തിരുവനന്തപുരം: നിയമസഭയില്‍ ഉന്നയിക്കാന്‍ ജനങ്ങളിൽ നിന്നും ചോദ്യങ്ങൾ ക്ഷണിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ മാസം 26 നാണ് സമ്മേളനം ആരംഭിക്കുന്നത്. നിയമസഭയിൽ എന്തൊക്കെ ചോദ്യങ്ങൾ ഉന്നയിക്കാമെന്ന് ഫേസ്ബുക്കിലൂടെ നിർദേശിക്കാമെന്ന് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് രമേശ് ചെന്നിത്തല വ്യക്തമാക്കിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പ്രിയപ്പെട്ടവരെ,
ഇത്തവണത്തെ നിയമസഭാ സമ്മേളനത്തിൽ പങ്കാളികളാകാൻ പ്രതിപക്ഷം നിങ്ങളെയും ക്ഷണിക്കുന്നു. ഈ മാസം 26 നാണ് സമ്മേളനം ആരംഭിക്കുന്നത്. നിയമസഭയിൽ ഞങ്ങൾ എന്തൊക്കെ ഉന്നയിക്കണമെന്ന് നിങ്ങൾക്ക് നിർദ്ദേശിക്കാം. നിങ്ങളുടെ നാട്ടിലെ ഒരു നീറുന്ന പ്രാദേശിക പ്രശ്നം മുതൽ സംസ്ഥനത്തെ ആകെ ബാധിക്കുന്ന വിഷയങ്ങൾ വരെ ഞങ്ങളെ അറിയിക്കുക. ഞങ്ങൾ നിങ്ങൾക്ക് വേണ്ടി അത് നിയമസഭയിൽ ഉന്നയിക്കാൻ ശ്രമിക്കും. സർക്കാരിൽ നിന്ന് കിട്ടുന്ന മറുപടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യും. ഇതിന് പുറെമെ പൊതുവായ വിഷയങ്ങളിൽ നിങ്ങളുടെ നിലപാടും ഞങ്ങളെ അറിയിക്കാം. അവ ഞങ്ങൾക്ക് വളരെ വിലപ്പെട്ടവയാണ്. ഈ ഫേസ്ബുക്ക് അക്കൗണ്ടു വഴിയാണ് നിങ്ങൾ നിർദ്ദേശങ്ങൾ അറിയിക്കേണ്ടത്. നിയമസഭാ പ്രവർത്തനം ജനകീയമാക്കുന്നതിനും നമുക്ക് ഒത്തൊരുമിച്ച് സംസ്ഥാനത്തിന്‍റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുമുള്ള ഈ ഉദ്യമത്തിൽ മനസ്സ് തുറന്ന് നിങ്ങളും പങ്കാളികളാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. നിങ്ങളുടെ വിലപ്പെട്ട നിർദ്ദേശങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു.
Post Your Comments