ന്യൂഡല്‍ഹി: പാക് അധീന കശ്മീരിലെ തീവ്രവാദി ഇടത്താവളങ്ങള്‍ക്ക് നേരെ മിന്നലാക്രമണം നടത്താനുള്ള നീക്കത്തെ കുറിച്ച് മുന്‍കൂട്ടി അറിവുണ്ടായിരുന്നത് നാല് പേര്‍ക്ക് മാത്രം. ഇതിനെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ്, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍… ഇവരായിരുന്നു സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ആ നാലുപേര്‍. വളരെ രഹസ്യമായിട്ടായിരുന്നു ഓപ്പറേഷന്‍. ആക്രമണത്തെ കുറിച്ച് കൂടുതല്‍ പേര്‍ അറിയാനിടയായാല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പരാജയമാകുമെന്നും ഈ നാല്‍വര്‍ സംഘം ഭയപ്പെട്ടിരുന്നു.
20 സൈനികര്‍ കൊല്ലപ്പെട്ട ഉറി ആക്രമണത്തിന് തിരിച്ചടിയായി പാക് അധീന കശ്മീരിലെ തീവ്രവാദി സങ്കേതങ്ങള്‍ക്ക് നേരെ ഇന്ത്യ ആക്രമണം നടത്താന്‍ ഒരുങ്ങുന്നുവെന്ന കാര്യം ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അടക്കം ബി.ജെ.പിയിലെ ഉന്നതര്‍ക്ക് അറിയാമായിരുന്നെങ്കിലും ഓപ്പറേഷന്റെ പൂര്‍ണ സ്‌കെച്ച് ഈ നാല് പേര്‍ക്ക് മാത്രമായിരുന്നു അറിവുണ്ടായിരുന്നത്.
ഉറി ആക്രമണത്തിന് തക്ക തിരിച്ചടിയുണ്ടാകുമെന്ന് വ്യക്തമായെങ്കിലും എപ്പോള്‍, എവിടെ, എങ്ങനെ എന്നത് സംബന്ധിച്ച കാര്യങ്ങളില്‍ കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് പോലും അറിവുണ്ടായിരുന്നില്ല.
ഉറി ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ സൈന്യത്തോട് സര്‍ക്കാര്‍ സാധ്യത ആരാഞ്ഞിരുന്നു. സൈന്യം നല്‍കിയ പ്ലാന്‍ അനുസരിച്ചായിരുന്നു ഓപ്പറേഷന്‍. ഒരാഴ്ച്ചയായി നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള 250 കിലോ മീറ്റര്‍ പ്രദേശം സൈന്യത്തിന്റെ നിരീക്ഷണത്തിലായിരുന്നു. അര്‍ധരാത്രിയില്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്താന്‍ കറുത്തവാവ് ദിവസം തന്നെ തെരഞ്ഞെടുത്തു. പാക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷരീഫിന്റെ കാലാവധി തീരുന്നത് മൂലം പാക് സൈന്യത്തിലുള്ള പിരിമുറുക്കവും നിരീക്ഷിച്ചു. പ്രത്യേക പേരൊന്നും നല്‍കാതെയായിരുന്നു ഓപ്പറേഷന്‍.
Post Your Comments