കുമളി: എസ്എഫ്ഐ പ്രവർത്തകർ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർപഴ്‌സനായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥിനിയെ ബലമായി രാജിവയ്പിച്ചു. സംഭവം അറിഞ്ഞെത്തിയ മാധ്യമ പ്രവർത്തകരുടെ വാഹനങ്ങൾ തടഞ്ഞിട്ടു ഗേറ്റ് ഉള്ളിൽ നിന്നു പൂട്ടി.ഇന്നലെ വൈകിട്ട് കുമളി ഒന്നാം മൈലിൽ പ്രവർത്തിക്കുന്ന സഹ്യജ്യോതി ആർട്സ് ആൻഡ് സയൻസ് കോളജിലാണ് സംഭവം. വ്യാഴാഴ്ച നടന്ന കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ബിഎ കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് വിദ്യാർഥിനിയായ ബുൾബുൾ റോയി എതിരില്ലാതെ ചെയർപഴ്‌സനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എതിർ സ്ഥാനാർഥിയും എസ്എഫ്ഐയുടെ പ്രതിനിധിയുമായിരുന്ന ജിതിന്റെ നാമനിർദേശ പത്രിക ഫീസ് കുടിശ്ശിക ഉള്ളതിനെ തുടർന്നു തള്ളിപ്പോയി. ഇതോടെയാണു ബുൾബുൾ റോയി തിരഞ്ഞെടുക്കപ്പെട്ടത്.
സത്യപ്രതിജ്ഞ ചെയ്തു ബുൾബുൾ ചുമതല ഏറ്റെടുക്കുകയും ചെയ്തു. പിതാവിനെ ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രർത്തകർ ഭീഷണിപ്പെടുത്തിയതിനെ തുടർന്നു ബുൾബുൾ റോയി രാജിവച്ചെന്നാണ് ആരോപണം. തുടർന്നു സ്ഥാനാർഥി അല്ലാതിരുന്ന എസ്എഫ്ഐ പ്രവർത്തകൻ ജിഷ്ണുവിനെ ചെയർമാനായി പ്രഖ്യാപിച്ചു. ബുൾബുൾ റോയിയുമായി കോളജ് പരിസരത്തു സംസാരിക്കുന്നതിനിടെ മാധ്യമ പ്രവർത്തകർക്കു നേരെ എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റശ്രമം നടത്തി. ഗേറ്റ് പൂട്ടുകയും ചെയ്തു. സംഭവങ്ങൾ പകർത്തിയ ബുൾബുൾ റോയിയുടെ ഫോൺ പിടിച്ചുവാങ്ങി.
മാധ്യമപ്രവർത്തകരെ പുറത്തുപോകാൻ എസ്എഫ്ഐക്കാർ അനുവദിച്ചത് പോലീസ് എത്തി മാധ്യമ പ്രവർത്തകരും കോളജ് അധികൃതരുമായി ചർച്ച നടത്തി മണിക്കൂറുകൾക്കു ശേഷമാണ്.തന്നെ ഭീഷണിപ്പെടുത്തി രാജിവയ്പിച്ചതും ഫോൺ ബലമായി പിടിച്ചുവാങ്ങി പരസ്യമായി അപമാനിച്ചതും ഉൾപ്പെടെയുള്ള കാര്യങ്ങൾ കാണിച്ചു വനിതാ കമ്മിഷനു പരാതി നൽകുമെന്നു ബുൾബുൾ റോയി പറഞ്ഞു.അതേസമയം, കോളജിൽ അനിഷ്ടസംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും ഇതു സംബന്ധിച്ച പ്രചാരണങ്ങൾ ശരിയല്ലെന്നും കോളജ് മാനേജർ ഫാ.ഫിലിപ്പ് വട്ടമറ്റം പറഞ്ഞു. ബുൾബുൾ റോയിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും, മാധ്യമപ്രവർത്തകരെ തടഞ്ഞിട്ടില്ലെന്നും എസ്എഫ്ഐ ഇടുക്കി ജില്ലാ സെക്രട്ടറി മുഹമ്മദ് ഫൈസലും പറഞ്ഞു.
Post Your Comments