KeralaNewsEast Coast Special

സര്‍ജിക്കല്‍ ടോക്ക് ഷോ, സത്യത്തില്‍ ആരാണ് മണ്ടന്മാര്‍ സന്തോഷ്‌മാരോ, അതോ ശ്രീകണ്ടന്മാരോ?

ഈയടുത്ത ദിവസങ്ങളില്‍ നവമാധ്യമങ്ങള്‍ ഏറ്റവുമധികം ചര്‍ച്ചചെയ്തത് സന്തോഷ്‌ പണ്ഡിറ്റ് ഫ്ലവേഴ്സ് ചാനലിന്റെ ടോക്ക്ഷോയില്‍ പങ്കെടുത്തു അപമാനിക്കപ്പെട്ട വിഷയമായിരുന്നു. പാകിസ്ഥാന് കിട്ടിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെവെല്ലുന്ന തരത്തില്‍ ശ്രീകണ്ഠന്‍ നായര്‍ക്കും മിമിക്രിതാരങ്ങള്‍ക്കും കടുത്തഭാഷയില്‍ പൊങ്കാലയര്‍പ്പിക്കാന്‍ സൈബര്‍പോരാളികളും അവരുടെ പ്രധാന ആയുധമായ ട്രോള്‍ മിസൈലുകളും എത്തിയതോടെ ആ സംവാദത്തിനൊരു പുതിയ മാനം കൈവന്നുകഴിഞ്ഞിരിക്കുന്നു. കോമഡി താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഓണക്കാലത്ത് സംപ്രേഷണം ചെയ്ത ശ്രീകണ്ഠന്‍ നായര്‍ ഷോയുടെ ഉദ്ദേശ്യം തന്നെ കൗണ്ടറുകളും മറു കൗണ്ടറുകളും കൊണ്ട് പ്രേക്ഷകരെ പരമാവധി ആനന്ദിപ്പിക്കുക എന്നതായിരുന്നെങ്കിലും അത് അക്ഷരാര്‍ഥത്തില്‍ കൈവിട്ടൊരു കളിയായി തീരുകയായിരുന്നു. നേരത്തെ തിരക്കഥയെഴുതി തയ്യാറാക്കിയ ഒരു നാടകത്തിന്റെ പരിസമാപ്തി വെറുമൊരു മൂന്നാംകിട തെരുവ്നാടകത്തിന്റെ നിലയില്‍ എത്തിച്ചതിനു ഉത്തരവാദി എന്തായാലും സന്തോഷ്‌ പണ്ഡിറ്റ് അല്ല തന്നെ. അത്രമേല്‍ അപഹാസ്യപ്പെടെണ്ട ഒരു വ്യക്തിത്വമാണോ ശ്രീ സന്തോഷ്‌ പണ്ഡിറ്റ് ?? നമ്മള്‍ വീര്‍പ്പിച്ചുവലുതാക്കിയ താരരാജാക്കന്മാരെ പോലെ തന്നെ മജ്ജയും മാംസവും വികാരവിചാരങ്ങളും ഉള്ള ഒരു മനുഷ്യന്‍ തന്നെയല്ലേ ഇദ്ദേഹവും…???

നിലനില്‍പ്പ് എന്നത് എല്ലാതരം പത്ര-ദൃശ്യമാധ്യമങ്ങളുടെയും പ്രശ്നമാണ്.വര്‍ത്തമാന കാലത്തിന്റെ നെറികേടുകള്‍ക്കു പലപ്പോഴും ചൂട്ടുകത്തിച്ചുകൊടുക്കുകയെന്നതു മാത്രമായി മാധ്യമധര്‍മ്മം മാറിയിട്ട് കാലമേറെയായി. ചാനലുകള്‍ കച്ചവടത്തിന്റെ ബിംബങ്ങളായി മാറിയ യാഥാര്‍ഥ്യത്തിനു മുന്നില്‍ നിന്നാണ് അവയുടെ അപഥസഞ്ചാരം ആരംഭിക്കുന്നത്. ബാലാരിഷ്ടതകളുടെ ചൊറിയും ചിരങ്ങും പിടിച്ചു ഉഴറിയിരുന്ന ചാനലുകള്‍ മലയാളി വീട്ടമ്മമാരുടെ കണ്ണുനീരില്‍ നിന്നും ആദ്യത്തെ സാമ്പത്തിക അടിത്തറ പടുത്തുയര്‍ത്തി. സന്ധ്യാസമയത്ത് പെണ്‍മിഴികളില്‍ നിന്നും തോരാതെ പെയ്ത മഴയില്‍ മനസ്സ് നിറഞ്ഞുകുളിര്‍ത്തു നിന്നത് ചാനല്‍ മുതലാളിമാരുടെതായിരുന്നു. സീരിയലുകളുടെ പ്രളയത്തിനു ശേഷം എന്തെന്ന ചോദ്യത്തിന് ഉത്തരവുമായി രഞ്ജിനി ഹരിദാസും റിയാലിറ്റി ഷോകളുമെത്തി. സംവാദങ്ങളിലും വാര്‍ത്താവതരണങ്ങളിലും ടോക്ക്ഷോകളിലുമൊക്കെ കോട്ടും സൂട്ടുമിട്ട അവതാരങ്ങള്‍ അവതരിക്കാന്‍ തുടങ്ങിയതോടെ നേരത്തെ അല്പമെങ്കിലും ഉണ്ടായിരുന്ന മാധ്യമധര്‍മ്മം തീരെ ഇല്ലാതെയായി. അതിഥികളെ വിളിച്ചുവരുത്തി അപമാനിക്കുന്നത് മിക്ക ചാനലുകളുടെയും ഇഷ്ടവിനോദമായി മാറാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി..

വാക്ചാതുരി കൊണ്ടും അംഗവിക്ഷേപങ്ങള്‍ക്കൊണ്ടും പാവം മലയാളിയുടെ വൈകുന്നേരങ്ങള്‍ അപഹരിക്കുന്ന ഈ ‘അവതാരങ്ങള്‍’ മലയാളിയുടെ പല നല്ല വഴക്കങ്ങള്‍ക്കും നേരെ കൊഞ്ഞനം കുത്തിക്കൊണ്ട് അടുത്ത ആഴ്ച ഇതേ ദിവസം ഇതേ സമയം വീണ്ടും കാണാമെന്ന് ഗുഡ്‌ബൈ പറഞ്ഞു പിരിയാന്‍ തുടങ്ങിയപ്പോള്‍ അവിടെ തുടങ്ങി പുതിയൊരു മാധ്യമസംസ്കാരം. ഈ സംസ്കാരവും വളരാന്‍ അനുവദിച്ചത് എന്നത്തേയും പോലെ പാവം പൊതുജനവും. അങ്ങനെ നമ്മള്‍ മലയാളികള്‍ പിന്തുണയും സ്നേഹവും കൊടുത്തു മിനുക്കിയെടുത്ത അവതാരങ്ങളായിരുന്നു ശ്രീ ശ്രീകണ്ഠന്‍ നായരും വേണുവും വിനുവും സിന്ധുവും രഞ്ജിനിയുമൊക്കെ. ഇവര്‍ക്കൊപ്പം നമ്മള്‍ കടലയെറിഞ്ഞുകൊടുത്തു പോറ്റിയ കുറെ കോമഡിതാരങ്ങളുമുണ്ട്. ചളി കൌണ്ടറും ചച്ചളി മറുകൗണ്ടറുകളുമായി സ്റ്റേജ് ഷോകളിലും അമ്പലപറമ്പുകളിലും അമ്പതുരൂപയ്ക്ക് പരിപാടി നടത്തി കുടുംബംപുലര്‍ത്തിയിരുന്ന പലരും ചാനലുകളിലെ വെള്ളിവെളിച്ചത്തില്‍ കയറിയപ്പോള്‍ മതി മറന്നു. ശ്രീകണ്ഠന്‍ നായര്‍ ഷോയില്‍ അന്ന് പങ്കെടുത്ത പലരും പ്രേക്ഷകര്‍ വളര്‍ത്തിയത്‌കൊണ്ട് മാത്രം രക്ഷപ്പെട്ടുപോയ ചിലരായിരുന്നു. എന്നിട്ടുപോലും അവരില്‍ പലരുടെയും പേര് അവതാരകന്‍ പറയുമ്പോള്‍ മാത്രമാണ് പ്രേക്ഷകര്‍ അറിയുന്നത്. അവിടെയാണ് സന്തോഷ്‌ എന്ന മനുഷ്യസ്നേഹിയും ശുദ്ധനായ മനുഷ്യനും വ്യത്യസ്തനാവുന്നത്. ശ്രദ്ധേയത തന്നെയാണ് ഒരാളുടെ വ്യക്തിത്വത്തിനുള്ള
മാനദണ്ഡം. പോപ്പുലാരിറ്റി എന്നത് ഒരു വ്യക്തിക്ക് ശ്രദ്ധേയത നൽകുന്ന ഒരു ഘടകമാണ്. ഇവ രണ്ടും സന്തോഷ് പണ്ഡിറ്റിനും കൃഷ്ണനും രാധയും എന്ന സിനിമയ്ക്കും ഉണ്ടെന്നാണ് എന്റെ വിശ്വാസം. സന്തോഷ് പണ്ഡിറ്റുമായി താരതമ്യം ചെയ്യാവുന്ന ഒരു ഉത്തമ ഉദാഹരണം റെബേക്കാ ബ്ലാക്ക് ആണ്. അവരുടെ പാട്ട് അവരെ ലോകമെമ്പാടും ശ്രദ്ധേയയാക്കി. സന്തോഷ് പണ്ഡിറ്റ് അയാളുടെ സിനിമയിലൂടെ കേരളത്തിലും മലയാളികളുടെയിടയിലും ശ്രദ്ധേയനായി

അഞ്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് കൃഷ്ണനും രാധയുമെന്ന ചിത്രവുമായി സന്തോഷ്‌ മലയാളസിനിമാചരിത്രത്തില്‍ പുതിയൊരു ഏടിനു നാന്ദികുറിച്ചു. സ്വന്തം വീട് വിറ്റ അഞ്ചുലക്ഷം രൂപ കൊണ്ട് ക്യാമറ ഒഴികെ മറ്റെല്ലാം സ്വന്തമായി ചെയ്തുകൊണ്ട് മലയാളസിനിമാതറവാട്ടില്‍ കയറിയ ഈ ചെറുപ്പക്കാരന്‍ കാരണവന്മാരുടെ അപ്രീതിക്ക് പാത്രമായത് അതുവരെ ഉണ്ടായിരുന്ന സാമ്പ്രദായിക സിനിമാകെട്ടുകാഴ്ചകളെ വെല്ലുവിളിച്ചത് കൊണ്ടായിരുന്നിരിക്കാം. സന്തോഷ്‌ ഒരിക്കലും സിനിമയെടുത്ത് ഒരു നിര്‍മ്മാതാവിനേയും കടക്കാരനാക്കിയില്ല. തൊട്ടാല്‍ പൊട്ടുന്ന കള്ളപരസ്യങ്ങള്‍ കൊണ്ടോ പ്രോമോ കൊണ്ടോ പ്രേക്ഷകരെ പറ്റിച്ചില്ല. തന്റെ സിനിമ മഹത്തരമെന്നോ എല്ലാവരും കാണണമെന്നോ വിളിച്ചുപറഞ്ഞില്ല. അപഹാസ്യത്തെ ചിരി കൊണ്ടും കൌണ്ടര്‍ കൊണ്ടും നേരിട്ട് നമുക്കൊപ്പം നിന്നു. വെറുപ്പിന്റെ ഒടുവില്‍ സ്നേഹം ഉണ്ടെന്നു ഈ ചെറുപ്പക്കാരന്‍ നേരത്തെ മനസിലാക്കിയിരിക്കണം. അല്ലെങ്കില്‍ ഒരുകാലത്ത് അപഹസിക്കാന്‍ മുന്നില്‍ നിന്ന പ്രേക്ഷകര്‍ തന്നെ ഇന്ന് അദ്ദേഹത്തിന് വേണ്ടി പ്രതിരോധം തീര്‍ക്കാന്‍ മുന്നില്‍ നില്‍ക്കില്ലല്ലോ. പ്രേക്ഷകര്‍ അദ്ദേഹത്തെ സ്നേഹിക്കുന്നത് അദ്ദേഹത്തിന്റെ സിനിമ കണ്ടത് കൊണ്ടല്ല, മറിച്ച് സഹജീവിസ്നേഹമെന്ന നന്മ അവരില്‍ അവശേഷിക്കുന്നത് കൊണ്ടാണ്..

‘സന്തോഷ്‌ പണ്ഡിറ്റ്‌ ചര്‍ച്ചകള്‍’ അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറവും ഉയര്‍ന്ന ടീ ആര്‍ പി റേറ്റിംഗ് സൃഷ്ടിക്കുന്നുണ്ടങ്കില്‍ അതിന്റെ അര്‍ഥം ഇന്നും മലയാളദൃശ്യമാധ്യമ രംഗത്തിന് “സന്തോഷ്‌ പണ്ഡിറ്റ്‌ അവിഭാജ്യഘടകമായി തന്നെ നിലനില്‍ക്കുന്നുവെന്നാണ്. അതായത് പ്രേക്ഷകന് ഏതു ആഘോഷത്തിനും സന്തോഷിനെ കൂടെ വേണം. അത് അദ്ദേഹത്തിന്റെ മഹത് വചനം കേള്‍ക്കാന്‍ വേണ്ടിയല്ല. മറിച്ച് നിര്‍ഗുണമായ അദേഹത്തിന്റെ പൊട്ടത്തരങ്ങളെ അല്ലെങ്കില്‍ ചേഷ്ടകളെ നമ്മള്‍ ഇഷ്ടപ്പെടുന്നത് കൊണ്ട് തന്നെയാണ്. മുഖ്യധാരാസിനിമാസംവിധായകര്‍ അന്യഭാഷാചിത്രങ്ങള്‍ മോഷ്ടിക്കുന്നു. ആ മോഷണം ഉദരപൂരണത്തിനു ഉപയോഗിക്കുന്നു. എന്നാല്‍ ഈ മനുഷ്യന്‍ സ്വന്തമായി സിനിമ ഉണ്ടാക്കി, ആരെയും പറ്റിക്കാതെ, തന്റെ നെഗറ്റീവ് പോപ്പുലാരിറ്റി കൊണ്ട് പോലും ലാഭമുണ്ടാക്കുന്നു. ഏതൊരു വിനോദ ചാനലിന്റെയും ഫ്‌ളാഗ് ഷിപ്പ് പ്രോഗ്രാമുകളെടുത്താല്‍ പ്രധാനപ്പെട്ട ഒരു എപ്പിസോഡില്‍ അതിഥിയായി എത്തിയിരിക്കുന്നത് സന്തോഷ് പണ്ഡിറ്റാണെന്ന് മനസ്സിലാകും. കൃഷ്ണനും രാധയും തീയറ്ററിലെത്തിച്ച് ഭേദപ്പെട്ട ലാഭം നേടിയ സന്തോഷ്‌ പണ്ഡിറ്റ്‌ പിന്നീടങ്ങോട്ട് തന്റെ പോപ്പുലാരിറ്റി സ്ഥായിയായി നിലനിര്‍ത്താന്‍ ശ്രദ്ധാലുവായിരുന്നു. കൃത്യമായ ഇടവേളകളില്‍ യൂട്യൂബ് വീഡിയോസ് അപ്പ്‌ലോഡ് ചെയ്തുപോരുക വഴി നവമാധ്യമങ്ങളെ പരമാവധി ഉപയോഗപ്പെടുത്താന്‍ അദ്ദേഹത്തിനായി..

ആദ്യമാദ്യം പണ്ഡിറ്റിനെ വിചാരണ ചെയ്യാനുണ്ടായിരുന്നത്, നിലവാരം നോക്കിയാൽ കൃഷ്ണനും രാധക്കുമൊപ്പമോ താഴെയോ അല്ലെങ്കിൽ അല്പം മുകളിലോ ഒക്കെ നിൽക്കുന്ന സിനിമകൾ സംവിധാനം ചെയ്തവരായിരുന്നു. പിന്നീടാണ് കോമഡി പരിപാടികളിലെ കൊമേഡിയന്മാരെ ഉൾപ്പെടുത്തിയുള്ള പണ്ഡിറ്റ് ആക്രമണം ആരംഭിച്ചത്‌. ആരോപണങ്ങളോട് വൈകാരികമായി പ്രതികരിക്കാറുള്ള സന്തോഷ് പണ്ഡിറ്റിനെ കൂടുതൽ വിറളിപിടിപ്പിക്കുക എന്നതായിരുന്നു കൊമേഡിയന്മാരെ ഉപയോഗിച്ചതിനുപിന്നിലെ ലക്ഷ്യമെന്നത് ഫ്ലവേഴ്സ് ഷോയിലെ ആപരിപാടിയില്‍ വളരെ വ്യക്തമാണ്. ചര്‍ച്ചയുടെ സ്വഭാവവും, വിഷയവും ചിരി മാത്രമായിരുന്നുവെങ്കിലും വിചാരണക്കാരുടെ ഉന്നം ഈ മനുഷ്യനെ പരമാവധി തേജോവധം ചെയ്യുക എന്നത് മാത്രമായിരുന്നു. അടിമുടി ആക്ഷേപം നിറഞ്ഞ ചോദ്യങ്ങളിലൂടെ ഇതിനു നേതൃത്വം കൊടുത്തതോ ദൃശ്യമാധ്യമ രംഗത്ത് വര്‍ഷങ്ങളുടെ അനുഭവപരിചയമുള്ള ശ്രീകണ്ഠന്‍ നായരെ പോലുള്ളവരാണ് എന്നതാണ് ദുഖകരമായ വസ്തുത. സംവാദത്തിനു മിനിമം മാന്യതപോലും പാലിക്കാത്ത പെരുമാറ്റം തലമുതിര്‍ന്ന ദൃശ്യമാധ്യമപ്രവര്‍ത്തകരില്‍നിന്നും ഉണ്ടാവുമ്പോള്‍ അരാഷ്ട്രീയതയും അശ്ലീലവും, സ്ത്രീവിരുദ്ധതയുമൊക്കെ കൂട്ടിക്കുഴച്ച കാട്ടിക്കൂട്ടലുകളിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ശ്രമിക്കുന്ന ഇന്നത്തെ കൊമേഡിയന്‍മാരില്‍ ഒരു വിഭാഗത്തില്‍നിന്നും മാന്യത പ്രതീക്ഷിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല തന്നെ. ഈ മിമിക്രിക്കാരെ നമ്മള്‍ സ്നേഹിക്കുന്നതും ശ്രദ്ധിക്കുന്നതും അവരുടെ വളിപ്പുകള്‍ കണ്ടിട്ടല്ല, മറിച്ച് ആ കലാരംഗം വഴി സിനിമാരംഗത്തെത്തി പ്രേക്ഷകമനസ്സില്‍ ഇരിപ്പിടം നേടിയ ജയറാം, കലാഭവന്‍ മണി, ദിലീപ്, സുരാജ്. എന്‍ എഫ് വര്‍ഗ്ഗീസ്‌, സൈനുദ്ദീന്‍ തുടങ്ങിയ നല്ല കലാകാരന്മാരെ സ്നേഹിച്ചുപോയതുകൊണ്ട് മാത്രമാണ്.

ഹോളിവുഡിൽ ഏറ്റവും മോശം സിനിമകളെടുത്ത സംവിധായകൻ എന്നു വിശേഷിപ്പിക്കപ്പെടുന്നത് എഡ് വുഡ് എന്ന സംവിധായകനാണ്. അദ്ദേഹത്തിന്റെ സിനിമകളിൽ നിന്നുള്ള രംഗങ്ങൾ കാണുമ്പോൾ, അവയെക്കുറിച്ച് ആളുകൾ എഴുതിയതൊക്കെ വായിക്കുമ്പോൾ സന്തോഷ് പണ്ഡിറ്റിന്റെ സിനിമയോട് ഏറെ സാമ്യം തോന്നും.. അയാളുടെ സിനിമകൾ മോശമായിരുന്നു എന്നു കരുതി അയാളുടെ പ്രസക്തി ഇല്ലാതാകുന്നില്ല. അതുകൊണ്ടാണ് ടിം ബർട്ടൻ എന്ന പ്രശസ്ത ഹോളിവുഡ് സംവിധായകൻ എഡ് വുഡിന്റെ ജീവിതം സിനിമയാക്കിയത്. അതേപോലെ, മലയാളസിനിമയുടെ ചരിത്രത്തിൽ സന്തോഷ് പണ്ഡിറ്റിനും പ്രസക്തിയുണ്ട്….വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം അതുല്യമായ സ്നേഹം ഉണ്ടാകുന്നു. ഇവിടെയും അത് തന്നെ സംഭവിച്ചു…

shortlink

Related Articles

Post Your Comments

Related Articles


Back to top button