
കൊഹിമ: വര്‍ഷങ്ങളായി അവഗണനയുടെ പടുകുഴിയില്‍ കിടന്നിരുന്ന നാഗാലാന്‍ഡ് തലസ്ഥാനനഗരിയില്‍ ഇന്ന്‍ നഗരവാസികളുടെ ആഘോഷങ്ങള്‍ക്ക് അതിരുകളില്ലാതായി. കേന്ദ്രഗവണ്മെന്‍റിന്‍റെ സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന 27 നഗരങ്ങളുടെ പട്ടികയില്‍ കൊഹിമയുടെ പേര് വന്നതോടെയാണ് നഗരം ആഘോഷാരവങ്ങള്‍ കൊണ്ട് മുഖരിതമായത്.
ഇതൊരു “വലിയ നേട്ടം” തന്നെ എന്നാണ് മുന്‍സിപ്പല്‍ കാര്യങ്ങള്‍ക്കുള്ള നാഗാലാന്‍ഡ് പാര്‍ലമെന്‍ററി സെക്രട്ടറി ആര്‍ തോഹന്‍ബ പ്രതികരിച്ചത്.
“ഞങ്ങള്‍ക്ക് വലിയ സന്തോഷവും, ഒപ്പം അഭിമാനവും തോന്നുന്നു,” തോഹന്‍ബ പറഞ്ഞു.
ഈ നേട്ടം കൊഹിമയിലെ ജനങ്ങള്‍ക്ക് സമര്‍പ്പിച്ച തോഹന്‍ബ, ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച നാഗാ മദേഴ്സ് അസോസിയേഷന്‍, നാഗാ സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍, കൊഹിമ നഗരത്തിന്‍റെ ഭരണച്ചുമതല നിര്‍വ്വഹിക്കുന്ന കൊഹിമ വില്ലേജ് പൗരന്മാര്‍ എന്നിവര്‍ക്ക് നന്ദി രേഖപ്പെടുത്തി.
കൊഹിമയെ തിരഞ്ഞെടുത്തതിന് തോഹന്‍ബ കേന്ദ്രഗവണ്മെന്‍റിനും നന്ദി പ്രകാശിപ്പിച്ചു.
തടസ്സങ്ങളില്ലാത്ത ജലവിതരണ-വൈദ്യുതവിതരണ സംവിധാനം, ശുചീകരണ-ഖരമാലിന്യ സംസ്കരണ സംവിധാനങ്ങള്‍, മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങള്‍, ഐടി കണക്റ്റിവിറ്റി, ഇ-ഗവേണന്‍സ്, സുരക്ഷാസംവിധാനങ്ങളിലെ നവീകരണം, പൊതുവിനോദ കേന്ദ്രങ്ങള്‍ എന്നിങ്ങനെയുള്ള സൗകര്യങ്ങളാണ് കൊഹിമയ്ക്ക് സ്മാര്‍ട്ട്‌സിറ്റി പദ്ധതിയിലൂടെ ലഭിക്കുന്നത്.
പദ്ധതിക്കായി ആദ്യവര്‍ഷം 200-കോടി രൂപ നല്‍കുന്ന കേന്ദ്രം, തുടര്‍ന്നുള്ള മൂന്നു വര്‍ഷങ്ങളില്‍ 100-കോടി രൂപ വീതവും അനുവദിക്കും. സംസ്ഥാന ഗവണ്മെന്‍റും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ കേന്ദ്രങ്ങളും കേന്ദ്രത്തിന്‍റെ മുതല്‍മുടക്കിനോട് തുല്യത പാലിക്കുന്ന പങ്കാളിത്തം വഹിക്കണം.
2019-20 ആകുമ്പോഴേക്കും 100 നഗരങ്ങളെയാണ് ഇത്തരത്തില്‍ സ്മാര്‍ട്ട്സിറ്റികളാക്കാന്‍ കേന്ദ്രം പദ്ധതിയിട്ടിരിക്കുന്നത്.
Post Your Comments