ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചിക്കുന്‍ ഗുനിയ ബാധിച്ച് മൂന്നു പേര് മരിച്ചു. തിങ്കളാഴ്ചയാണ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്. ഡെങ്കിപ്പനിയും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലേറിയയും ഡെങ്കിയും ബാധിച്ച് ഇതിനകം 10 പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്.അതേസമയം, ഡല്‍ഹിയിലെ അവസ്ഥയില്‍ തന്റെ നിസ്സഹായത വ്യക്തമാക്കി കെജ്രിവാള് ട്വീറ്റ് ചെയ്തു. “മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒരു പേന വാങ്ങാനുള്ള അധികാരം പോലുമില്ല. ലഫ്.ജനറലാണ് എല്ലാ അധികാരങ്ങളും കൈയ്യടക്കിയിരിക്കുന്നത്. ഡല്‍ഹിയെ കുറിച്ചറിയാന്‍ അദ്ദേഹത്തോടും പ്രധാനമന്ത്രിയോടും ചോദിക്കൂ”വെന്നും കെജ്രിവാള് ട്വീറ്റ് ചെയ്തു.
കൊതുകു പരത്തുന്ന രോഗങ്ങള്‍ നഗരത്തെ കീഴടക്കുമ്പോള്‍ ഉത്തരവാദപ്പെട്ടവരൊന്നും നാട്ടിലില്ല. ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന് ഗോവയില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണത്തിലാണ്. അടുത്ത വര്‍ഷമാണ് ഗോവയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാകട്ടെ ബംഗലൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ലഫ്.ഗവര്‍ണര്‍ നജീബ് ജംഗ് അമേരിക്കന്‍ പര്യടനത്തിലും.മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ചുമതലയുള്ള ഉപമുഖ്യമന്ത്രി വിദ്യാഭ്യാസ പരിപാടിയില്‍ പങ്കെടുക്കാന്‍ ഫിന്ലാന്ഡിലേക്കും പോയി.
കോര്‍പറേഷനില്‍ മേയര്‍ അടക്കമുള്ള അംഗങ്ങളില്‍ ഏറെയും വിവിധയിടങ്ങളിലാണ്.അതിനിടെ, കൊതുകുകള്‍ പെരുകാനിടയായതില് ബി.ജെ.പി ഭരിക്കുന്ന ഡല്‍ഹി കോര്‍പറേഷനെ പഴിച്ച് എഎപി മന്ത്രി കപില്‍ ശര്‍മ്മ രംഗത്തെത്തി.ഇതുവരെ സംസ്ഥാനത്ത് ആയിരത്തോളം പേര്‍ക്കാണ് ചിക്കുന്‍ ഗുനിയ റിപ്പോര്‍ട്ട് ചെയ്തത്. 1100 പേര്‍ക്ക് ഡെങ്കിയും 21 പേര്‍ക്ക് മലേറിയയും ബാധിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളെല്ലാം പനി ബാധിതരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
Post Your Comments