KeralaNews

ഊർജ വിപ്ലവവുമായി പിണറായി സർക്കാർ

പത്തനംതിട്ട:മുഖ്യമന്ത്രി പിണറായി വിജയന്‍ ആറുമാസംകൊണ്ട് സംസ്ഥാനത്തെ എല്ലാ വീട്ടിലും വൈദ്യുതി എത്തിക്കാനുള്ള പദ്ധതിക്ക് നേരിട്ട് മേല്‍നോട്ടം വഹിക്കും.പദ്ധതി അടുത്തവര്‍ഷം മാര്‍ച്ച്‌ 15 ന് മുമ്പ് നടപ്പാക്കാനാണു ലക്ഷ്യം. ഇതിനായി മുഖ്യമന്ത്രി ചെയര്‍മാനും വൈദ്യുതിമന്ത്രി വൈസ് ചെയര്‍മാനും വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ കണ്‍വീനറുമായി ഉന്നതാധികാര സമിതി രൂപീകരിച്ചു. വൈദ്യുത മന്ത്രിയുടെ മേല്‍നോട്ടമാകും സാധാരണ ഇത്തരം വിഷയങ്ങളില്‍ ഉണ്ടാവുക.അതിന് ബദലായി വിവധ വകുപ്പുകളുടെ വേഗത്തിലുള്ള ഏകോപനം ഉറപ്പാക്കാനാണ് പിണറായിയുടെ ലക്ഷ്യം.

ധനകാര്യം, നിയമം, വനം, തദ്ദേശഭരണ മന്ത്രിമാരും ബോര്‍ഡിലെ വിവിധ ഡയറക്ടര്‍മാരും അംഗങ്ങളാണ്. ജില്ല, മണ്ഡലംതല മോണിട്ടറിങ് സമിതികള്‍, സംസ്ഥാനതല സാങ്കേതിക ഉപദേശകസമിതി, പഞ്ചായത്ത് സെക്ഷന്‍തല നിര്‍വഹണ സമിതികള്‍ തുടങ്ങിയവ മേല്‍നോട്ടം വഹിക്കും. പദ്ധതി വിജയമായാല്‍ ഇന്ത്യയില്‍ വീടുകളില്‍ സമ്പൂർണ്ണ വൈദ്യുതി എത്തിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. പിണറായിയുടെ ലക്ഷ്യം ഇതുറപ്പിക്കാനാണ്. വ്യക്തമായ പദ്ധതിയുമായാണ് സര്‍ക്കാര്‍ ഇടപെടല്‍. അതുകൊണ്ട് തന്നെ ലക്ഷ്യം ആറുമാസത്തിന് മുൻപേ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷ.
വ്യക്തമായ സമയക്രമമാണ് പദ്ധതി നടപ്പാക്കാന്‍ തയാറാക്കിയിരിക്കുന്നത്. ആദ്യപടിയായി വൈദ്യുതീകരിക്കാത്ത വീടുകളുടെ പട്ടിക തയാറാക്കും. കെ.എസ്.ഇ.ബി. സെക്ഷന്‍ അടിസ്ഥാനത്തില്‍ ഗുണഭോക്തൃപ്പട്ടിക പൂര്‍ത്തിയായാല്‍ ഈ മാസം ഒന്‍പതിന് അത് സെക്ഷന്‍ ഓഫീസുകളില്‍ പ്രദര്‍ശിപ്പിക്കും. വൈദ്യുതി ലഭിച്ചിട്ടില്ലാത്തവര്‍ 9496018640 എന്ന നമ്പരില്‍ മിസ്ഡ് കോള്‍ ചെയ്താല്‍ മതിയാകും. കുടുംബശ്രീ പ്രവര്‍ത്തകര്‍, സെക്ഷന്‍ ഓഫീസിലെ ജീവനക്കാര്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ വഴിയും രജിസ്റ്റര്‍ ചെയ്യാം. ഇതോടെ വൈദ്യുതി എത്താത്തവരെ തിരിച്ചറിയാന്‍ കെ എസ് ഇ ബിക്ക് കഴിയും.

ഓരോ സെക്ഷനും ഗുണഭോക്തൃപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിനൊപ്പം വീടുകളില്‍ വൈദ്യുതി എത്തിക്കാനുള്ള എസ്റ്റിമേറ്റും തയാറാക്കണം. തുടര്‍ന്ന് നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ ഏകീകരിക്കണം. ജോലികള്‍ ഈ മാസം 25നകം പൂര്‍ത്തീകരിക്കണമെന്നാണു നിര്‍ദ്ദേശം. കഴിഞ്ഞ ഓഗസ്റ്റ് 21 വരെ വിവിധ സെക്ഷനുകളിലായി 55575 പേര്‍ സമ്പുർണ വൈദ്യുതീകരണ പദ്ധതിക്കായി പേരു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മണ്ഡലം/ജില്ലാ തലങ്ങളില്‍ പദ്ധതിക്കായി ഫണ്ട് കണ്ടെത്തുക എന്നതാണു മറ്റൊരു ഘടകം. ഇതിനായി എംപി/എംഎ‍ല്‍എ ഫണ്ടുകള്‍, തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്നും എസ്.സി/ എസ്.ടി. വകുപ്പുകളില്‍ നിന്നുമുള്ള തുക എന്നിവ വിനിയോഗിക്കാനാണ് നിര്‍ദ്ദേശം. ബോര്‍ഡ് വിഹിതവും വിനിയോഗിക്കും. പോസ്റ്റ്, ലൈന്‍, ട്രാന്‍സ്ഫോമര്‍ എന്നിവ സ്ഥാപിച്ച്‌ അടുത്ത മാര്‍ച്ച്‌ 15 നകം പദ്ധതി ലക്ഷ്യത്തിലെത്തിക്കാനാണു നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button