ദുബായ്● ദുബായില്‍ അപകടത്തില്‍പ്പെട്ട തിരുവനന്തപുരത്ത് നിന്നുള്ള എമിറേറ്റ്സ് ഇ.കെ 521 വിമാനത്തിലെ യാത്രക്കാര്‍ മര്യാദയില്ലാത്തവരാണെന്ന് വിമാനാപകടം അന്വേഷിച്ച യു.എ.ഇ വ്യോമയാന അതോറിറ്റിയായ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജി.സി.എ.എ).
അന്വേഷണ റിപ്പോര്‍ട്ടില്‍ മലയാളികളെന്നോ ഇന്ത്യന്‍ യാത്രക്കാരെന്നോ പേരെടുത്ത് പറയുന്നില്ലെങ്കിലും തീപിടിച്ചു തകര്‍ന്ന വിമാനത്തിലെ 80% യാത്രക്കാരും കേരളത്തില്‍ നിന്നുള്ളവരായിരുന്നു. വിമാനം തീപിടിച്ചു തുടങ്ങിയ സമയത്ത് രക്ഷപെടാന്‍ ശ്രമിക്കാതെ യാത്രക്കാരില്‍ കൂടുതല്‍പേരും അവരുടെ കാബിന്‍ ബാഗേജിന് വേണ്ടി തെരയുകയായിരുന്നുവെന്നും ജി.സി.എ.എയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
അപകടത്തില്‍പ്പെടുന്ന വിമാനത്തില്‍നിന്ന് രക്ഷപ്പെടുമ്പോള്‍ ലഗേജുകള്‍ എടുക്കാന്‍ പാടുള്ളതല്ല. ബാഗുകള്‍ എടുക്കുകയല്ല രക്ഷപ്പെടുകയാണ് വേണ്ടതെന്ന നിര്‍ദേശം ജീവിനക്കാര്‍ നല്‍കിയെങ്കിലും പലരും ചെവിക്കൊണ്ടില്ലെന്നും ജി.സി.എ.എ കുറ്റപ്പെടുത്തുന്നു.
വിമാനത്തില്‍ നിന്നും സൗജന്യമായി ലഭിക്കുന്ന മദ്യത്തിനോടും മറ്റും ഇന്ത്യക്കാരായ യാത്രക്കാരില്‍ പലര്‍ക്കും ആക്രാന്തം കൂടുതലാണ്. ക്യാബിന്‍ ക്രൂവിനോട് പരുഷമായി പെരുമാറുന്നവരാണ് ഇവരെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കഴിഞ്ഞ ആഗസ്റ്റ് മൂന്നിനാണ് 283 യാത്രക്കാര്‍ ഉള്‍പ്പടെ 300 പേരുമായി തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് പോയ എമിറേറ്റ്സ് വിമാനം അപകടത്തില്‍പ്പെട്ടത്. ബോയിംഗ് 777-300 വിഭാഗത്തില്‍പ്പെട്ട വിമാനം ലാന്‍ഡിംഗിന് ശ്രമിച്ച ശേഷം അതൊഴിവാക്കി വീണ്ടും മുകളിലേക്ക് പറന്നുയരാന്‍ ശ്രമിക്കുമ്പോള്‍ ചക്രങ്ങള്‍ റണ്‍വേയില്‍ ഉരസി തീപ്പിടിക്കുകയായിരുന്നു. വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നവരെല്ലാം അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നുവെങ്കിലും തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ സിവില്‍ ഡിഫന്‍സ് വിഭാഗത്തിലെ ഒരു എമിറാത്തി ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു.
Post Your Comments