മധുര● തമിഴ്നാട്ടിലെ മധുരയില്‍ ക്ഷേത്രക്കുളത്തില്‍ ആയിരക്കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊങ്ങി. പ്രശസ്തമായ മധുര ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലാണ് സംഭവം. സംഭവത്തെത്തുടര്‍ന്ന് കുളത്തിലെ വെള്ളത്തിന്റെ സാംപിള്‍ പരിശോധയ്ക്കായി അയച്ചു. മത്സ്യങ്ങളെ കുളത്തില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്.
കുളത്തില്‍ വിഷം കലക്കിയാതാണെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. കുളത്തില്‍ നിന്ന് മീന്‍ പിടിക്കുന്നതിനുള്ള അവകാശത്തെച്ചൊല്ലി ചിലര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതിലുള്ള വൈരാഗ്യമാകാം ഇതിനുപിന്നിലെന്ന് കരുതുന്നതായും നാട്ടുകാര്‍ പറഞ്ഞു.
അന്വേഷണം നടന്നുവരികയാണെന്നും റിപ്പോര്‍ട്ട് ലഭിച്ചുകഴിഞ്ഞാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ജില്ലാ കലക്ടര്‍ കെ.വീര രാഘവ റാവു പറഞ്ഞു.
ശനിയാഴ്ച വൈകിട്ടും ഞായറാഴ്ച രാവിലെയുമായാണ് മീനുകള്‍ ചത്തു പൊങ്ങിയത്. ക്ഷേത്രത്തിലെ അഞ്ച് കുളങ്ങളില്‍ ഒന്നായ ഈ കുളത്തിലെ വെള്ളത്തില്‍ നിന്നും രൂക്ഷ ഗന്ധവും ഉയരുന്നുണ്ട്. പ്രതിവര്‍ഷം 47000 രൂപയ്ക്ക് ക്ഷേത്രക്കുളത്തിലെ മത്സ്യം ലേലം ചെയ്ത ക്ഷേത്രഭരണസമിതിയുടെ തീരുമാനത്തിനെതിരെ നേരത്തെ പ്രദേശവാസികള്‍ രംഗത്തെത്തിയിരുന്നു.
ഭഗവാന്‍ മുരുകന്റെ ആറു വീടുകളില്‍ ഒന്നെന്ന് ഭക്തര്‍ വിശ്വസിക്കുന്ന ക്ഷേത്രത്തിലെ, 15 ഏക്കറോളം വിസ്തീര്‍ണമുള്ള ഈ കുളത്തില്‍ കുളിച്ച ശേഷമാണ് വിശ്വാസികള്‍ സാധാരണ ക്ഷേത്രത്തില്‍ പ്രവേശിക്കാറുള്ളത്. പ്രദേശത്തെ ഭൂഗര്‍ഭ ജലനിരപ്പ് നിലനിര്‍ത്തുന്നതിനും കുളം സുപ്രധാന പങ്കു വഹിക്കുന്നുണ്ട്.
Post Your Comments