
ന്യൂഡല്‍ഹി● എയര്‍ ഇന്ത്യയുടെ ന്യൂഡല്‍ഹി-പാരിസ് വിമാനം 200 യാത്രക്കാരുമായി മാനസികാസ്വാസ്ഥ്യമുള്ള മുതിര്‍ന്ന പൈലറ്റ് അപകടകരാമായ രീതിയില്‍ പറത്തി. ഏപ്രില്‍ 28 ന് നടന്ന സംഭവത്തില്‍ പൈലറ്റിനെ സസ്പെന്‍ഡ് ചെയ്ത ഡി.ജി.സി.എ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്.
വ്യോമയാത്രയുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുര്ത്തുന്നതാണ് പൈലറ്റിന്റെ നടപടി. ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം ഇയാള്‍ അനുവദനീയമായതിലും ഉയരത്തില്‍ പറത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ആത്മഹത്യ പ്രവണതയുള്ള പൈലറ്റ് ജര്‍മ്മന്‍ വിംഗ്സ് എയര്‍ലൈന്‍സ് വിമാനം ഫ്രഞ്ച്-സ്വിസ്സ് ആല്‍പ്സ് പര്‍വ്വതനിരകളില്‍ ഇടിച്ചിറക്കിയ സംഭവത്തില്‍ 140 പേര് കൊല്ലപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ മാനസികാസ്വാസ്ഥ്യമുള്ളയാള്‍ എയര്‍ ഇന്ത്യ വിമാനം പറത്തിയത് അതീവഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.
സഹ-പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് പൈലറ്റിനെ എയര്‍ ഇന്ത്യ സസ്പെന്‍ഡ് ചെയ്യുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തത്. സംഭവം ഡി.ജി.സി.എയും അന്വേഷിക്കുന്നുണ്ട്.
പൈലറ്റ് മനോരോഗചികിത്സയ്ക്ക് വിധേയനാകണമെന്നും അതിന് ശേഷം ആറുമാസത്തേക്ക് സഹ-പൈലറ്റായി മാത്രമേ പറക്കാവൂവെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എയര്‍ ഇന്ത്യ നിയോഗിച്ച പാനല്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പൈലറ്റിന് അനുകൂലമായ നിലപാടാണ് എയര്‍ ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മറ്റൊരു കമ്മറ്റിയെ നിയോഗിച്ചിരിക്കുകയാണ് വിമാനക്കമ്പനി. പൈലറ്റിനു ക്ലീന്‍ ചിറ്റ് നല്‍കുന്നതിനാണ് ഇതെന്നാണ് ആരോപണം.
പൈലറ്റ് വിമാനം നിയന്ത്രിക്കുന്നതിനുള്ള ഓണ്‍ബോഡ് ഫ്ലൈറ്റ് സോഫ്റ്റ്വെയറില് നിരവധി തവണ മാറ്റം വരുത്തിയതായും വിമാനത്തിന്റെ ശേഷിയ്ക്കും ഉയര്‍ത്തിലേക്ക് വിമാനം പറത്താന്‍ ശ്രമിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ഇത്തരത്തില്‍ ചെയ്യുന്നത് അപകട സാധ്യത വര്‍ധിപ്പിക്കും.
വിമാനത്തിന്റെ ശേഷിയ്ക്കും ഉയരത്തില്‍ പറക്കുന്ന അവസ്ഥയെ ‘കോഫിന് (ശവപ്പെട്ടി)-കോര്‍ണര്‍’ എന്നാണ് സാധാരണ വിശേഷിപ്പിക്കപ്പെടുന്നത്. ഈ അവസ്ഥയില്‍ വിമാനം അസ്ഥിരമാകുകയും ഫ്ലൈറ്റ് കണ്ട്രോളുകള് നിസഹായമാകുകയും ചെയ്യും. ഈ ഉയരത്തില്‍ വിമാനത്തിന്റെ വേഗതയില്‍ എന്തെങ്കിലും കുറവുണ്ടായാല്‍ വിമാനം താഴേക്ക് പതിക്കും. ഇതൊഴിവാക്കാന്‍ വേഗത വര്‍ധിപ്പിക്കാന്‍ ശ്രമിച്ചാല്‍ വിമാനത്തിന് കേടുപാടുകള്‍ സംഭവിക്കാനും സാധ്യതയുണ്ട്.
സംഭവത്തിന് മുന്‍പും ഈ പൈലറ്റ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നത്രെ! പറക്കലില്‍ അസ്വാഭികത തോന്നിയ സഹ-പൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും വിമാനം സുരക്ഷിതമായ ഉയരത്തിലേക്ക് കൊണ്ടുവരികയുമായിരുന്നു.
കഴിഞ്ഞ രണ്ട്-മൂന്ന് വര്‍ഷത്തിനിടെ പൈലറ്റുമാര്‍ മദ്യപിച്ചിട്ട് വിമാനം പറത്തി പിടിക്കപ്പെടുന്ന സംഭവങ്ങള്‍ ഉള്‍പ്പടെയുള്ള ഗുരുതരമായ സുരക്ഷാവീഴ്ചകള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്.
Post Your Comments