ഇന്ന് ഓണക്കാലത്തെ ഏറ്റവും സജീവദിനമായ ഉത്രാടം. തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിനെ ഉത്രാടപ്പാച്ചിൽ എന്നാണ് വിളിക്കുന്നത്. ഒന്നാം ഓണമായി ആഘോഷിക്കുന്നതും ഉത്രാടദിവസമാണ്. കാലമെത്ര മാറിയിട്ടും ഇന്നും ഉത്രാട പാച്ചിലിന് മാറ്റമൊന്നുമില്ല. തിരുവോണത്തിനായുള്ള ഒരുക്കത്തിലാണ് മലയാളികൾ, ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.നാടും നഗരവും ഉത്രാടപ്പാച്ചിലിലാണ് .
ഉത്രാടനാളിൽ ഓണവിപണിയും സജീവമാകും. കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ല് അന്വർത്ഥമാകാനെന്നവണ്ണം നഗരത്തിലെ വസ്ത്രവിൽപ്പന ശാലകളിലും പച്ചക്കറി വിൽപ്പന കേന്ദ്രങ്ങളിലും വഴിയോര വാണിഭകേന്ദ്രങ്ങളിലും ഇന്ന് തിരക്കോടുതിരക്കായിരിക്കും. ’ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെ വെപ്രാളം ‘ ഓണത്തിനോടനുബന്ധിച്ചുള്ള ചൊല്ലുകളിൽ പ്രസിദ്ധമായ ഒന്നാണ് ഇത് ഉത്രാടം ഉച്ചകഴിയുന്നതോടെ പിറ്റേന്നത്തെ തിരുവോണത്തിനുള്ള ഒരുക്കത്തിൽ സ്ത്രീകളുടെ പങ്കിനെയാണ് ഇവിടെ സൂചിപ്പിക്കുന്നത്.
ഓണാഘോഷത്തിന്റെ അവസാന ദിവസം ഗംഭീരമായ സദ്യ തയ്യാറാക്കാൻ ആവശ്യമായ പുതിയ പച്ചക്കറികളും മറ്റ് വിഭവങ്ങളും വാങ്ങുന്നതിനായി ഓണത്തിന്റെ തലേന്ന് കുടുംബാംഗങ്ങൾ ചന്തയിലേക്ക് പോകുന്ന ദിവസമാണിത്. ഇതിനെ പൊതുവേ ‘ഉത്രാടപ്പാച്ചിൽ’ എന്നാണ് വിളിക്കുന്നത്.
ഉത്രാട നാളിലാണ് തൃക്കാക്കരയപ്പനെ വീട്ടുമുറ്റത്ത് കുടിവെക്കുക. കളിമണ്ണ് കൊണ്ടാണ് തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നത്. മണ്ണ് കുഴച്ച് നല്ലതു പോലെ പതം വരുത്തും. നിറം നൽകാൻ ഇഷ്ടികപ്പൊടി ചേർക്കുന്നവരുമുണ്ട്. ഉത്രാടത്തിനു മുൻപേ തന്നെ തൃക്കാക്കരയപ്പനെ ഉണ്ടാക്കി ഉണക്കിവെക്കുന്നു. ഉത്രാടദിവസം നാക്കിലയിൽ മുറ്റത്ത് അഞ്ച് തൃക്കാക്കരയപ്പൻമാരെ വെക്കുന്നു. ഒത്ത നടുവിലായി വലിയ രൂപവും ഇരുഭാഗത്തും രണ്ട് ചെറുതു വീതവുമാണ് ഉണ്ടാക്കി വെക്കുക. അതിൽ അരിമാവ് കൊണ്ട് കൃഷ്ണ കിരീടവും ചെമ്പരത്തി, ചെണ്ടുമല്ലി, തുമ്പ എന്നിവ കൊണ്ട് അലങ്കാരങ്ങളും നടത്തും. ചെമ്പരത്തി ഈർക്കിലിൽ കുത്തി വെക്കും.
തിരുവോണം നാളിൽ മഹാബലിയെ കുടിവെക്കുന്നു. മുത്തശ്ശിയമ്മ, കുട്ടിപട്ടര്, അമ്മി, ആട്ടുകല്ല് തുടങ്ങി അനുചരനന്മാരോടൊത്താണ് മഹാബലി പ്രതിഷ്ഠിക്കപ്പെടുക. തൃക്കാക്കരയപ്പന് നേദിക്കാൻ ശർക്കരയും പഴവും തേങ്ങയും വെച്ച് പ്രത്യേകതരം അടയുണ്ടാക്കുന്നു. ശർക്കര ഇല്ലാതെ പഞ്ചസാരയിട്ട് പൂവടയാണ് ചിലർ നേദിക്കുക. ആൺകുട്ടികൾ തന്നെ പൂജിക്കണമെന്ന് ചിലയിടത്ത് നിർബന്ധം പിടിക്കാറുണ്ടെങ്കിലും പെൺകുട്ടികളും പൂജ ഏറ്റെടുക്കാറുണ്ട്. അഞ്ച് ഓണം വരെയാണ് തൃക്കാക്കരയപ്പനെ പൂജിക്കുന്നത്. എന്നും രാവിലേയും വൈകിട്ടും വിളക്ക് കൊളുത്തി പൂജിക്കും.
Post Your Comments