ന്യൂഡല്‍ഹി: വാണിജ്യഇടപാടുകള്‍ക്ക് നല്‍കിവരുന്ന “ഏറ്റവും താത്പര്യമുള്ള രാഷ്ട്രം (മോസ്റ്റ് ഫേവേഡ് നേഷന്‍ (എംഎഫ്എന്‍))” എന്ന പാകിസ്ഥാന് നല്‍കിയിരിക്കുന്ന പദവി പിന്‍വലിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ഇന്ത്യ ഇന്ന്‍ യോഗം ചേരും. എം.എഫ്.എന്‍ പദവിയില്‍ നിന്ന്‍ പാകിസ്ഥാനെ ഒഴിവാക്കുകയോ, ഇതുസംബന്ധിച്ച പാക് ഇരട്ടത്താപ്പ് ലോക വ്യാപാര സംഘടനയുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ള നീക്കം നടത്താനോ ഉള്ള തീരുമാനം യോഗത്തില്‍ ഉരുത്തിരിയാനാണ് സാദ്ധ്യത. രണ്ടായാലയും, പാക് വ്യവസായമേഖലയെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാകും ഇന്ത്യയുടേത്.
ഉറി ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാകിസ്ഥാന് നല്‍കിക്കൊണ്ടിരിക്കുന്ന രക്തംചിന്താതെയുള്ള തിരിച്ചടികളുടെ കൂട്ടത്തിലെ ഏറ്റവും പുതിയ നീക്കമാകും ഇത്. ഇന്ത്യയ്ക്ക് എം.എഫ്.എന്‍ പദവി നല്‍കണം എന്ന പാക് ചുമതല നിര്‍വഹിക്കാതെ അത് നീട്ടിക്കൊണ്ട് പോകുന്ന കാര്യമാകും ഇന്ത്യ ലോകവ്യാപാരസംഘടനയുടെ ശ്രദ്ധയില്‍പ്പെടുത്തുക. ഇന്ത്യ 1996-ല്‍ത്തന്നെ പാകിസ്ഥാന് എം.എഫ്.എന്‍ പദവി നല്‍കിയതാണ്. പക്ഷേ, അതേപദവി ഇന്ത്യയ്ക്ക് നല്‍കണം എന്ന കാര്യം പാകിസ്ഥാന്‍ ഇതുവരെ പരിഗണിച്ചിട്ടില്ല. 2012-ഡിസംബറില്‍ ഇത്സംബന്ധിച്ച് ഇന്ത്യ നല്‍കിയ അന്ത്യശാസനവും പാകിസ്ഥാന്‍ അവഗണിച്ചിരുന്നു.
എം.എഫ്.എന്‍ പദവിയിലുള്ള രാഷ്ട്രത്തോട് ലോകവ്യാപാര സംഘടനാംഗമായ രണ്ടാമത്തെ രാഷ്ട്രം കസ്റ്റംസ് തീരുവകളും മറ്റും ചുമത്തുന്ന കാര്യങ്ങളില്‍ വിവേചനരഹിതമായ ഇടപെടല്‍ നടത്തണമെന്ന് വ്യവസ്ഥയുണ്ട്. പാകിസ്ഥാന് നല്‍കിയിരിക്കുന്ന എം.എഫ്.എന്‍ പദവി ഇന്ത്യ പിന്‍വലിക്കുകയാണെങ്കില്‍ അത് പാക് വ്യവസായ മേഖലയ്ക്ക് വന്‍തിരിച്ചടി നല്‍കും. അനുഭാവപൂര്‍ണ്ണമായ വിലനിലവാരത്തോടെ ഇന്ത്യയില്‍ നിന്ന്‍ പാകിസ്ഥാനിലേക്കുള്ള അസംസ്കൃതവസ്തുക്കളുടെ ഒഴുക്ക് ഇതോടെ നിലയ്ക്കും.
2015-16 കാലയളവില്‍ ഇന്ത്യയില്‍ നിന്ന്‍ പാകിസ്ഥാനിലേക്കുള്ള കയറ്റുമതി 2.17-ബില്ല്യണ്‍ ഡോളറായിരുന്നു എന്ന കണക്ക് അറിയുമ്പോള്‍ ഇന്ത്യയുടെ തീരുമാനം പാകിസ്ഥാന് എത്ര ഭീമമായ നഷ്ടം ഉണ്ടാക്കും എന്ന കാര്യം മനസിലാകും. പാകിസ്ഥാനില്‍ നിന്ന്‍ ഇന്ത്യയിലേക്കുള്ള ഇറക്കുമതി ഇതേകാലയളവില്‍ 441-മില്ല്യണ്‍ ഡോളര്‍ മാത്രമായിരുന്നു. ലോകവ്യാപാര സംഘടന നിബന്ധനകള്‍ അനുസരിച്ച് ഇന്ത്യയ്ക്ക് എം.എഫ്.എന്‍ പദവി എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാവുന്നതാണ്.
Post Your Comments