
തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ഓണാഘോഷത്തിന് നിയന്ത്രണവുമായി ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഇറക്കിയ സര്‍ക്കുലര്‍ വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പിന്‍വലിച്ചു. ഓണാഘോഷത്തിന് നിയന്ത്രണവുമായി ഇറക്കിയ സര്‍ക്കുലര്‍ വിവാദമായതോടെയാണ് പിന്‍വലിച്ചത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലി സമയത്ത് ഓണാഘോഷം നടത്തേണ്ടെന്ന നിര്‍ദേശത്തിനു പിന്നാലെ ഇറക്കിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ഓണാഘോഷത്തിനും നിയന്ത്രണം വിവാദമാകുകയായിരുന്നു.
സ്‌കൂള്‍ സമയത്ത് ഓണാഘോഷം പാടില്ലെന്നും ഓണാഘോഷത്തിന്റെ പേരില്‍ വലിയതോതില്‍ പണപ്പിരിവു പാടില്ലെന്നുമായിരുന്നു സര്‍ ക്കുലര്‍. ആഡംബരമായിരിക്കരുത് ആഘോഷത്തിന്റെ മുഖമുദ്ര. മിതമായ രീതിയില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശ്രദ്ധിക്കണം. പ്രവൃത്തിദിവസം മുഴുവന്‍ ആഘോഷത്തിനായി മാറ്റിവയ്ക്കാന്‍ പാടില്ലെന്നും സര്‍ക്കുലര്‍ നിര്‍ദേശിച്ചിരുന്നു.
സ്‌കൂളുകളിലെ ആരോഗ്യകരമായ അന്തരീക്ഷത്തിനു കോട്ടം തട്ടുന്ന രീതിയിലുള്ള സംഭവങ്ങള്‍ ഇത്തരം പരിപാടികള്‍ക്കിടെ ഉണ്ടാകുന്നതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നതെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. പരീക്ഷകളെയോ ക്ലാസുകളെയോ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളെയോ ബാധിക്കാത്ത രീതിയില്‍ മാത്രമേ ആഘോഷം നടത്താവൂ. ഇത്തരം പരിപാടികളില്‍ കുട്ടികള്‍ സ്‌കൂള്‍ യൂണിഫോം നിര്‍ബന്ധമായും ധരിച്ചിരിക്കണം. പ്രത്യേക വേഷവിധാനത്തോടെയുള്ള കലാപരിപാടികള്‍ അവതരിപ്പിക്കുകയാണെങ്കില്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും സര്‍ക്കുലറില്‍ പറഞ്ഞിരുന്നു.
Post Your Comments