ജയ്പുര്‍: മതത്തിന്റെ അതിരുകൾ മറികടന്ന് രണ്ടു ഭര്‍ത്താക്കന്‍മാര്‍ ഇരുവരുടെയും ഭാര്യമാര്‍ക്ക് പരസ്പരം വൃക്ക ദാനം ചെയ്തത് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയു പുതിയ മാതൃകകള്‍ തീര്‍ത്തു. ജയ്പൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ഇരുവരും വൃക്ക ദാനം ചെയ്തത്. വിനോദ് മെഹ്‌റയുടെ ഭാര്യ അനിത മെഹ്‌റയും അന്‍വര്‍ അഹമ്മദിന്റെ ഭാര്യയായ തസ്ലീം ജഹാനുമാണ് വൃക്ക തകരാറു മൂലം ഏറെക്കാലമായി ചികിത്സയിലായിരുന്നത്. വിനോദ് മെഹ്‌റ തസ്ലീം ജഹാനും അന്‍വര്‍ അഹമ്മദ് അനിത മെഹ്‌റയ്ക്കുമാണ് വൃക്കകള്‍ ദാനം ചെയ്തത്.
ഏറെക്കാലമായി വൃക്ക തകരാറിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇരുവരും ചികിത്സ നടത്തിയിരുന്നത് ഒരേ ആസ്പത്രിയിലായിരുന്നു. ഇതാണ് ആകസ്മികമായ ഈ വൃക്ക കൈമാറ്റത്തിലേയ്ക്ക് നയിച്ചത്. സപ്തംബര്‍ രണ്ടിന് നടന്ന ശസ്ത്രക്രിയ വിജയകരമായിരുന്നെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ഹസന്‍പുര്‍ സ്വദേശിയായ അനിതയുടെ രക്തഗ്രൂപ്പ് ബി പോസിറ്റീവും തസ്ലീം ജഹാന്റേത് എ പോസിറ്റീവുമായിരുന്നു. ഇരുവരും ഒരേ ആശുപത്രിയില്‍ ഡയാലിസിസ് ചെയ്തുവരികയായിരുന്നു. ഇവരുടെ ഭർത്താക്കന്‍മാരായ വിനോദ് മഹ്‌റയുടെ രക്തഗ്രൂപ്പ് എ പോസിറ്റീവും അന്‍വര്‍ അഹമ്മദിന്റേത് ബി പോസിറ്റീവും ആണെന്ന് മനസ്സിലാക്കിയ ഡോക്ടര്‍മാരാണ് ഇരുവരുടെയും ഭാര്യമാര്‍ക്ക് പരസ്പരം വൃക്കകള്‍ നല്‍കുക എന്ന ആശയം മുന്നോട്ടുവെച്ചത്.
ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ട ഇരു ദമ്പതിമാരും വൃക്ക കൈമാറ്റത്തിന് തയ്യാറാവുകയായിരുന്നു. ചുവപ്പാണ് ഞങ്ങളുടെയെല്ലാം രക്തത്തിന്റെ നിറം. മതത്തിന്റെ പേരില്‍ അകന്നു നിന്നിരുന്നെങ്കില്‍ ഞങ്ങളുടെ ഭാര്യമാര്‍ ജീവിച്ചിരിക്കില്ലായിരുന്നു. ഇപ്പോള്‍ എല്ലാ വേര്‍തിരിവുകള്‍ക്കുമപ്പുറം ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മില്‍ ശക്തമായ ബന്ധമാണ് ഉണ്ടായിരിക്കുന്നതെന്ന് വിനോദും അന്‍വറും ഒരേ സ്വരത്തിൽ പറയുന്നു.
നിയമപ്രകാരം വൃക്ക ദാനം ചെയ്യാന്‍ അടുത്ത ബന്ധുക്കള്‍ക്കു മാത്രമാണ് അനുമതിയുള്ളത്. എന്നാല്‍ ഇത്തരത്തില്‍ രണ്ട് കുടുംബങ്ങളില്‍ പെട്ടവര്‍ പരസ്പരം വൃക്ക ദാനം ചെയ്യുന്നത് അനുവദനീയമാണ്.
Post Your Comments