NewsIndia

ഹുസൈന്‍ സാഗറിലെ ജലം പതഞ്ഞു പൊങ്ങി ഭീതി പരത്തുന്നു; ജനങ്ങള്‍ ആശങ്കയില്‍

ഹൈദരാബാദ്: പ്രശസ്തമായ ഹുസൈന്‍ സാഗര്‍ തടാകത്തിലെ ജലം പതഞ്ഞു പൊങ്ങുന്നത് ഹൈദരാബാദിലെ പല പ്രദേശങ്ങളിലും മാരകമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്. ഹൈദരാബാദില്‍ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടര്‍ന്ന് 16 വര്‍ഷങ്ങള്‍ക്ക് ശേഷം ഹുസൈന്‍ സാഗര്‍ തടാകത്തിലെ ജലം തുറന്നുവിട്ടിരുന്നു. ഈ ജലം നഗരത്തിലെ തോടുകളിലും ജലപാതകളിലും എത്തിയതോടെയാണ് വെളുത്ത നിറമുള്ള പത ഉയരാന്‍ തുടങ്ങിയത്.തടാകത്തില്‍ കലര്‍ന്നിരിക്കുന്ന രാസ മാലിന്യങ്ങളുടെ ഫലമായാണ് കടുത്ത പത രൂപപ്പെടുന്നതെന്നാണ് കരുതുന്നത്.

അഞ്ച് മുതല്‍ എട്ട് മീറ്റര്‍ വരെ ഉയരത്തിലാണ് പലയിടത്തും പത ഉയര്‍ന്നിരിക്കുന്നത്.വിഷാംശമുള്ള പത മീറ്ററുകളോളം ഉയരത്തില്‍ നിറയുന്നത് ഹൈദരാബാദ് നിവാസികളില്‍ പരിഭ്രാന്തി പരത്തുകയാണ്.ഹൈദരാബാദ് നഗരത്തിലെ ലിബര്‍ട്ടി, ആല്‍വിന്‍ കോളനി എന്നിവിടങ്ങളിലെ റോഡുകളില്‍ പത നിറഞ്ഞിരിക്കുകയാണ്.കുടിവെള്ളത്തിലടക്കം പത നിറഞ്ഞ് പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണിയായിരിക്കുകയാണ്.സമീപപ്രദേശങ്ങളിലെ വ്യവസായശാലകളില്‍നിന്നുള്ള രാസമാലിന്യമാണ് കറുത്ത നിറത്തില്‍ രൂക്ഷ ഗന്ധത്തോടുകൂടി വീടുകളില്‍ ഉപയോഗിക്കുന്ന ജലത്തില്‍ കലര്‍ന്നിരിക്കുന്നത്.

ഈ ജലം ഉപയോഗിച്ചവര്‍ക്ക് കടുത്ത ചൊറിച്ചില്‍ അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്.ഹുസൈന്‍ സാഗര്‍ തടാകത്തിന്റെ താഴ്ന്ന പ്രദേശത്ത് താമസിക്കുന്ന ജനങ്ങളെ അതിവേഗത്തില്‍ ഒഴിപ്പിക്കാനുള്ള ശ്രമം നടന്നുവരികയാണ്. പല മേഖലകളിലും ഇതു സംബന്ധിച്ച്‌ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.ചേരി പ്രദേശങ്ങളില്‍നിന്ന് അഞ്ഞൂറിലധികം കുടുംബങ്ങളെ ഇതിനകം ഒഴിപ്പിച്ചു കഴിഞ്ഞതായി മുഷീറാബാദ് തഹസില്‍ദാര്‍ എസ്. രാമുലു പറഞ്ഞു.മാലിന്യം നിറഞ്ഞ കോളനികളില്‍നിന്ന് സാമ്പിളുകള്‍ ശേഖരിച്ച്‌ പരിശോധനയ്ക്ക് അയച്ചതായി അധികൃതര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button