
ലക്നൗ:ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുത്ത ജിഗ്നേഷ് മാവനിയെ വിട്ടയച്ചു.ജിഗ്നേഷിനെ ഇന്നലെ അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അന്താരാഷ് ട്ര വിമാനത്താവളത്തിൽ വച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തില്‍ എത്തുന്നത് കണക്കിലെടുത്താണ് മുന്‍കരുതലെന്ന നിലയില്‍ മാവനിയെ കസ്റ്റഡിയിലെടുത്തത്.
അറുപത്താറാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇതേ വിമാനത്താവളത്തിലെത്തുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പായിരിന്നു ജിഗ്നേഷിനെ അറസ്റ്റു ചെയ്തത്.എയര്‍പ്പോര്‍ട്ടില്‍ പ്രധാനമന്ത്രിക്കെതിരായ പ്രതിഷേധത്തിനുള്ള സാധ്യത മുന്നില്‍ കണ്ടാണ് അറസ്റ്റ് എന്നാണ് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കിയത്.
ഒക്ടോബര്‍ ഒന്നു മുതല്‍ ട്രെയിന്‍ തടയല്‍ സമരം ആരംഭിക്കുമെന്ന് അറസ്റ്റിന് മണിക്കൂറുകള്‍ക്ക് മുമ്പ് ജിഗ്നേഷ് ഡല്‍ഹിയില്‍ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ ദളിത് കുടുംബങ്ങള്‍ക്കും അഞ്ച് ഏക്കര്‍ ഭൂമി വീതം നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്ത സാഹചര്യത്തിലായിരുന്നു സമര പ്രഖ്യാപനം.ഇതേ തുടർന്ന് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായാണ് ജിഗ്നേഷ് മാവനിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.തുടർന്ന് ചോദ്യം ചെയ്യലിനു ശേഷം ഇന്ന് ജിഗ്നേഷിനെ പോലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയക്കുകയായിരുന്നു.
Post Your Comments