NewsInternational

ഇന്ത്യയുമായുള്ള വ്യാപാരബന്ധം: പാരവയ്ക്കാന്‍ നോക്കുന്ന പാകിസ്ഥാന് കനത്ത മുന്നറിയിപ്പുമായി അഫ്ഗാനിസ്ഥാന്‍

കാബൂള്‍: ഇന്ത്യയിലേക്ക് വാഗാ അതിര്‍ത്തി വഴി ചരക്ക് കയറ്റുമതി നടത്തുവാന്‍ അനുവദിച്ചില്ലെങ്കില്‍ തങ്ങളുടെ രാജ്യത്തിലൂടെ മധ്യഏഷ്യന്‍ രാജ്യങ്ങളിലേക്ക് ചരക്ക് നീക്കം നടത്തുവാന്‍ പാകിസ്താനേയും അനുവദിക്കില്ലെന്ന് അഫ്ഗാനിസ്ഥാന്‍. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയാണ് ബ്രീട്ടീഷ് നയതന്ത്ര പ്രതിനിധി ഓവന്‍ ജെന്‍കിന്‍സുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ഇക്കാര്യം വ്യക്തമാക്കിയത്.

വെള്ളിയാഴ്ചയാണ് അഫ്ഗാനിസ്ഥാന്റേയും പാകിസ്താന്റേയും ചുമതലയുള്ള ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധിയായ ഓവന്‍ ജെന്‍കിന്‍സുമായി അഷ്‌റഫ് ഗനി കാബൂളില്‍ കൂടിക്കാഴ്ച നടത്തിയത്. അഫ്ഗാനിസ്ഥാനില്‍ ഉദ്പാദിപ്പിക്കുന്ന പഴവര്‍ഗ്ഗങ്ങളുടെ വലിയ വിപണിയാണ് ഇന്ത്യയെങ്കിലും ചരക്കുകള്‍ സമയബന്ധിതമായി എത്തിക്കാന്‍ സാധിക്കാത്തത് മൂലം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപരബന്ധം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

വാഗാ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് ചരക്കുകള്‍ കയറ്റി അയക്കാനും ഇറക്കുമതി ചെയ്യാനും അഫ്ഗാന്‍ വ്യാപാരികളെ പാകിസ്താന്‍ അനുവദിക്കാത്ത പക്ഷം,പാകിസ്താനെ അഫ്ഗാനിസ്ഥാനിലൂടെ മധ്യഏഷ്യന്‍ രാജ്യങ്ങളിലേക്ക് ചരക്ക് നീക്കം നടത്തുവാന്‍ ഞങ്ങളും അനുവദിക്കില്ലെന്ന് ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഗനിയുടെ പ്രസ്താവനയില്‍ പറയുന്നു.

പാകിസ്താനടക്കം മേഖലയിലെ എല്ലാ രാജ്യങ്ങളും വാണിജ്യസഹകരണത്തിന് തടസ്സമായി നില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണമെന്നാണ് തങ്ങളുടെ നിലപാട്. എന്നാല്‍ പാകിസ്താന്‍ സീസണ്‍ സമയത്തടക്കം അഫ്ഗാനിസ്ഥാന്റെ ചരക്ക് കയറ്റുമതി തടയുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇതുവഴി കോടിക്കണക്കിന് ഡോളറുകളുടെ നഷ്ടമാണ് രാജ്യത്തിനുണ്ടാകുന്നതെന്ന് അഷ്‌റഫ് ഗനി ചൂണ്ടിക്കാട്ടുന്നു.

അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പഴങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം ചുമത്തില്ലെന്ന് ഇന്ത്യ ഉറപ്പു തന്നിട്ടുണ്ടെങ്കിലും വ്യാപാരം സജീവമാക്കാന്‍ സാധിക്കാത്തത് മൂലം ഇതിന്റെ ഗുണം രാജ്യത്തിന് കിട്ടുന്നില്ലെന്നും ഗനി പ്രസ്താവനയില്‍ പറയുന്നു. വാഗാ അതിര്‍ത്തിയിലൂടെ ഇന്ത്യ-പാക് അതിര്‍ത്തിയിലെ അട്ടാരിയിലേക്ക് നേരിട്ട് ചരക്കുകള്‍ എത്തിക്കുവാന്‍ വളരെക്കാലമായി അഫ്ഗാനിസ്ഥാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ പാകിസ്താന്‍ ഇതിനുള്ള അനുമതി നല്‍കുവാന്‍ ഇതുവരെ തയ്യാറായിട്ടില്ല.

നിലവിലെ രീതിയില്‍ നിന്ന് മാറി അട്ടാരിയില്‍ നേരിട്ട് ചരക്കെത്തിക്കുവാനും അവിടെ വച്ച് ഇന്ത്യന്‍ ട്രക്കുകളിലേക്ക് മാറ്റുവാനുമുള്ള സൗകര്യമൊരുക്കണമെന്നാണ്അഫ്ഗാനിസ്ഥാന്റെ ആവശ്യം. ഇതുവഴി ഇന്ത്യയുമായുള്ള വ്യാപാരം രണ്ടോ മൂന്നോ ഇരട്ടിയായി ഉയര്‍ത്തുവാന്‍ സാധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button