KeralaNewsIndia

ഇന്ന് ഉത്രാടപ്പാച്ചിൽ; നാടെങ്ങും ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി; ഉത്രാട വിളക്ക് ഇന്ന് തെളിയും

 

ഓണാഘോഷത്തിന്റെ അവസാന വട്ട ഒരുക്കത്തിനായി ഉത്രാടദിവസം (തിരുവോണത്തിനു തലേദിവസം) പിറ്റേ ദിവസത്തെ ഓണാഘോഷത്തിനു ആവശ്യമായ സാധനങ്ങൾ വാങ്ങിക്കുവാൻ മലയാളികൾ നടത്തുന്ന യാത്രയ്ക്കാണു ഉത്രാടപ്പാച്ചിൽ എന്നു പറയുന്നത്. മലയാളികൾ ഓണത്തിനുവേണ്ടതെല്ലാം വാങ്ങിക്കൂട്ടുന്ന ദിവസം ആണു ഉത്രാട ദിവസം. അടുക്കളയിലേക്കും മറ്റും ഓണത്തിനു വേണ്ടതെല്ലാം കൈയ്യെത്തും ദൂരത്ത് എത്തിക്കുക എന്നതാണു ഉത്രാടപ്പാച്ചിലിന്റെ ഉദ്ദേശം.ഈ സമയം തെരുവീഥികളില്‍ കച്ചവടത്തിന്റെയും സാധനങ്ങള്‍ വാങ്ങുന്നതിന്റെയും തിരക്കായിരിക്കും.

ഇന്ന് തെക്കന്‍ കേരളത്തില്‍ എല്ലാവരും എണ്ണ തേച്ചു കുളിയും സന്ധ്യക്ക് വാഴപ്പിണ്ടി മുറ്റത്ത് കുഴിച്ചിട്ട് അതില്‍ ഈര്‍ക്കിലി കൊണ്ട് വളച്ചു മരോട്ടിക്കായയില്‍ ( ചെരാത് പോലെ ഒന്ന് ) എണ്ണയൊഴിച്ചു തിരി തെളിച്ച് പൂര്‍വീകര്‍ക്ക് സദ്യയും മറ്റും ഒരുക്കാറുണ്ട്‌. ഉത്രാടത്തിന്റെ അന്ന് രാത്രിയില്‍ അത്തപ്പൂക്കളം ഇട്ട് തിരുവോണത്തിന്റെ ദിവസം ഉച്ച കഴിഞ്ഞ് തുമ്പി തുള്ളി പൂക്കളം വാരാറുമുണ്ട് .വേലിപ്പടര്‍പ്പില്‍ കാണുന്ന സുന്ദരിപ്പൂവും, കോളാമ്പിപ്പൂവും, ചെമ്പരത്തിപ്പൂ, ചെത്തിപ്പൂ, മന്ദാരം, എന്നിവയെല്ലാം പൂക്കളത്തിലെ പ്രധാന വിഭവങ്ങള്‍ ആണ്. നുള്ളിയെടുക്കാന്‍ പ്രയാസമാണെങ്കിലും വെളുത്ത തുമ്പപ്പൂവും, സ്വര്‍ണ്ണനിറത്തിലുള്ള മുക്കുറ്റിപ്പൂവും പൂക്കളത്തിലെ ഒരു അവിഭാജ്യ ഘടകം ആയിരുന്നു അക്കാലത്ത്. ചെറിയ ചേമ്പിയലില്‍ ഓരോരുത്തരും ശ്രദ്ധാപൂര്‍വ്വം മുക്കുറ്റിപ്പൂവും, തുമ്പപ്പൂവും പറിച്ചെടുക്കും.

ഓരോ നാട്ടിലും പല രീതിയിലാണ് ഓണാഘോഷങ്ങള്‍. തിരുവോണദിനത്തില്‍ പുലര്‍ക്കാലെ ഉണര്‍ന്ന് കുളിച്ച് വീട്ടിലെ കാരണവര്‍ ആണ് ഓണം കൊള്ളുക. കളിമണ്ണില്‍ തീര്‍ത്ത തൃക്കാക്കരയപ്പന്റെ പ്രതിമയില്‍ പൂക്കളും, അരിമാവും, കളഭവും ചേര്‍ത്ത് അലങ്കരിച്ച് പീഠത്തില്‍ ഇലവിരിച്ച് അതില്‍ മാവ് അണിഞ്ഞ് തുമ്പക്കുടവും , പൂക്കളും വച്ച് ആണ് അതിനെ പ്രതിഷ്ഠിക്കുക ,കൂടാതെ ഒരിലയില്‍ നിറയെ പൂവടയും, അവല്‍, മലര്‍ എന്നിവയും, പഴങ്ങളും, ചെറിയ പറയില്‍ നെല്ലും, അരിയും, മറ്റൊരു ഭാഗത്ത് നിലവിളക്കും, കിണ്ടിയും, ചന്ദനത്തിരികളും, രണ്ടായി മുറിച്ച നാളികേരവും, വച്ച് ചെറിയൊരു പൂജയോടെയും ഒപ്പം ആര്‍പ്പ് വിളിയോടെയും മഹാബലിയെ വരവേല്‍ക്കാന്‍ വീടൊരുങ്ങിയതായി അറിയ്കും.ഏതാണ്ട് ഒരേ സമയത്തു തന്നെ എല്ലാ വീടുകളില്‍ നിന്നും ആര്‍പ്പ് വിളി ഉയരും.

ഓണക്കാലത്തെ അനുഷ്ഠാനകലകളിൽ പ്രധാനികളാണ്‌ ഓണത്തെയ്യവും ഓണേശ്വരനും ഓണത്തുള്ളലുമെല്ലാം. ഈ രൂപങ്ങൾ നമ്മുടെ സംസ്കൃതിയുമായി അലിഞ്ഞുചേർന്നിട്ടുള്ളവയാണ്‌. നഗരങ്ങളിലേക്കാളേറെ നാട്ടിൻപുറങ്ങളിലാണ്‌ ഇവയ്ക്ക്‌ പ്രചാരം കൂടുതലുള്ളത്‌. അതുകൊണ്ടുതന്നെ പ്രാദേശികവത്കരിക്കപ്പെട്ട ഇവയ്ക്ക്‌ ബന്ധപ്പെട്ട നാട്ടുകാരിൽ ഗൃഹാതുരത്വത്തിന്റെ അസ്തിത്വമാണുള്ളത്‌.തെയ്യങ്ങളുടെ നാടായ ഉത്തരകേരളത്തിൽ ഓണത്തിന്‌ മാത്രമുള്ള തെയ്യമാണ്‌ ഓണത്തെയ്യം. മഹാബലി സങ്കൽപ്പത്തിലുള്ള ഈ നാട്ടുദൈവത്തിന്‌ ‘ഓണത്താർ’ എന്നാണ്‌ പേര്‌. വണ്ണാൻമാരാണ്‌ ഓണത്തെയ്യം കെട്ടിയാടുന്നത്‌. ചിങ്ങത്തിലെ ഉത്രാടം, തിരുവോണം എന്നീ നാളുകളിൽ ചെറിയ ആൺകുട്ടികളാണ്‌ ഓണത്താർ തെയ്യം കെട്ടുക. മുഖത്ത്‌ തേപ്പും ചെറിയ മുടിയും വലതുകൈയ്യിൽ മണിയും ഇടതുകൈയ്യിൽ ഓണവില്ലുമായി തെയ്യം വീടുതോറും കൊട്ടിപ്പാടി ആടിക്കുന്നു.

ഓണത്തെയ്യത്തിൽത്തന്നെ സംസാരിക്കാത്ത തെയ്യമാണ്‌ ഓണേശ്വരൻ. വായ് തുറക്കാതെ തന്നെ തെയ്യം കാണിക്കുന്നതിനാൽ ഓണപ്പൊട്ടൻ എന്ന പേരിലും അറിയപ്പെടുന്നു. കോഴിക്കോട് , കണ്ണൂർ‍ ജില്ലകളിലെ ഉൾപ്രദേശങ്ങളിലാണ്‌ ഇത്‌ കൂടുതലായും കണ്ടുവരുന്നത്‌. മലയസമുദായക്കാർക്ക്‌ രാജാക്കൻമാർ നൽകിയതാണ്‌ വേഷം കെട്ടാനുള്ള അവകാശം.തൃശൂർ,പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിൽ പ്രചാരത്തിലുള്ള ഒരു നാടൻ കലാരൂപമാണ് കുമ്മാട്ടി. തൃശൂർ പട്ടണത്തിൽ കിഴക്കുമ്പാട്ടുകര ദേശക്കാരർ ഓണത്തോടനുബന്ധിച്ച് അഘോഷിക്കുന്നു.സ്‌ത്രീകളുടെ ഓണവിനോദങ്ങളിൽ പ്രഥമസ്ഥാനമാണ്‌ കൈകൊട്ടിക്കളിക്കുള്ളത്‌. പൊതുവെ എല്ലാ ജില്ലകളിലും കണ്ടുവരുന്ന ഒന്നാണിത്‌. വീടുകളുടെ അകത്തളങ്ങളുടെ സ്വകാര്യതകളിൽ നടത്തിപ്പോന്നിരുന്ന ഇത് പിൽകാലത്ത് മുറ്റത്ത പൂക്കളത്തിനു വലംവച്ചുകൊണ്ടും നടത്തിവരുന്നു. അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ്‌ തൃശൂരിന്റെ പുലിക്കളി. കൊല്ലവും തിരുവനന്തപുരവുമാണ്‌ പുലിക്കളിയുടെ മറ്റ്‌ രണ്ട്‌ സ്ഥലങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button