കൊച്ചി: ആറു വയസ്സുകാരന്‍ കിച്ചയെന്ന നിഹാല്‍ കേരളത്തിലെ പ്രധാന പ്രാതല്‍ വിഭവമായ പുട്ടിനെ അങ്ങ് അമേരിക്കയില്‍ താരമാക്കിയിരിക്കുകയാണ്. ലോകത്തിലെ പ്രമുഖ പാചക വിദഗ്ധര്‍ പങ്കെടുത്തിട്ടുള്ള അമേരിക്കന്‍ ചാനലിലെ എല്ലെന്‍ ഷോയില്‍ നമ്മുടെ പുട്ടുണ്ടാക്കിയാണ് കിച്ച താരമായത്.
ആറു വയസ്സുകാരന്‍ കിച്ചയുടെ പാചക നൈപുണ്യം കേട്ടറിഞ്ഞാണ് ലോകപ്രശസ്ത പരിപാടിയിലേക്ക് കിച്ചയ്ക്ക് ക്ഷണം ലഭിച്ചത്. കിച്ച അമേരിക്കക്കാരെ പുട്ടുണ്ടാക്കന്‍ പഠിപ്പിച്ചത് ദി എല്ലെന്‍ ഡിജെനേറെസ് ഷോയിലൂടെയാണ്. പുട്ടുണ്ടാക്കാനായുള്ള പുട്ടുകുറ്റിയുമായെത്തിയ കിച്ചയെ കണ്ട് അവതാരകരും പ്രേക്ഷകരും ആദ്യം ഒന്ന് അമ്പരന്നുവെങ്കിലും തുടര്‍ന്ന് കിച്ചയില്‍ നിന്നും വന്ന കുസൃതി കേട്ട് അവതാരകയടക്കം പൊട്ടിച്ചിരിച്ചു. കിച്ചയുടെ കുസൃതിയില്‍ ഒടുവില്‍ അവതാരകയെ പുട്ടെന്നും പുട്ടുകുറ്റിയെന്നും പറയാന്‍ പഠിപ്പിച്ചാണ് കിച്ച മടങ്ങിയത്. പുട്ടുകുറ്റിക്കു മുന്നില്‍ അന്താളിച്ചു പോയ അവതാരക പിന്നെ സ്റ്റീമ്ഡ് റൈസ് കേക്കെന്നും സ്റ്റീമ്ഡ് റൈസ് കേക്ക് കുറ്റിയെന്നും പറഞ്ഞാണ് രക്ഷപെട്ടത്.
എല്ലെന്‍ ഷോ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ പത്‌നി മിഷേല്‍ ഒബാമയടക്കം പ്രശസ്തർ പങ്കെടുത്ത പരിപാടിയാണ്. പരിപാടിയില്‍ പങ്കെടുത്ത ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ താരമാണ് കിച്ച. നാലു വയസ്സുമുതലാണ് കിച്ചയെന്ന നിഹാല്‍ പാചകപരീക്ഷണം ആരംഭിച്ചത്.കൊച്ചി സ്വദേശികളായ രാജഗോപാല്‍ വി കൃഷ്ണന്‍, പ്രൊഫസര്‍ റൂബി ദമ്പതികളുടെ മകനാണ് നിഹാല്‍. കിച്ചയെ പാചകത്തിലേക്ക് ആകര്‍ഷിച്ചത് അമ്മയായ റൂബിയാണ്. ചെറിയ വയസ്സിനുള്ളില്‍ വലിയ താല്‍പര്യത്തോടെ എല്ലാത്തരം വിഭവങ്ങളും കിച്ച തയ്യാറാക്കിയിരുന്നുവെന്ന് റൂബി പറയുന്നു.
Post Your Comments