ന്യൂഡൽഹി: ആം ആദ്മി പാർട്ടി അഴിമതി ആരോപണത്തെ തുടർന്ന് പഞ്ചാബിലെ പാർട്ടി തലവനായിരുന്ന സുച്ച സിംഗിനെ പുറത്താക്കിയതിനെ തുടർന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധികൾ മൂലം പിളർപ്പിലേക്ക് നീങ്ങുന്നതായി സൂചന. തന്നെ പുറത്താക്കിയ അരവിന്ദ് കേജ്‌രീവാളിനെ സിഖ് വിരുദ്ധൻ എന്ന് വിളിച്ച സുച്ച സിംഗ് വിമതരെ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണെന്നാണ് റിപ്പോർട്ടുകൾ. പഞ്ചാബിലെ 12 മേഖലാ ഭാരവാഹികൾ സുച്ച സിംഗിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കേജ്‌രീവാളിനു കത്തയച്ചിട്ടുണ്ട്. ഇവർ പാർട്ടിയുടെ പഞ്ചാബിന്റെ ചുമതലയുള്ള രണ്ട് മുതിർന്ന നേതാക്കളെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സുച്ച സിംഗിനെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്‌ദാനം ചെയ്ത് പാർട്ടി പ്രവർത്തകരിൽ നിന്നും പണം വാങ്ങിയെന്ന ആരോപണത്തെ തുടർന്നാണ് കഴിഞ്ഞ ആഴ്ച ആം ആദ്മിയിൽ നിന്നും പുറത്താക്കിയത്. എന്നാൽ സുച്ച സിംഗ് കോഴ വാങ്ങിയെന്ന ആരോപണം നിഷേധിച്ചിട്ടുണ്ട്. ഇതിന് പിന്നിൽ തനിക്കെതിരെ പാർട്ടിയിൽ തന്നെയുള്ള ചിലരുടെ ഗൂഡാലോചനയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. പാർട്ടിയിലെ വിമതന്മാരുടെ യോഗം വിളിക്കാനും അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്. പാർട്ടിക്കകത്ത് തന്നെയുണ്ടായിരിക്കുന്ന അസ്വാരസ്യങ്ങൾ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം ലക്ഷ്യമിടുന്ന ആം ആദ്മിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
Post Your Comments