ന്യൂഡല്‍ഹി: പ്രീമിയം തീവണ്ടികളായ രാജധാനി, തുരന്തോ, ശതാബ്ദി എന്നിവയിൽ ഏര്‍പ്പെടുത്തിയ ഫ്‌ളെക്‌സി നിരക്ക് ഉടന്‍ പിന്‍വലിക്കില്ലെന്ന് റെയില്‍വേ വ്യക്തമാക്കി. ഫ്‌ളക്‌സി നിരക്ക് നടപ്പാക്കിയതോടുകൂടി രണ്ട് ദിവസം കൊണ്ട് 80 ലക്ഷം രൂപയുടെ അധിക വരുമാനമുണ്ടായി. നിരക്ക് വര്‍ധനയിലൂടെ ഈ സാമ്പത്തിക വര്‍ഷം 500 കോടിയുടെ അധിക വരുമാനമാണ് ലക്ഷ്യംവയ്ക്കുന്നതെന്നും റയില്‍വേ വ്യക്തമാക്കി.
വെള്ളിയാഴ്ച മുതലാണ് രാജധാനി, തുരന്തോ, ശതാബ്ദി എന്നീ പ്രീമിയം തീവണ്ടികളില്‍ ഫ്‌ളെക്‌സി നിരക്ക് നിലവില്‍വന്നത്. വിമാനങ്ങളില്‍ സീസണ്‍ അനുസരിച്ച് യാത്രാക്കൂലി പരിഷ്‌കരിക്കുന്നതിന് സമാനമായ രീതിയിലാണ് റെയില്‍വേയിലും പദ്ധതി നടപ്പാക്കിയിരിക്കുന്നത്. പുതിയ പരിഷ്‌കാരമനുസരിച്ച് രാജധാനി, തുരന്തോ, ശതാബ്ദി തീവണ്ടികളില്‍ ആദ്യം ടിക്കറ്റ് ബുക്ക് ചെയ്യുന്ന 10 ശതമാനം പേര്‍ക്ക് നിലവിലുള്ള നിരക്കും തുടര്‍ന്ന് ഓരോ പത്തുശതമാനം ടിക്കറ്റുകള്‍ക്ക് പത്തുശതമാനം വീതം വര്‍ധിച്ച നിരക്കും നല്‍കേണ്ടിവരും. ഈ നിരക്ക് വര്‍ധന 50 ശതമാനം വരെയാണ്. രാജധാനിയിലും തുരന്തോയിലും സെക്കന്‍ഡ് എ.സി., തേഡ് എ.സി., സെക്കന്‍ഡ് സ്ലീപ്പര്‍, സ്ലീപ്പര്‍ ടിക്കറ്റുകളിലും ശതാബ്ദിയില്‍ ചെയര്‍ കാര്‍ ടിക്കറ്റുകള്‍ക്കുമാണ് നിരക്കുവര്‍ധന. ഫസ്റ്റ്ക്ലാസ് എ.സി., എക്സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റ് നിരക്കുകളില്‍ മാറ്റമില്ല. പ്രതിഷേധം വ്യാപകമായതോടെ പരീക്ഷണാടിസ്ഥാനത്തിലാണ് നിരക്ക് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
Post Your Comments