ന്യൂഡല്‍ഹി : അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ ഓപ്പറേഷന് പിന്തുണയുമായി കോണ്‍ഗ്രസും. ഇന്ത്യ മിന്നലാക്രമണം നടത്തിയിട്ടില്ലെന്ന പാകിസ്ഥാന്റെ അവകാശവാദം പൊള്ളയാണെന്ന് തുറന്നു കാണിയ്ക്കാനാണ് സര്‍ജിക്കല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിന്റെ തെളിവുകള്‍ പുറത്തുവിടണമെന്നാവശ്വുമായി കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മയാണ് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചത്. ഇത്തരമൊരു ഓപ്പറേഷന്‍ നടന്നിട്ടില്ലെന്ന് പാകിസ്ഥാന്‍ പറയുന്നത് അവിടത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും ആനന്ദ് ശര്‍മ അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ മിന്നലാക്രമണത്തെ പാടെ തളളുന്ന പാകിസ്ഥാന് മറുപടി നല്‍കാനായി വീഡിയോ പുറത്തുവിടണം. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണയുണ്ടാവുമെന്നും ആനന്ദ് ശര്‍മ വ്യക്തമാക്കി. 2008, 2009, 2011, 2013 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ സൈന്യം സമാനമായ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ആനന്ദ് ശര്‍മ വ്യക്തമാക്കി.
അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ അറ്റാക്ക് നടത്തിയിട്ടില്ലെന്നാണ് പാക് സൈന്യം പ്രചരിപ്പിക്കുന്നത്. ഉറി ആക്രമണത്തിന് സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ ഇന്ത്യന്‍ സേന തിരിച്ചടി നല്‍കിയിരുന്നു. എന്നാല്‍ അത്തരത്തില്‍ ഒരു ആക്രമണം നടന്നിട്ടില്ലെന്നും വെടിവെപ്പ് മാത്രമേ നടന്നിട്ടുള്ളൂ എന്നുമാണ് പാക് വാദം.
ആക്രമണത്തിന്റെ വീഡിയോ ഡ്രോണ്‍ ഉപയോഗിച്ച് ഷൂട്ട് ചെയ്തതാണെന്നും, വീഡിയോ എപ്പോള്‍ പുറത്തുവിടണമെന്നുള്ള കാര്യം സര്‍ക്കാര്‍ തീരുമാനിക്കുമെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു.
Post Your Comments