ലണ്ടന്‍ : ലണ്ടനിലെ ലാസ്റ്റര്‍ഷയറില്‍ ഒരാളുടെ മരണത്തിനിടയാക്കുകയും എട്ട് വാഹനങ്ങള്‍ കൂട്ടിയിടിക്കുകയും ചെയ്ത വാഹനാപകടം, എങ്ങിനെയാണ് ഉണ്ടായതെന്ന് കാണിച്ച് ലണ്ടന്‍ പൊലീസ് അപകട ദൃശ്യം പുറത്തുവിട്ടു. 2014 നവംബര്‍ 25 നായിരുന്നു മലയാളി നഴ്‌സായ ക്രിസ്റ്റിയെ പ്രതിയാക്കിയ വാഹനാപകടം നടന്നത്.
ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായിരുന്നു ലണ്ടനില്‍ നഴ്‌സായ ക്രിസ്റ്റി ജോര്‍ജിന് വിനയായത്. ലാസ്റ്റര്‍ഷയറിലെ എം1 റോഡിലൂടെ ജോലിസ്ഥലത്തേക്കു സ്‌കോഡയില്‍ പോകുകയായിരുന്നു ക്രിസ്റ്റി ജോര്‍ജ്. വാഹനം ഓടിക്കുന്നതിനിടെ സുഹൃത്തിനെയും ഭര്‍ത്താവിനെയും മൊബൈല്‍ ഫോണില്‍ വിളിച്ചു. ഇതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും കാള്‍സ്‌ബെര്‍ഗ് ബിയറുമായി വന്ന ലോറിയുമായി കൂട്ടിയിടിക്കുകയും ചെയ്തു. ലോറിയിലേക്ക് അതുവഴി വന്ന ബിഎംഡബ്ല്യൂ ഇടിച്ച് ലണ്ടന്‍ സ്വദേശിയായ മുറെ സിംപ്‌സണ്‍ (48) കൊല്ലപ്പെട്ടു. എട്ടു വാഹനങ്ങളാണ് അപകടത്തില്‍ കൂട്ടിയിടിച്ചത്.
ഇതിനിടെ ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം എങ്ങനെ അപകടം വരുത്തിവയ്ക്കുമെന്നു വ്യക്തമാക്കാനായി ലണ്ടന്‍ പൊലീസ് കഴിഞ്ഞ ദിവസം അപകട ദൃശ്യങ്ങള്‍ പുറത്തുവിട്ടു.
ഡ്രൈവിങ്ങിനിടെ ഫോണ്‍ ചെയ്തതാണ് അപകടത്തിനു കാരണമായതെന്നു തെളിഞ്ഞതിനെത്തുടര്‍ന്ന് ലാസ്റ്റര്‍ഷയര്‍ ക്രൗണ്‍ കോടതി ക്രിസ്റ്റി ജോര്‍ജിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. തെളിവ് നശിപ്പിക്കാനായി ഫോണിലെ കോള്‍ ലിസ്റ്റ് ഡീലീറ്റ് ചെയ്തുവെന്ന കുറ്റവും ഇവര്‍ക്കുമേല്‍ ചുമത്തിയിരുന്നു.
Post Your Comments