Kerala

ഗുരുമന്ദിരങ്ങള്‍ ക്ഷേത്രങ്ങളല്ല; ശ്രീനാരായണ ഗുരുവിനെ ദൈവമായി കാണരുത്- ഹൈക്കോടതി

കൊച്ചി● ശ്രീനാരായണഗുരു മന്ദിരങ്ങളെ ക്ഷേത്രങ്ങളായി കാണരുതെന്ന് ഹൈക്കോടതി. ശ്രീനാരായണ ഗുരു ദൈവവുമല്ല. അദ്ദേഹം സാമൂഹ്യപരിഷ്‌കര്‍ത്താവാണെന്നും അദ്ദേഹത്തിന്റെ പ്രതിമയെ വിഗ്രഹമായി കാണാനാവില്ലെന്നും കോടതി പറഞ്ഞു.

ശ്രീനാരായണ ഗുരുവിനെ ദൈവതുല്യം കാണുന്നവര്‍ ഒട്ടേറെ പേര്‍ ഉണ്ട്. എന്നാല്‍, ശ്രീനാരായണ ഗുരു വിഗ്രഹാരാധനയില്‍ വിശ്വസിച്ചിരുന്നില്ലെന്നും അതിനെ എതിര്‍ത്തയാളാണെന്നുമാണ് കോടതി വ്യക്തമാക്കിയത്. അമ്പലപ്പുഴ കരുമാടിയിലെ ഗുരുമന്ദിരം ഉള്‍പ്പെട്ട വസ്തു തര്‍ക്കത്തിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

നേരത്തെയുള്ള എം.കെ സാനു കേസിലേയും ഭാരതവന്‍ കേസിലേയും മുന്‍ കോടതി വിധികള്‍ ഉദ്ധരിച്ചാണ് ഹൈക്കോടതി ഗുരു ദൈവമല്ലെന്ന് വീണ്ടും ആവര്‍ത്തിച്ചത്. ഗുരുമന്ദിരത്തില്‍ പൊലീസ് സ്റ്റേഷന്‍ സ്ഥാപിച്ചതിനെതിരെ നല്‍കിയ ഹര്‍ജിയും കോടതി തള്ളിയിരുന്നു.

2003ല്‍, ശ്രീനാരായണ ഗുരുവിന്റെ നാമത്തില്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ജെഎസ്എസ് നേതാവ് ഉമഷ് ചള്ളിയിലിന്റെ നിയമസഭാംഗത്വം ഹൈക്കോടതി അസാധുവാക്കിയിരുന്നു. സത്യപ്രതിജ്ഞ നടത്തി സഭാംഗമായി നിയമസഭയിലിരുന്ന 43 ദിവസത്തെ ആനുകൂല്യം അദ്ദേഹത്തില്‍ നിന്ന് ഈടാക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button