തിരുവനന്തപുരം: തെരുവുനായ്ക്കള്‍ മനുഷ്യന് ഭീഷണിയാകുമ്പോള്‍ സര്‍ക്കാര്‍ ഇവറ്റകളെ ദത്തെടുക്കുവാണോ? ചോദിക്കാന്‍ കാരണമുണ്ട്. തെരുവുനായ്ക്കളെ പോലീസ് സേനയില്‍ എടുക്കുമെന്ന് പറഞ്ഞതിനുപിന്നാലെ സെക്രട്ടറിയേറ്റില്‍ കാവല്‍ക്കാരാക്കാനും നിര്‍ദേശം. സെക്രട്ടറിയേറ്റിന് തീവ്രവാദ ഭീഷണിയെത്തിയ സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം അധികൃതര്‍ എടുത്തത്.
ഡിജിപിയാണ് സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ സുരക്ഷയ്ക്കു തെരുവുനായ്ക്കളെ വളര്‍ത്താമെന്നുള്ള നിര്‍ദേശം മുന്നോട്ടുവെച്ചത്. എന്നാല്‍, ഇവരെ ഇതിനായി പരിശീലിപ്പിക്കേണ്ടതുണ്ട്. തെരുവുനായ്ക്കളെ പിടികൂടി നശിപ്പിക്കാന്‍ കഴിയാത്ത അധികൃതര്‍ എങ്ങനെ ഇവറ്റകളെ പരിശീലിപ്പിക്കുമെന്നാണ് ചോദ്യം. സെക്രട്ടറിയേറ്റിനു ചില തീവ്രവാദസംഘടനകളുടെ ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സെക്രട്ടറിയേറ്റിനു സമീപം അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെ പരിശീലിപ്പിച്ച് ഓരോ ഗേറ്റിലും സുരക്ഷയൊരുക്കുന്ന പദ്ധതിയാണു ഡിജിപി ലക്ഷ്യമിടുന്നത്. കൂടാതെ മറ്റ് സുരക്ഷയും വര്‍ദ്ധിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. സുരക്ഷാ ചുമതലയുള്ള പൊലീസുകാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. സെക്രട്ടേറിയറ്റില്‍ ആകെ പ്രവര്‍ത്തിക്കുന്നതു രണ്ടു മെറ്റല്‍ ഡിറ്റക്ടറുകളാണ്. മൂന്നു മന്ത്രിമാരുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന പുതിയ അനക്‌സിന്റെ സുരക്ഷയ്ക്കായി പൊലീസിനെ വിന്യസിച്ചിട്ടില്ല.
സെക്രട്ടറിയേറ്റിലെ സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്ന കെഎപി മൂന്നാം ബറ്റാലിയനിലെ ഇന്‍സ്‌പെക്ടര്‍, നാല് ഹലില്‍ദാര്, 56 പോലീസുകാര്‍ എന്നിവര്‍ക്കുള്ള ഗാര്‍ഡ് റൂം വൃത്തിഹീനമാണ്. മഴയത്ത് ചോര്‍ന്നൊലിക്കുന്ന അവസ്ഥയാണുള്ളത്.
Post Your Comments