ന്യൂഡല്‍ഹി : കേവലം മൊബൈല്‍ ഫോണില്‍ മാത്രമൊതുങ്ങി നില്‍ക്കുന്നതല്ല ജിയോ വിപ്ലവം. ഇന്റര്‍നെറ്റ് ഉപയോഗം വര്‍ദ്ധിക്കുന്നതിനും അതുവഴി സര്‍വ്വ മേഖലകളിലും വരാനിരിക്കുന്ന അമ്പരിപ്പിക്കുന്ന മാറ്റങ്ങള്‍ക്കുമാണ് റിലയന്‍സ് ജിയോയുടെ വരവോടുകൂടി ഇന്ത്യന്‍ ഡിജിറ്റല്‍ രംഗം സാക്ഷിയാകുക.
മൊബൈല്‍ സേവനദാതാക്കളെപോലെ തന്നെ ജിയോയുടെ വരവ് ബാധിക്കുന്ന മറ്റൊരു കൂട്ടരാണ് കേബിള്‍/ ഡിടിച്ച് ഓപ്പറേറ്റര്‍മാര്‍. കേബിള്‍ വഴിയും ഡിടിച്ച് വഴിയുമൊക്കെ നമ്മുടെ സ്വീകരണ മുറിയില്‍ എത്തിയിരുന്ന ചാനലുകള്‍ ജിയോയുടെ കടന്നു വരവോടുകൂടി വൈഫൈ വഴി നേരിട്ട് നമ്മുടെ ടിവിയിലെത്തും. അതിവേഗ ഇന്റര്‍നെറ്റ് സേവനത്തിനൊപ്പം സ്മാര്‍ട്ട് ടിവികളും കൂടി ഒത്തുചേരുന്നതോടെ മറ്റു പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കാതെ നമുക്ക് ടിവി ചാനലുകള്‍ കാണാന്‍ സാധിക്കും. ജിയോ ടിവികളിലേക്ക് കൂടി എത്തുന്നത്തോടു കൂടി 10,000 കോടി രൂപയുടെ നഷ്ടമാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്ലാറ്റ്‌ഫോമുകള്‍ക്ക് ഉണ്ടാവുന്നത്. കേരളത്തിലെ പ്രധാന കേബിള്‍ ഓപ്പറേറ്റര്‍മാരായ ഏഷ്യാനെറ്റ്, ഡെന്‍, കേരളാ വിഷന്‍ തുടങ്ങിയ കമ്പനികള്‍ ജിയോ ടിവിയുടെ വരവിനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിന്നാണ് വീക്ഷിക്കുന്നത്.
ചാനലുകള്‍ തേര്‍ഡ് പാര്‍ട്ടി സഹായമില്ലാതെ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തുമ്പോള്‍ അതിന്റെ ഗുണം ചാനലുകള്‍ക്കു തന്നെയാണ്. പ്രത്യേകിച്ച് കാരിയേജ് ചാര്‍ജുകള്‍ ഒന്നും നല്‍കാതെ തീര്‍ത്തും ലാഭകരമായി മികച്ച ഗുണമേന്മയോടു കൂടി ചാനലുകള്‍ ഉപയോക്തകളില്‍ എത്തുന്നുവെങ്കില്‍, ഈ ലാഭക്കച്ചവടത്തിന് അവര്‍ ജിയോയുടെ കൂടെ നില്‍ക്കുമെന്നുള്ള കാര്യം തീര്‍ച്ചയാണ്.
ഇപ്പോള്‍ സാധാരണ ഒരു സെറ്റ് ടോപ് ബോക്‌സില്‍ ലഭിക്കുന്ന ചാനലുകളുടെ എണ്ണം 200 മുതല്‍ 300 വരെയാണ്. എന്നാല്‍ ജിയോ ടിവി പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ പ്രേക്ഷകര്‍ക്ക് 1600 ചാനലുകള്‍ വരെ ഒരേസമയം ലഭ്യമാകും. ഇപ്പോള്‍ ‘പെയിഡ് ചാനല്‍ കാറ്റഗറിയില്‍’ പെട്ട് നമ്മളില്‍ നിന്നും അകന്നു നില്‍ക്കുന്ന ചാനലുകള്‍ വരെ ജിയോയില്‍ സൗജന്യമായി ലഭിച്ചേക്കാം. ജിയോ നെറ്റില്‍ ഫ്രീയായി ടിവി കാണാന്‍ ഒരു പ്രേക്ഷകന്‍ ഒരുങ്ങുമ്പോള്‍, അയാളിലേക്ക് സ്മാര്‍ട്ട് ടിവി വിപണിയും കടന്നു വരുന്നു. ആന്‍ഡ്രോയിഡ് സപ്പോര്‍ട്ടുള്ള സ്മാര്‍ട്ട് ടിവികള്‍ വിപണി കീഴടക്കുന്ന കാലം ദൂരെയല്ലെന്നു വ്യക്തം.
ഇതിന്റെ ഒപ്പം സിനിമകളുടെ ഓണ്‍ലൈന്‍ റിലീസും ജിയോ നെറ്റ് ഏറ്റെടുത്തേക്കാം. ഓണ്‍ലൈന്‍ റിലീസ് ചെയ്യപ്പെടുന്ന ചിത്രങ്ങള്‍ മണിക്കൂറുകളെടുത്ത് ബഫര്‍ ചെയ്തു കണ്ടു മടുത്ത നമുക്ക് നിമിഷങ്ങള്‍ കൊണ്ട് പൂര്‍ണമായും ലോഡാകുന്ന ജിയോ 4G സൗഹൃദപരമായ അന്തരീക്ഷം സമ്മാനിക്കും.
ഇതിന്റെയെല്ലാമൊപ്പം സകല സര്‍ക്കാര്‍ സേവനങ്ങളും ഓണ്‍ലൈന്‍ വഴിയാക്കാനും ജിയോ സഹായിക്കും. വേഗതയിലും കാര്യക്ഷമതയിലും ഇതര സര്‍വീസ് പ്രൊവൈഡര്‍മാരെക്കാള്‍ വളരെ മുന്നില്‍ നില്‍ക്കുന്ന ജിയോ, സര്‍ക്കാരിന്റെ ഇ ഗവര്‍ണന്‍സ് പദ്ധതികള്‍ അടുത്ത തട്ടിലേക്ക് ഉയര്‍ത്തും. ഇവയൊക്കെയാണ് ജിയോയുടെ വരവോടു കൂടിയുള്ള അത്ഭുതകരമായ ഈ മാറ്റങ്ങള്‍
Post Your Comments