ജിദ്ദ: സൗദി അറേബ്യയില്‍ വര്‍ദ്ധിപ്പിച്ച വിസ നിരക്കുകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍. സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഭാഗമായിട്ടായിരുന്നു വിസ നിരക്കുകളില്‍ മാറ്റം വരുത്തിയത്. മുഹറം ഒന്നുമുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുണ്ടായിരുന്നു. സ്വദേശികളെയും വിദേശികളെയും ബാധിക്കുന്ന നിരവധി ഫീസ് വര്‍ധനവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവില്‍ റീ എന്‍ട്രി ഫീസ് 200 റിയാലാണ്. എന്നാല്‍ പരമാവധി രണ്ട് മാസം കാലാവധിയുളള റീ എന്‍ട്രി വിസ മാത്രമേ 200 റിയാലിന് അനുവദിക്കുകയുള്ളു. അധികം ആവശ്യമുളള ഓരോ മാസത്തിനും 100 റിയാല്‍ വീതം നല്‍കണമെന്നാണ് പറയുന്നത്. മള്‍ട്ടിപ്പിള്‍ റീ എന്‍ട്രി വിസ നിരക്കും കൂട്ടിയിട്ടുണ്ട്. 500 റിയാല്‍ ആണ് നല്‍കേണ്ടത്.
മള്‍ട്ടിപ്പിള്‍ റീ എന്‍ട്രി വിസയുടെ കാര്യത്തില്‍ മൂന്നു മാസത്തില്‍ കൂടുതല്‍ കാലം ആവശ്യമുളളവര്‍ ഓരോ മാസത്തിനും 200 റിയാല്‍ അധികം നല്‍കേണ്ടിവരും. ആറ് മാസമാണെങ്കില്‍ 3,000 റിയാലും ഒരു വര്‍ഷം ആണെങ്കില്‍ 5,000 റിയാലും രണ്ട് വര്‍ഷത്തിന് 8,000 റിയാലുമാണ് പുതുക്കിയ നിരക്ക്. ഫാമിലി, ബിസിനസ് വിസിറ്റിംഗ് വിസകള്‍ക്ക് 200 റിയാലായിരുന്നു നിലവില്‍. ഇവ എന്‍ട്രി ഫീസ് ഇനത്തില്‍ 2,000 റിയാല്‍ വിസ സ്റ്റാമ്പ് ചെയ്യുന്ന നയതന്ത്ര കാര്യാലയത്തില്‍ അടക്കണം.
ട്രാന്‍സിറ്റ് വിസയ്ക്ക് 300 റിയാലും സീ പോര്‍ട്ട് വഴിയുളള എക്സിറ്റിന് 50 റിയാലും ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എണ്ണ വരുമാനം കുറഞ്ഞ സാഹചര്യത്തിലാണ് വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കാരണമായത്.
Post Your Comments