ന്യൂഡല്‍ഹി● ജമ്മു കാശ്മീരിലെ ഉറിയില്‍ സൈനിക ക്യാംപിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഇന്ത്യ തല്‍ക്കാലം തിരിച്ചടിയ്ക്കില്ല. 18 ജവാന്മാരുടെ ജീവന്‍ നഷ്‌ടമായ ആക്രമണത്തില്‍ പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കണമെന്ന് വിവിധ കോണുകളില്‍ നിന്ന് അവശ്യമുയരുന്നുണ്ടെങ്കിലും പകരം പാകിസ്ഥാനെ അന്താരാഷ്ട്ര സമിതികളില്‍ ഒറ്റപ്പെടുത്താനാനാണ് തീരുമാനം.
രാജ്യാന്തര നയതന്ത്ര തലങ്ങളില്‍ പാകിസ്ഥാന്റെ ഭീകരബന്ധം വെളിപ്പെടുത്തി ഒറ്റപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായാത്. ഭീകരാക്രമണത്തിൽ പാക് പങ്ക് വ്യക്‌തമാക്കുന്ന തെളിവുകൾ ഇന്ത്യ അന്താരാഷ്ട്ര സമിതികൾക്ക് നൽകും.
ദേശീയ അന്വേഷണ ഏജൻസിയും മിലിട്ടറി ഇന്റലിജൻസും ചേർന്ന് പാക് പങ്ക് സംബന്ധിച്ച് തെളിവുകൾ ശേഖരിക്കാൻ ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബർ 26ന് നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതു അസംബ്ലിയിലും നവംബറിൽ ഇസ്ലാമാബാദിൽ നടക്കുന്ന സാർക്ക് ഉച്ചകോടിയിലും തെളിവുകൾ നിരത്താണ് ഇന്ത്യ തയാറെടുക്കുന്നത്. ഭീകരരില്‍ നിന്ന് പിടിച്ചെടുത്ത ജി.പി.എസ് സംവിധാനവും ആയുധങ്ങളും പാകിസ്ഥാന്‍ ബന്ധം വ്യക്തമാക്കുന്നുണ്ട്. ആക്രമണത്തിന് പിന്നില്‍ ജെയ്ഷെ മുഹമ്മദ് എന്ന സംഘടനയാണെന്ന് മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ലഫ്. ജനറൽ രൺബീർ സിങ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ ഉറി സെക്ടറിൽ സൈനികതാവളത്തിനു നേരേ ഭീകരാക്രമണത്തിൽ 17 സൈനികരാണ് കൊല്ലപ്പെട്ടത്. 20 ഓളം പേർക്കു പരിക്കേറ്റു. സൈനിക വേഷത്തില്‍ എത്തിയാണ് ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടത്. ഇവരെ പിന്നീട് സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. പരിക്കേറ്റ ജവാന്മാരില്‍ ഒരാള്‍ ഇന്ന് മരിച്ചതോടെയാണ് മരണസംഖ്യ 18 ആയത്. ആര്‍.ആര്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ശിപായി കെ.വികാസ് ജനാര്‍ദ്ധന്‍ ആണ് ഉച്ചയോടെ മരിച്ചത്.
അതേസമയം, ആക്രമണത്തെ ചൈന അപലപിച്ചു. സംഭവത്തോടെ കാശ്മീര്‍ സംഘര്‍ഷം വര്‍ധിച്ചതായും. ഇരുരാജ്യങ്ങളും പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ചൈന അഭിപ്രായപ്പെട്ടു.
Post Your Comments