തിരുവനന്തപുരം● തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 14 പേര്‍ പിടിയിലായി. ഇവരില്‍ നിന്നും 92 ലക്ഷം രൂപ വിലവരുന്ന 3.3 കിലോഗ്രാം സ്വര്‍ണം കസ്റ്റംസ് ഇന്റലിജന്‍സും റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തു.
കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. രാത്രി 10 മണി കഴിഞ്ഞ് മലേഷ്യയിലെ ക്വാലാലംപൂരില്‍ നിന്നും തിരുവനന്തപുരത്തെത്തിയ മലിന്‍ഡോ എയര്‍ വിമാനത്തിലെത്തിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. പിടിയിലായവരെല്ലാം തമിഴ്നാട്ടിലെ രാമനാഥപുരം ജില്ല സ്വദേശികളാണ്.
തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കള്ളകടത്ത് സംഘം മലേഷ്യയില്‍ നിന്നും തിരുവനന്തപുരം വഴി സ്വര്‍ണം കടത്തുമെന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംശയം തോന്നിയ യാത്രക്കാരുടെ പാസ്പോര്‍ട്ട് പിടിച്ചെടുക്കയും തുടര്‍ന്ന് ഇവരെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു നടത്തിയ സ്കാനിംഗിലാണ് വിവിധ രൂപങ്ങളില്‍ സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ത്യയിലെ നിരവധി വിമാനത്താവളങ്ങള്‍ വഴി ഇവര്‍ നേരത്തെയും സമാനമായ രീതിയില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
പിടിയിലായവര്‍ വെറും വാഹകര്‍ മാത്രമാണെന്നും ഇവര്‍ക്ക് പിന്നില്‍ വന്‍ അന്തരാഷ്ട്ര സംഘം പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നതായും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പിടികൂടിയ സ്വര്‍ണത്തിന് 92 ലക്ഷം രൂപ വിലവരും. ഇതിന്റെ യഥാര്‍ത്ഥ മൂല്യം കണക്കാക്കിയിട്ടില്ല. പിടിയിലായവരെ കൂടുതല്‍ ചോദ്യം ചെയ്യലിനായി മാറ്റി.
Post Your Comments