ജനീവ : കശ്മീര്‍ പ്രശ്നം ഐക്യരാഷ്ട്രസഭയുള്‍പ്പെടെയുള്ള രാജ്യാന്തര വേദികളില്‍ ഉന്നയിക്കുന്നത് പതിവാക്കിയ പാക്കിസ്ഥാന് ബലൂച്ചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അതേവേദിയില്‍ ഉന്നയിച്ച് ഇന്ത്യയുടെ മറുപടി. ബലൂച്ചിസ്ഥാനില്‍ മനുഷ്യാവകാശങ്ങളെ മാനിക്കാന്‍ പാക്ക് ഭരണകൂടവും സൈന്യവും തയാറാകണമെന്ന് ഇന്ത്യ യുഎന്‍ മനുഷ്യാവകാശ സമിതിയുടെ 33-ആം സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അതേസമയം, ബലൂച്ചിസ്ഥാനേക്കുറിച്ചോ കശ്മീരിനേക്കുറിച്ചോ പ്രതിപാദിക്കാതെയായിരുന്നു ഇതിനുള്ള പാക്ക് പ്രതിനിധിയുടെ മറുപടി.
ഏകാധിപത്യ പ്രവണതകളും ജനാധിപത്യ മൂല്യങ്ങളുടെ ശോഷണവും ബലൂച്ചിസ്ഥാനിലുള്‍പ്പെടെ രാജ്യവ്യാപകമായുള്ള മനുഷ്യാവകാശ ലംഘനങ്ങളുമാണ് പാക്കിസ്ഥാന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് ഇന്ത്യന്‍ പ്രതിനിധി ചൂണ്ടിക്കാട്ടി.സ്വന്തം രാജ്യത്തിലേയും പാക്ക് അധിനിവേശ കശ്മീരിലേയും ക്രമസമാധാന പ്രശ്നങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും പരിഹരിക്കുന്നതിനായിട്ടാണ് പാക്കിസ്ഥാന്‍ അവരുടെ ഊര്‍ജം ചെലവഴിക്കേണ്ടതെന്നും ഇന്ത്യ ഓര്‍മിപ്പിച്ചു.
മറ്റു രാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരിക്കുന്നതിനുമുന്‍പ് സ്വന്തം രാജ്യത്തിനുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് പാക്കിസ്ഥാന്‍ ആദ്യം ചെയ്യേണ്ടതെന്ന് ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യന്‍ പ്രതിനിധി അജിത് കുമാര്‍ പറഞ്ഞു.ജമ്മു കശ്മീര്‍ മുഴുവനായും ഇന്ത്യയുടെ ഭാഗമാണ്. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കശ്മീര്‍ എന്ന പ്രയോഗം തന്നെ തെറ്റാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ അവിഭാജ്യ ഘടകമായ കശ്മീര്‍ രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളേയും പ്രതിനിധീകരിക്കുന്നതാണ്. പാക്ക് അധിനിവേശ കശ്മീര്‍ പോലെയല്ല അതെന്നും അജിത് കുമാര്‍ ചൂണ്ടിക്കാട്ടി.അതിര്‍ത്തി വഴി കശ്മീരിലേക്ക് ഭീകരരെ കയറ്റിഅയയ്ക്കുകയാണ് പാക്കിസ്ഥാനെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments