ന്യൂഡല്‍ഹി: സര്‍ക്കാരിനെയോ സര്‍ക്കാര്‍ നയങ്ങളെയോ വിമര്‍ശിക്കുന്നത് അപകീര്‍ത്തികരമോ രാജ്യദ്രോഹമോ അല്ലെന്ന് സുപ്രീം കോടതി .രാജ്യദ്രോഹ കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഇതുസംബന്ധിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധി എല്ലാവരും പിന്തുടരണമെന്നും കോടതി നിർദ്ദേശിക്കുകയുണ്ടായി.തിങ്കളാഴ്ച സന്നദ്ധസംഘടനയായ ‘കോമണ്‍ കോസും’ ആണവവിരുദ്ധ പ്രവര്‍ത്തകനായ ഡോ. എസ്.പി. ഉദയകുമാറും നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.
1962-ല്‍ കേദാര്‍നാഥും ബിഹാര്‍ സംസ്ഥാനവും തമ്മിലുള്ള കേസിലാണ് ഭരണഘടനാ ബെഞ്ച് രാജ്യദ്രോഹ നിയമത്തിന്റെ പരിധി പരിമിതപ്പെടുത്തിയത്.ബന്ധപ്പെട്ട എല്ലാ അധികൃതരും ഈ വിധി പിന്തുടരണമെന്ന് ജഡ്ജിമാരായ ദീപക് മിശ്ര, യു.യു. ലളിത് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.രാജ്യദ്രോഹനിയമങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് കോമണ്‍ കോസിനും എസ്.പി. ഉദയകുമാറിനുംവേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.കേദാര്‍നാഥ് കേസിലെ വിധി അധികൃതര്‍ പിന്തുടരുന്നില്ല. അക്രമസംഭവങ്ങളോ കലാപമോ ഉണ്ടായാല്‍ മാത്രമേ രാജ്യദ്രോഹക്കുറ്റം ചുമത്താവൂയെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.കൂടംകുളം ആണവ നിലയത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെയും കാര്‍ട്ടൂണിസ്റ്റ് അസിം ത്രിവേദിക്കെതിരെയും കേസെടുത്തത് പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി .നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ ഉത്തരവ് പുറപ്പെടുവിക്കണമെന്നും അതിന്റെ പകര്‍പ്പ് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും ഡിജിപിമാര്‍ക്കും അയച്ച് കൊടുക്കണമെന്നും പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു .എന്നാല്‍ അതിന്റെ ആവശ്യമില്ലെന്നും ഏതെങ്കിലും പ്രത്യേക കേസുകളില്‍ ദുരുപയോഗം നടന്നാല്‍ അക്കാര്യത്തില്‍ കോടതിയെ സമീപിക്കാവുന്നതാണെന്നും എല്ലാവരും കേദാര്‍നാഥ് കേസിലെ വിധി പിന്തുടര്‍ന്നാല്‍ മതിയെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസെടുക്കുന്ന പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്ക് കേദാര്‍നാഥ് വിധിയെപ്പറ്റി ധാരണയില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ സൂചിപ്പിച്ചപ്പോള്‍ കോണ്‍സ്റ്റബിള്‍മാര്‍ ഇക്കാര്യം അറിയണമെന്നില്ലെന്നും മജിസ്‌ട്രേറ്റുമാര്‍ ഇക്കാര്യം മനസിലാക്കുകയും കുറ്റം ചുമത്തുന്നതിന് മുമ്പ് സുപ്രീം കോടതി മാര്‍ഗനിര്‍ദേശം പാലിക്കുകയും ചെയ്താല്‍ മതിയെന്നും കോടതി വ്യക്തമാക്കുകയുണ്ടായി.
Post Your Comments