട ഫോര്‍ച്യൂണറിന്‍റെ പരിഷ്കരിച്ച പതിപ്പ് ഇന്ത്യയില്‍ നവംബര്‍ 7-ന് അവതരിപ്പിക്കുമെന്ന് ടൊയോട്ട കിര്‍ലോസ്ക്കര്‍ മോട്ടോഴ്സ് അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട ടൊയോട്ടാ ഔട്ട്‌ലെറ്റുകളില്‍ 1-ലക്ഷം രൂപ ടോക്കണ്‍ ഫീസായി സ്വീകരിച്ച് പ്രീ-ബുക്കിംഗും ആരംഭിച്ചു കഴിഞ്ഞു.
ടൊയോട്ടയുടെ പുതിയ ആര്‍ക്കിടെക്ചറല്‍ പ്ലാറ്റ്ഫോമായ “ടൊയോട്ട ന്യൂ ഗ്ലോബല്‍ ആര്‍ക്കിടെക്ചര്‍ (ടിഎന്‍ജിഎ) പ്ലാറ്റ്ഫോ”മിലാണ് പരിഷ്കരിച്ച ഫോര്‍ച്യൂണര്‍ വരുന്നത്. ടൊയോട്ട ഈയിടെ അവതരിപ്പിച്ച ഇന്നോവ ക്രിസ്റ്റയും ഈ പ്ലാറ്റ്ഫോമിലാണ് ഒരുക്കിയത്. ടിഎന്‍ജിഎ പ്ലാറ്റ്ഫോം ഉപയോഗിച്ചത് വഴി കാറിന്‍റെ ഭാരം കുറയ്ക്കാനായി എന്നും, ഇതുമൂലം കാര്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയില്‍ വര്‍ദ്ധനവ് ഉണ്ടായി എന്നുമാണ് ടൊയോട്ട അവകാശപ്പെടുന്നത്.
എക്സ്-ഷോറൂം ഡല്‍ഹിയില്‍ നിന്ന്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് പുതിയ ഫോര്‍ച്യൂണറിന് 24-ലക്ഷം മുതല്‍ 30-ലക്ഷം രൂപ വരെയാണ് വില കണക്കാക്കിയിരിക്കുന്നത്.
പരിഷ്കരിച്ച ടൊയോട്ട ഫോര്‍ച്യൂണര്‍ പുതിയ രൂപകല്‍പ്പനയിലുള്ള ഹെഡ്ലാമ്പുകള്‍, ഡിആര്‍എല്‍-കള്‍ (ഡേടൈം റണ്ണിംഗ് ലാമ്പ്), എന്നിവയോട് കൂടിയാണ് അവതരിപ്പിക്കപ്പെടാന്‍ പോകുന്നത്. 19-ഇഞ്ച് അലോയ് വീലുകളും, ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്‍റ് സൗകര്യവും പുതിയ ഫോര്‍ച്യൂണറിന്‍റെ പ്രത്യേകതകളാണ്.
രണ്ട് തരത്തിലുള്ള എഞ്ചിനുകളില്‍ പുതിയ ഫോര്‍ച്യൂണര്‍ ലഭ്യമാകും. 2.4-ലിറ്റര്‍ ജിഡി, വിഎന്‍ടി ഇന്‍റര്‍കൂളര്‍ ഡീസല്‍ (മുമ്പുണ്ടായിരുന്ന അതേ എഞ്ചിന്‍), 2.8-ലിറ്റര്‍ ജിഡി ഡീസല്‍ എന്നിവയാണ് അവ. ഇന്നോവ ക്രിസ്റ്റയും 2.8-ലിറ്റര്‍ ജിഡി ഡീസല്‍ ഘടിപ്പിച്ചതാണ്. 2.4-ലിറ്റര്‍ ജിഡി, വിഎന്‍ടി ഇന്‍റര്‍കൂളര്‍ ഡീസലിന്‍റെ പീക്ക് പവര്‍ 150-ബിഎച്ച്പിയും പീക്ക് ടോര്‍ക്ക് 340 എന്‍എം-ഉം ആണ്. 2.8-ലിറ്റര്‍ ജിഡി ഡീസലിന് കമ്പനി അവകാശപ്പെടുന്നത് 172-ബിഎച്ച്പി പീക്ക് പവറും, 373 എന്‍എം പീക്ക് ടോര്‍ക്കുമാണ്. രണ്ട് എഞ്ചിനുകളും 6-സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചായിരിക്കും എത്തുക.
4×4 വേരിയേഷനും പുതിയ ഫോര്‍ച്യൂണറിനായി ടൊയോട്ട ഒരുക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഭാവിയില്‍ ഒരു പെട്രോള്‍ വേരിയന്‍റും പരിഗണനയിലുണ്ട്. ഹ്യുണ്ടായ് സാന്‍റാഫേ, മിറ്റ്സുബിഷി പജേറോ സ്പോര്‍ട്ട്, ഷെവര്‍ലെ ട്രയല്‍ബ്ലേസര്‍, ഫോര്‍ഡ് എന്‍ഡവര്‍ എന്നീ മോഡലുകളാകും പുതിയ ഫോര്‍ച്യൂണറിന്‍റെ ഇന്ത്യയിലെ എതിരാളികള്‍.
Post Your Comments