തിരുവനന്തപുരം : ട്രെയിനുകളുടെ വൈകിയോട്ടം തുണയായത് കെഎസ്ആര്‍ടിസിക്ക്. അങ്കമാലിയിലെ കറുകുറ്റിയില്‍ ട്രെയിന്‍ പാളം തെറ്റുകയും സര്‍വീസുകള്‍ വൈകുകയും ചെയ്തതോടെ കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ വര്‍ധനവുണ്ടാകുകയും ചെയ്തിരിക്കുകയായിരുന്നു. കറുകുറ്റിയില്‍ ട്രെയിന്‍ അപകടമുണ്ടായത് ഓഗസ്റ്റ് 28 ഞായറാഴ്ചയായിരുന്നു.
തൊട്ടുമുന്‍പത്തെ ഞായറാഴ്ചയേക്കാള്‍ 23 ലക്ഷം രൂപയുടെ വര്‍ധനയാണ് അന്ന് കെഎസ്ആര്‍ടിസിക്കുണ്ടായത്. തൊട്ടടുത്ത ദിവസം ഇത് 42 ലക്ഷമായി ഉയര്‍ന്നു. ചൊവ്വാഴ്ച രണ്ടുലക്ഷം രൂപയേ അധികമായി കിട്ടിയുള്ളുവെങ്കിലും ബുധനാഴ്ചയിത് 45 ലക്ഷമായി വര്‍ധിച്ചു. വ്യാഴാഴ്ചയിലെത്തുമ്പോഴാകട്ടെ ഇത് അരക്കോടി കടന്നു. അതായതു നാലുദിവസത്തിനുള്ളില്‍ ഒന്നരക്കോടിയിലധികം രൂപയുടെ അധികവരുമാനം.
അപകടത്തെതുടര്‍ന്നു പല ട്രെയിനുകളും റദ്ദാക്കിയതും ഉള്ളതു വൈകിയോടിയതുമാണു യാത്രക്കാര്‍ കൂട്ടത്തോടെ കെഎസ്ആര്‍ടിസിയെ ആശ്രയിക്കാന്‍ കാരണമായത്. ജന്റം ബസുകളുടെ പ്രതിദിന വരുമാനത്തിലും എട്ടുലക്ഷം രൂപ വരെ വരെ വര്‍ധനയുണ്ടായി. ശമ്പളത്തിനുള്ള പണം കണ്ടെത്താന്‍ ബുദ്ധിമുട്ടിയിരുന്ന കെഎസ്ആര്‍ടിസിക്ക് ഒരു പരിധിവരെ ഈ വര്‍ധനവ് സഹായകരമായി.
Post Your Comments