ഹരിപ്പാട്: കര്‍ഷകത്തൊഴിലാളി ക്ഷേമ പെന്‍ഷനു വേണ്ടി പാതയോരത്ത് കാത്തുനില്‍ക്കാന്‍ നിര്‍ബന്ധിതനായ വൃദ്ധന്‍ കുഴഞ്ഞുവീണു മരിച്ചു. മുട്ടം കണിച്ചനല്ലൂര്‍ മരങ്ങാട്ട് വീട്ടില്‍ സദാനന്ദനാ (70) ണു മരിച്ചത്. ക്ഷേമപെന്‍ഷന്‍ വീട്ടിലെത്തിച്ചു നല്‍കാന്‍ ബാങ്ക് അധികൃതര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് ഈ ദാരുണ സംഭവം. ചൊവ്വാഴ്‌ച നടന്ന സംഭവത്തെക്കുറിച്ച് കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കി.
ചേപ്പാട് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശത്തെ ക്ഷേമപെന്‍ഷനുകള്‍ ഗുണഭോക്‌താക്കളുടെ വീട്ടില്‍ എത്തിച്ചുനല്‍കാനുള്ള ചുമതല വെട്ടിക്കുളങ്ങരയിലെ ഒരു സഹകരണ ബാങ്കിനാണ്. പെന്‍ഷന്‍ വിതരണത്തിനു ചുമതലപ്പെട്ട ജീവനക്കാര്‍ സദാനന്ദന്റെ വീടിനു സമീപമെത്തി കര്‍ഷകത്തൊഴിലാളി പെന്‍ഷന് അര്‍ഹതയുള്ളവര്‍ എല്ലാവരും ഉച്ചയ്‌ക്ക് കരിപ്പുഴ പാലത്തിന് സമീപം എത്തണമെന്നു പറഞ്ഞ് മടങ്ങി. മറ്റുള്ളവരെ വിവരമറിയിക്കാനുള്ള ചുമതല സദാനന്ദനെ ഏല്‍പിക്കുകയും ചെയ്‌തു. എല്ലാവരോടും വിവരം പറഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോഴേക്കും ബാങ്ക് ജീവനക്കാരന്റെ വിളിയെത്തി. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൂടി കൊണ്ടുവരണം.
ഇക്കാര്യം മറ്റുള്ളവരെ അറിയിക്കാനും നിര്‍ദേശിച്ചു. അതും ചെയ്‌ത സദാനന്ദന്‍ ഉച്ചയ്‌ക്കു മറ്റുള്ളവരുമായി കരിപ്പുഴ പാലത്തിനു സമീപം കാത്തുനിന്നെങ്കിലും ബാങ്ക് ജീവനക്കാരന്‍ എത്തിയില്ല. ഫോണില്‍ ബന്ധപ്പെടാനുള്ള ശ്രമവും ഫലിച്ചില്ല. ശാരീരികമായും മാനസികമായും തളര്‍ന്ന സദാനന്ദന്‍ വൈകിട്ട് അഞ്ചോടെ കുഴഞ്ഞുവീണു. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Post Your Comments