ഗുവാഹത്തി : സംസ്ഥാനം ഏറെ ഉറ്റുനോക്കുന്ന ജിഷാവധക്കേസിലെ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. അതേസമയം പ്രതി അമീറുല്‍ ഇസ്ലാമിന് അനറുല്‍ ഇസ്ലാം എന്ന സുഹൃത്ത് ഇല്ലെന്ന കുറ്റപത്രത്തിലെ വെളിപ്പെടുത്തലില്‍ ദുരൂഹത. അനറുല്‍ ഇസ്ലാമിന്റെ പരോക്ഷമായ പ്രേരണമൂലമാണു കൊലപാതകം എന്നായിരുന്നു നേരത്തേ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്.
അസം സ്വദേശിയായ അനറുല്‍ ഇസ്ലാമിനെ പിടികൂടുന്നതിനായി കേരള പൊലീസ് സംഘം മൂന്നു തവണ അസമിലെ നൗഗാവ് ജില്ലയില്‍ എത്തിയിരുന്നു. കേരളത്തില്‍ തൊഴിലാളിയായിരുന്ന അനറുല്‍ ഇസ്ലാം സംഭവത്തിനു ശേഷമാണ് അസമില്‍ മടങ്ങിയെത്തിയത്.
കേരള പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് അസം പൊലീസ് ജജോരി പൊലീസ് സ്റ്റേഷനു കീഴിലുള്ള മൗഹ്യ ഹലിജുജ എന്ന സ്ഥലത്തുള്ള ഇയാളുടെ വീട് കണ്ടെത്തി.
പൊലീസ് നിരീക്ഷണത്തിലായിരുന്ന ഇയാളെ അസം പൊലീസ് ചോദ്യം ചെയ്തിരുന്നു.
കേരള പൊലീസും ഇയാളുടെ വീട്ടില്‍ എത്തിയിരുന്നെങ്കിലും അന്നു രാവിലെ ഇയാള്‍ കേരളത്തിലേക്കു മടങ്ങിയെന്നാണു വീട്ടുകാര്‍ മൊഴി നല്‍കിയത്. വീട്ടുകാരുടെ മൊഴി എസ്‌ഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള കേരള പൊലീസ് രേഖപ്പെടുത്തുകയും ചെയ്തു.
ഈ സംഭവത്തിനുശേഷം അനറുല്‍ ഇസ്ലാമിനെ തേടി രണ്ടു തവണ കൂടി കേരള പൊലീസ് എത്തിയിരുന്നതായി നൗഗാവ് പൊലീസ് പറഞ്ഞു. ക്രൈംബ്രാഞ്ച് എസ്പി പി.കെ.മധുവും നൗഗാവില്‍ എത്തിയിരുന്നു. ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ലക്ഷ്യത്തില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് അസം സിഐഡിയും (ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്) അന്വേഷണം നടത്തി.
കേരള പൊലീസ് തിരയുന്നതു മനസ്സിലാക്കി അനറുല്‍ ഇസ്ലാം മുങ്ങുകയായിരുന്നുവെന്നാണ് അന്നു പൊലീസ് പറഞ്ഞത്. ഇയാളെ ഇതുവരെ പിടികിട്ടിയിട്ടുമില്ല. അനറുല്‍ ഇസ്ലാം എന്നൊരു സുഹൃത്ത് അമീറുല്‍ ഇസ്ലാമിന് ഇല്ലെന്ന കേരള പൊലീസിന്റെ പുതിയ നിലപാടും ഇതുവരെയുള്ള അന്വേഷണവും തമ്മില്‍ പൊരുത്തക്കേടുകളുണ്ട്.
Post Your Comments