KeralaNews

എം.സ്വരാജിനെതിരെ സി.പി.ഐ മുഖപത്രം ജനയുഗം : എം. സ്വരാജ് ‘വ്യാജ കമ്യുണിസ്‌റ്റെ’ന്നും, ‘കമ്യൂണിസ്റ്റ് കഴുത’യെന്നും ജനയുഗം

സി.പി.എം നേതാവും തൃപ്പൂണിത്തുറ എം.എല്‍.എ എം. സ്വരാജിനെതിരെ സി.പി.ഐ മുഖപത്രം ജനയുഗം ലേഖനം. ചരിത്രമറിയാത്ത വ്യാജ കമ്യുണിസ്റ്റെന്നും, കമ്യൂണിസ്റ്റ് കഴുതയെന്നും വിളിച്ചാണ് സി.പി.ഐ പത്രം സ്വരാജിനെ പരിഹസിച്ചിരിക്കുന്നത്. ദേവികയുടെ വാതില്‍ പഴുതില്‍പ്പഴുതിലൂടെ എന്ന് കോളത്തിലെ ലേഖനത്തിലൂടെയാണ് യുവ എംഎല്‍എയെ വിമര്‍ശിച്ചിരിക്കുന്നത്. എറണാകുളം ഉദയംപേരൂരില്‍ നടന്ന സി.പി.ഐ വിട്ട് സിപിഎമ്മില്‍ എത്തിയവരുടെ ലയന സമ്മേളനത്തോടെയാണ് തര്‍ക്കങ്ങള്‍ ആരംഭിക്കുന്നത്.

ജനയുഗം ലേഖനത്തില്‍ നിന്നും :
പ്രീഡിഗ്രീ കാലത്താണ് ആദ്യമായൊരു സിപിഐക്കാരനെ കാണുന്നതെന്ന് കഴിഞ്ഞദിവസം അദ്ദേഹം പറഞ്ഞിരുന്നു.
ഇക്കഴിഞ്ഞ ദിവസം ഒരു വിദ്വാന്‍ പറയുന്നതു കേട്ടു, സിപിഐയുടെ രക്തപതാക തനിക്കു വെറുമൊരു പീറത്തുണിയാണെന്ന്! പട്‌നയിലെ കുട്ടികള്‍ കമ്മ്യൂണിസം തങ്ങളുടെ ജീവിതസിദ്ധാന്തമാക്കിയപ്പോള്‍ ഇയാള്‍ക്ക് സിപിഐയും കമ്മ്യൂണിസവും അജ്ഞാതം. നല്ല കുടുംബത്തില്‍ അസുരവിത്തും പിറക്കുമല്ലോ എന്നു സമാധാനിക്കാനൊക്കുമോ? തന്റെ കമ്മ്യൂണിസത്തെക്കുറിച്ച് ഈ അസുരവിത്ത് ഗ്വാഗ്വാ വിളിക്കുമ്പോള്‍ ‘കുങ്കുമത്തിന്റെ ഗന്ധമറിയാതെ കുങ്കുമം ചുമക്കുന്നു ഗര്‍ദ്ദഭം’ എന്നു പറഞ്ഞാല്‍ കഴുത അഭിമാനിക്കും; തലയില്‍ ആളുതാമസമില്ലാത്ത ഒരാളെ കൂട്ടിനുകിട്ടിയല്ലോ എന്ന്.ഇയാള്‍ ജനിക്കുന്നതിനും തൊട്ടു മുമ്പാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മധുരസൗമ്യദീപ്തമായിരുന്ന സിപിഐ നേതാവ് പി കെ വ
വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയായി കേരളം ഭരിച്ചിരുന്നത്. അതിനു ശേഷമുള്ള ചരിത്രം പോലും അറിയാത്ത ഈ കമ്മ്യൂണിസ്റ്റ് ഗര്‍ദ്ദഭത്തിന് ഈ നാല്‍പതാം പക്കത്തും ബുദ്ധിമുളച്ചില്ലെങ്കില്‍ ആ തലയില്‍ തക്കാളിക്കൃഷി നടത്തുന്നതാവും നന്ന്.’

‘ചെങ്കൊടിയെ പീറത്തുണിയെന്ന് അസഭ്യവര്‍ഷം ചൊരിഞ്ഞ ഈ മാര്‍ക്ക്‌സിസ്റ്റ് സാമാജികന്റെ പൂര്‍വചരിത്രവും ഇതിഹാസതുല്യം! മാധ്യമ പ്രവര്‍ത്തകരെ പിതൃശൂന്യരെന്നു സെക്രട്ടേറിയറ്റു പടിക്കല്‍ മൈക്കുവച്ചു പുലയാട്ടു നടത്തിയപ്പോള്‍ അന്നു മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദനോട് മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചു. അദ്ദേഹം അന്നുപറഞ്ഞ വാക്കുകള്‍ ഓര്‍മവരുന്നു. ‘നിങ്ങള്‍ അതൊന്നും കാര്യമാക്കേണ്ടതില്ല. തന്തയില്ലാത്തവര്‍ മറ്റുള്ളവര്‍ക്കും തന്തയില്ലെന്നു പറഞ്ഞു നടക്കുന്നത് ഒരു നാട്ടുനടപ്പല്ലേ!’ഈ വ്യാജ മാര്‍ക്‌സിസ്റ്റിന്റെ പിതാവ് മുട്ടിലിഴഞ്ഞു പാമ്പിനെപിടിക്കാനോടുന്ന കാലത്ത് സിപിഐയില്‍ നിന്ന് ഇറങ്ങിവന്ന് ഇഎംഎസിനും ബി ടി രണദിവെയ്ക്കും പി സുന്ദരയ്യയ്ക്കും ഹര്‍കിഷന്‍സിങ് സുര്‍ജിത്തിനുമൊപ്പം സിപിഎം രൂപീകരിച്ചവരില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വി എസ് അച്യുതാന്ദന്‍. ആ അച്യുതാനന്ദന്റെ തലവെട്ടി ഉത്തരകൊറിയന്‍ മോഡല്‍ ക്യാപിറ്റല്‍ പണിഷ്‌മെന്റ് നടപ്പാക്കണമെന്ന് ആ പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ ആവശ്യപ്പെട്ട കപ്പലണ്ടി കമ്മ്യൂണിസ്റ്റാണ് സിപിഐയുടെ കൊടിയെ പീറത്തുണിയെന്നു വിശേഷിപ്പിച്ചത്.

അന്ന് പട്‌ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറി പദം ഒഴിഞ്ഞ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് കുലപതികളില്‍ ഒരാളായിരുന്ന എ ബി ബര്‍ധന്‍ ‘ജനയുഗ’ത്തിനു നല്‍കിയ അഭിമുഖം ഓര്‍മവരുന്നു. സിപിഎം ല്‍ നിന്ന് സിപിഐയിലേക്കോ മറിച്ചോ വരുന്നവരെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യണം. അവര്‍ക്ക് ചെങ്കൊടിപുതപ്പിച്ച് തന്നെ വിട നല്‍കണം. അവര്‍ മൂവര്‍ണക്കൊടിയോ കാവിക്കൊടിയോ
പുതച്ച് വിടചൊല്ലുന്ന ദുരന്തമുണ്ടാകരുതെന്ന് ബര്‍ധന്‍ പറഞ്ഞതിന്റെ അര്‍ഥതലങ്ങള്‍ അറിയാനുള്ള ഗ്രാഹ്യശക്തിയും ഈ വ്യാജ മാര്‍ക്‌സിസ്റ്റിനില്ലാതെ പോയതുകൊണ്ടാകണമല്ലോ ചെങ്കൊടി പീറത്തുണിയെന്ന് പുലയാട്ടുനടത്തിയത്’ എന്ന് പറഞ്ഞാണ് ലേഖനം അവസാനിപ്പിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button