“Criminals do not die by the hands of the law. They die by the hands of other men.” (George Bernad Shaw)
കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ വായിയ്ക്കാനും കേൾക്കാനുമിടയായ സൌമ്യവധ വിധിയുടെ വിവിധ വശങ്ങൾ മനസ്സിനെ വല്ലാതെ അലോസരപ്പെടുത്തിയപ്പോൾ ബർണാർഡ് ഷായുടെ മുകളിലെഴുതിയ വരികളാണോറ്മ്മ വന്നത്. വെറുതെയിരിയ്ക്കുമ്പോഴെല്ലം മനസ്സിൽ തികട്ടിവരുന്നതൊന്നു മാത്രം. നിയമത്തിനു നീതിയേകാനായില്ലെങ്കിലും നമുക്കൊന്നും ചെയ്യാനാകില്ലേ? എന്തുകൊണ്ടിങ്ങനെ സംഭവിച്ചു?. ഈ ചോദ്യം തന്നെയായിരുന്നു സൌമ്യ കൊല്ലപ്പെട്ടപ്പോഴും തോന്നിയിരുന്നത്. എന്തുകൊണ്ട് സൌമ്യയ്ക്കിങ്ങനെയൊരു ദുർഗ്ഗതിയുണ്ടായി? ആർക്കും ഇനിയും ഉത്തരം പറയാനാകാത്ത കടങ്കഥകളിലൊന്നായി ഇതവശേഷിയ്ക്കുന്നുവോ?
മാധ്യമങ്ങൾക്ക് ശബ്ദമുയർത്താനും ചേരി തിരിഞ്ഞു പോരാടാനും മറ്റൊരു കാരണം കൂടി. പക്ഷേ സാധാരണക്കാരായ മലയാളികൾ ഒന്നടങ്കം ഗോവിന്ദച്ചാമിയെന്ന കണ്ണിൽച്ചോരയില്ലാത്ത നികൃഷ്ടജീവിയെ വെറുക്കുകയും അവനു വധശിക്ഷ തന്നെ കിട്ടണമേയെന്നും ഉള്ളുരുകി പ്രാർത്ഥിച്ചിട്ടും വധശിക്ഷയിൽ നിന്നുമവൻ ഊരിപ്പോന്നെന്നറിഞ്ഞപ്പോൾ ഇവിടെ നീതിയ്ക്കും നിയമത്തിനും വിലയില്ലാതായിപ്പോയോ എന്നേ ചിന്തിയ്ക്കാനായുള്ളൂ. മൃഗീയമാം വിധം കൊല്ലപ്പെട്ട യുവതിയും അവളെച്ചൊല്ലി കണ്ണീർ പൊഴിയ്ക്കുന്ന കുടുംബാംഗങ്ങളും നമ്മുടെ മനസ്സിൽ അത്രത്തോളം ആഴ്ന്നിറങ്ങിയിരുന്നുവെന്നതായിരുന്നു സത്യം. പാവപ്പെട്ടവർക്ക് ആരുമുണ്ടാകില്ലെന്ന നഗ്നസത്യം ഒരിയ്ക്കൽക്കൂടി തെളിയിയ്ക്കപ്പെട്ടു. പരസ്പ്പരം പഴി ചാരാനും ചളി വാരിയെറിയാനും രാഷ്ട്രീയ മുതലെടുപ്പുകൾ നടത്താനും വേണ്ടപ്പെട്ടവർക്കിതാ ഒരവസരം കൂടി.
വൈകിയിട്ടാണെങ്കിലും സമൂഹത്തിലെ എല്ലാ തട്ടിൽപ്പെടുന്നവരും സൌമ്യയ്ക്കായി ശബ്ദമുയർത്തിത്തുടങ്ങിയിരിക്കുന്ന കാഴ്ച്ച ആശ്വാസകരം തന്നെ. സോഷ്യൽ മീഡിയയിലേയും വാട്സാപ്പിലെയും ചുടു ചർച്ചകൾ നമ്മുടെ വേവലാതിയെ വിളിച്ചറിയിയ്ക്കും വിധമാണ്. വിധിയുടെ റിവ്യുവെങ്കിലും നമുക്കൽപ്പം സന്തോഷം തരും വിധമാകണേയെന്നാണെല്ലാവരുടേയും പ്രാർത്ഥന.
പലയിടത്തു നിന്നുമായി കിട്ടുന്ന വാർത്തകളിൽ എത്രമാത്രം സത്യമുണ്ടെന്നു നമുക്കു മനസ്സിലാക്കാനാകുന്നില്ല. ഈ സംഭവം തികച്ചും യാദൃശ്ചികമായ ഒന്നല്ലെന്നും വളരെ കരുതിക്കൂട്ടി ചെയ്ത ഒന്നാണെന്നും ഇതിനു പുറകിൽ ശക്തരായ പലരും ഉണ്ടെന്നുമുള്ള അഭ്യൂഹങ്ങൾ നമ്മെ ഭയപ്പെടുത്തുന്നു. സെക്സ് മാഫിയ, ദീർഘദൂരയാത്രാ വണ്ടികളിലെ മോഷണ മാഫിയ, എന്നിവയുമായുള്ള ബന്ധവും മതപരമായ ഇടപെടലുകളുമൊക്കെ ഗോവിന്ദച്ചാമിക്കു വേണ്ടത്ര സുരക്ഷയേകുന്നുവെന്ന വാർത്ത പരന്നിട്ടുണ്ട്. ഇത്രയും നിപുണനായ വക്കീലിനെ ഗോവിന്ദച്ചാമിയ്ക്കെങ്ങനെ കിട്ടി അഥവാ അതിനായുള്ള പണം എവിടെ നിന്നെത്തി എന്നാണു അധികം പേർക്കും അറിയാൻ മോഹം. സത്യം വൈകിയെങ്കിലും പുറത്തു വരാതിരിയ്ക്കില്ലെന്നാശിക്കാം.
പക്ഷേ സാധാരണ മലയാളിയുടെ മനസ്സിൽ ഇതിലുമേറെ വേവലാതിയാണിപ്പോൾ. പൊതുവെ സുരക്ഷിതമെന്നു കരുതിയിരുന്ന തീവണ്ടികളിലെ യാത്ര ഇപ്പോൾ അതല്ലാതായി മാറിയിരിക്കുന്നതിലെ ബുദ്ധിമുട്ടുകൾ കുറച്ചൊന്നുമല്ല. അൽപ്പം വൈകിയുള്ള യാത്ര അചിന്ത്യം. തനിയെ പെൺകുട്ടികളെ പുറത്തു വിടാനും വിടാതിരിക്കാനും വയ്യാത്ത ചുറ്റുപാടിലാണിപ്പോൾ നമ്മൾ. സന്ധ്യ കഴിഞ്ഞാൽ മദ്യപാനികളെയായിരുന്നു ഭയം. ഇപ്പോൾ തീവണ്ടിയും ബസ്സും കാറും ഓട്ടോയും ഒക്കെ നമ്മളെ ഭയപ്പെടുത്തുന്നു . യാത്രകൾ നമ്മെ ഭയപ്പെടുത്തുന്നു. ചുരുക്കിപ്പറഞ്ഞാൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദ് ചെയ്യപ്പെട്ടപ്പോൾ സാധാരണ മലയാളിയുടെ മനസ്സിൽ ആധി കൂടിയെന്നു നമുക്കു കാണാനാകുന്നു.
എന്തു ചെയ്യാനാകും, മുറവിളികൾക്കപ്പുറം? ഏതു കുറ്റം ചെയ്തവനേയും രക്ഷിയ്ക്കാൻ ആളുണ്ടാകുമെന്നു നമുക്കു മനസ്സിലാക്കാനായി. സ്ത്രീ ഇവിടെ ഇനിയും സുരക്ഷിതയല്ലെന്നും മനസ്സിലാക്കാനാകുന്നു. ആരു ഭരിച്ചാലും ഇവിടെ മാറ്റം കാണാനാകില്ലെന്നതു സത്യം മാത്രം. സ്ത്രീ സുരക്ഷ ശരിയ്ക്കും ഇവിടെ നടപ്പിലാക്കണമെങ്കിൽ ഇനിയും വൈകാതെ റേപ്പിനുള്ള ശിക്ഷ മറ്റു പല വിദേശരാജ്യങ്ങളിലുമെന്നതു പോലെ ക്യാപിറ്റൽ പണിഷ്മെന്റ് തന്നെയാക്കണം. ഭയം ഒന്നു കൊണ്ടുമാത്രമേ അല്പ്പമെങ്കിലും വിവേകം ഉദിയ്ക്കൂ. കുറ്റങ്ങൾ കുറയുന്നതിനെങ്കിലും ഇതു കാരണമാകാതിരിയ്ക്കില്ല. മാദ്ധ്യമങ്ങളുടെ മുറവിളി ഗുണത്തെക്കാളേറെ ദോഷം ചെയ്യുന്ന അവസരത്തിൽ വിലക്കുകൾ അവിടെയും ആവശ്യം തന്നെ. പണം മനുഷ്യത്വത്തെ നിർവീര്യമാക്കുന്നു. അതേപോലെ തന്നെ സ്വാർത്ഥതയും. അപകടം തനിയ്ക്കെത്തുമ്പോഴേ പലരും ശ്രദ്ധിയ്ക്കാൻ തയ്യാറാകുന്നുള്ളൂ. ഈ നില മാറാൻ നിറങ്ങൾക്കതീതമായ കൈകോർക്കലുകളാണാവശ്യം. മുറവിളികൾ കൂട്ടാൻ മാത്രമല്ല, വേണ്ടിവന്നാൽ ഫലം കിട്ടുന്നതുവരെ ഒറ്റക്കെട്ടായി നിൽക്കാനും. പ്രത്യാശയോടെ..
Post Your Comments