ഇസ്ലാമാബാദ്: കാശ്മീരിലെ ഉറിയില്‍ അതിര്‍ത്തിക്കപ്പുറത്തു നിന്ന് നുഴഞ്ഞുകയറിയ ഭീകരര്‍ നടത്തിയ അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെയുള്ള നടപടികള്‍ ഇന്ത്യ ശക്തമാക്കുന്ന സാഹചര്യത്തില്‍ സിന്ധു നദീജലകാരാര് ഇന്ത്യ റദ്ദാക്കുമോ എന്ന ആശങ്കയില്‍ ഭീഷണികളുമായി പാകിസ്ഥാന് രംഗത്തെത്തി. പാകിസ്ഥാനുമായി 1960-കള്‍ മുതല്‍ നിലവിലുള്ള സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കിയാൽ രാജ്യാന്തര കോടതിയെ സമീപിക്കുമെന്നതാണ് പാകിസ്ഥാന്റെ ഒരു ഭീഷണി. കരാറിൽ നിന്ന് ഏകപക്ഷീയമായ ഒരു പിന്മാറ്റം ഇന്ത്യയ്ക്ക് സാദ്ധ്യമല്ലെന്നും, അങ്ങനെ പിന്മാറിയാല് പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് ആണ് ഭീഷണി മുഴക്കിയിരിക്കുന്നത്.
പാകിസ്ഥാന് പാര്‍ലമെന്റായ നാഷണല്‍ അസംബ്ലിയില്‍ സംസാരിക്കവേ കാർഗില്‍, സിയാച്ചിന്‍ യുദ്ധത്തിന്റെ സമയത്ത് പോലും കരാര്‍ ഇന്ത്യ റദ്ദാക്കിയിരുന്നില്ല എന്ന കാര്യം അസീസ് ചൂണ്ടിക്കാട്ടി. കരാർ ഇന്ത്യ റദ്ദാക്കിയാൽ പാകിസ്ഥാന് അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്നും കരാർ റദ്ദാക്കുന്നത് യുദ്ധസമാനമായ സാഹചര്യം ഉണ്ടാക്കുമെന്നും അസീസ് മുന്നറിയിപ്പ് നല്കി.
അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം ഇന്ത്യയ്ക്ക് ഏകപക്ഷീയമായി കരാർ റദ്ദാക്കാനാവില്ല. കരാര്‍ ഇന്ത്യ റദ്ദാക്കിയാല്‍ പാകിസ്ഥാനും പാക് സമ്പദ്വ്യവസ്ഥയും തകരും. കരാര്‍ പുന:പരിശോധിക്കും എന്ന സൂചനകള്‍ ഇന്ത്യ നല്കിക്കഴിഞ്ഞപ്പോള്ത്തന്നെ ആശങ്കയിലായ പാകിസ്ഥാന് ഇക്കാര്യത്തിൽ അന്താരാഷ്ട്രശ്രദ്ധ ആകർഷിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. കരാർ റദ്ദാക്കുന്നതിനുള്ള നടപടികളുമായി ഇന്ത്യ മുന്നോട്ട് പോയാൽ അത് അന്താരാഷ്ട്ര സമാധാനത്തിന്റെ ലംഘനത്തിന് ഇടയാക്കും. ഇതോടെ യു.എൻ സുരക്ഷാ കൗൺസിലിനേയും പാകിസ്ഥാന് സമീപിക്കാനാവുമെന്നും സർതാജ് അസീസ് പറഞ്ഞു.
ഡല്‍ഹിയില്‍ ചൊവ്വാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നദീജല കരാർ റദ്ദാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്. വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ലെന്ന് പാകിസ്ഥാന് ശക്തമായ ഭാഷയിൽ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. കൂടാതെ പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ള മൂന്ന് നദികളിലെ ജലം പരമാവധി ഉപയോഗപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.
പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവും പാകിസ്ഥാൻ പ്രസിഡന്റ് ആയിരുന്ന അയൂബ് ഖാനുമാണ് 1960ൽ കരാറിൽ ഒപ്പുവച്ചത്. ബിയാസ്, രവി, സത്ലജ്, സിന്ധു, ചെനാബ്, ഝലം എന്നീ ആറ് നദീകളിലെ വെള്ളം പങ്കുവയ്ക്കുന്നത് സംബന്ധിച്ചാണ് കരാർ. ഇന്ത്യ ആവശ്യമായ വെള്ളം തരുന്നില്ലെന്ന പരാതിയുമായി പാകിസ്ഥാൻ അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ ഇന്ത്യയ്ക്കെതിരെ ഇപ്പോഴും നിലവിലുണ്ട്.
Post Your Comments