
ജനീവ: അമേരിക്കയും റഷ്യയും സിറിയയിലെ ഇസ്ലാമിക ഭീകരര്‍ക്കെതിരെ യോജിച്ച പോരാട്ടത്തിനു ധാരണയായി. ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.), അല്‍ഖ്വെയ്ദയോട് സഹകരിച്ച് പ്രവര്‍ത്തിക്കുന്ന അല്‍ നുസ്ര (ജബാ ഫത്തേ അല്‍ ഷാം) എന്നിവയെ ഒരുമിച്ച് നേരിടും. ഇവക്കെതിരെ ഇരുരാജ്യങ്ങളും കൂട്ടാളികളും വെവ്വേറെ നടത്തുന്ന വ്യോമാക്രമണങ്ങള്‍ ഏകോപിപ്പിക്കും. തൽകാലം സിറിയന്‍ സര്‍ക്കാര്‍ സേനയും വിമതരുമായുള്ള പോരാട്ടം നിര്‍ത്തിവെക്കും.
യു.എസ്. വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും റഷ്യയുടെ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവും ജനീവയില്‍ നടത്തിയ മാരത്തണ്‍ ചര്‍ച്ചയ്ക്കൊടുവിലാണ് ഇക്കാര്യങ്ങളില്‍ തീരുമാനമായത്. തിങ്കളാഴ്ച മുതല്‍ ശത്രുത അവസാനിപ്പിച്ച് ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇരുവരും പ്രഖ്യാപിച്ചു. രണ്ടുരാജ്യങ്ങളും ഒരാഴ്ചയ്ക്കുശേഷം ഇസ്ലാമിക ഭീകരര്‍ക്കെതിരെ സംയുക്ത കമാൻഡ് സ്ഥാപിക്കും.
ഈ ധാരണ 2.9 ലക്ഷം പേരുടെ മരണത്തിനും ജനസംഖ്യയുടെ പകുതിയോളം പേരുടെ പലായനത്തിനും ഇടയാക്കിയ അഞ്ചുവര്‍ഷത്തിലേറെ നീണ്ട ആഭ്യന്തരയുദ്ധത്തിനും വഴിത്തിരിവുണ്ടാക്കിയേക്കും. റഷ്യ പ്രസിഡന്റ് ബാഷര്‍ അല്‍ അസ്സദിന്റെ നേതൃത്വത്തിലുള്ള സിറിയന്‍ ഭരണകൂടത്തെ പിന്തുണയ്ക്കുമ്പോള്‍, യു.എസ്സും കൂട്ടാളി രാജ്യങ്ങളും പിന്തുണ നല്‍കുന്നത് അദ്ദേഹത്തിനെതിരെയുള്ള വിമത വിഭാഗങ്ങള്‍ക്കാണ്.
ഇപ്പോഴത്തെ ധാരണയെ രണ്ടുകൂട്ടര്‍ക്കും സ്വീകാര്യമായ ഒത്തുതീര്‍പ്പിലേക്ക് വികസിപ്പിക്കാനായാല്‍ സിറിയന്‍ ആഭ്യന്തരയുദ്ധത്തിന് അവസാനമാകും. സിറിയന്‍ വിമതര്‍ റഷ്യ-യു.എസ്. ധാരണയെ സ്വാഗതം ചെയ്തിട്ടുണ്ട്.
സര്‍ക്കാര്‍ സൈന്യം വിമതര്‍ക്ക് മുന്‍തൂക്കമുള്ള അലെപ്പോയില്‍നിന്ന് പിന്മാറും. സിറിയന്‍ വ്യോമസേന വിമതമേഖലകളില്‍ നടത്തുന്ന ആക്രമണം നിര്‍ത്താന്‍ റഷ്യ സമ്മര്‍ദം ചെലുത്തും. അസദ് ഭരണകൂടവും റഷ്യയും ഏഴുദിവസത്തെ വെടിനിര്‍ത്തല്‍ കാലത്ത് വ്യവസ്ഥകള്‍ പൂര്‍ണമായി പാലിക്കുന്നതനുസരിച്ചാവും ധാരണയുടെ ഭാവിയെന്ന് യു.എസ്. പിന്നീട് വ്യക്തമാക്കി.
അതേസമയം,റഷ്യക്ക് എല്ലാകക്ഷികളും വെടിനിര്‍ത്തല്‍ പാലിക്കുമെന്ന് നൂറുശതമാനം ഉറപ്പുനല്കാനാവില്ലന്ന് ലാവ്റോവ് പറഞ്ഞത്. ഒത്തുതീര്‍പ്പിനെ തുര്‍ക്കിയും ഫ്രാന്‍സ്, ബ്രിട്ടന് തുടങ്ങിയ രാജ്യങ്ങളും സ്വാഗതംചെയ്തു.
Post Your Comments