ജലന്ധര്‍● കുടിവെള്ളം തേടി നടക്കുന്നതിടെ അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ പാക് ബാലനെ പാകിസ്ഥാന് കൈമാറി ഇന്ത്യന്‍ സൈന്യം മാതൃകയായി. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയില്‍ കുടിക്കാന്‍ വെള്ളം തേടിയെത്തിയ ബാലനെയാണ് മതിയാവോളം വെള്ളം നല്കി ഒരു പോറല്‍ പോലും പറ്റാതെ തിരികെ അയച്ചത്.
മുഹമ്മദ് തൻവീർ എന്ന പന്ത്രണ്ടുകാരനാണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ട് പഞ്ചാബ് അതിർത്തിയിലെ ഡോണ ടെലു മാളിൽനിന്നാണ് കുട്ടി പിടിയിലാകുന്നത്. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള സ്ഥലത്തെ കുഴൽക്കിണറിൽനിന്നു കുടിവെള്ളം ശേഖരിക്കുന്നതിനായാണ് കുട്ടി പാക്കിസ്ഥാനിൽനിന്ന് അതിർത്തി കടന്ന് ഇന്ത്യയിലെത്തിയത്. കുട്ടിയ്ക്ക് കുഴല്‍ക്കിണര്‍ ഇന്ത്യയിലാണെന്ന് അറിവില്ലായിരുന്നു.
പിടിയിലാകുമ്പോള്‍ ദാഹത്താല്‍ തന്‍വീന്‍ അവശനിലയിലായിരുന്നു. സൈനികര്‍ കരുതിയിരുന്ന വെള്ളം മതിയാവോളം നല്കി. രാത്രി സൈന്യത്തിന്റെ ക്യാമ്പിൽ പാർപ്പിച്ചശേഷം പാക്കിസ്ഥാന്റെ അതിര്‍ത്തി രക്ഷാ സേനയായ പാക് റേഞ്ചേഴ്സിനെ വിവരമറിയിച്ച ശേഷം തിങ്കളാഴ്ച രാവിലെ കുട്ടിയെ കശൂര്‍ ജില്ലയിലെ ദാരി ഗ്രാമത്തിലേക്ക് തിരികെ അയച്ചതായും ബി.എസ്.എഫ് അറിയിച്ചു.
അതേസമയം, അബന്ധത്തില്‍ അതിര്‍ത്തി കടന്ന ഇന്ത്യന്‍ സൈനികന് ചന്തു ബാദുല്‍ ചവാനെ മോചിപ്പിക്കാന്‍ പാകിസ്ഥാന് ഇതുവരെ തയ്യാറായിട്ടില്ല. സൈനികനെ തിരികെയെത്തിക്കാന്‍ ശ്രമം നടക്കുകയാണെന്നു പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്തമാക്കി. ചവാനെ യുദ്ധക്കുറ്റവാളിയായി തടവില്‍ പാര്‍പ്പിക്കാന്‍ പാകിസ്ഥാന് ആലോചിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
Post Your Comments