ന്യൂഡല്‍ഹി: യാഥാര്‍ഥ്യവുമായി ബന്ധമില്ലാതെ അവകാശവാദങ്ങള്‍ ഉയര്‍ത്തുന്ന പരസ്യങ്ങള്‍ക്കും അതില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്കും നിയന്ത്രണം വരുന്നു. പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ഉപഭോക്തൃ സംരക്ഷണബില്ലില്‍ ഇതിനായി ചില ഭേദഗതികള്‍ സര്‍ക്കാര്‍തന്നെ കൊണ്ടുവരും. ഭേദഗതി നിര്‍ദേശങ്ങള്‍ മന്ത്രിസഭ അടുത്തയാഴ്ച പരിഗണിക്കും.
ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട തെറ്റായ അവകാശവാദങ്ങള്‍ താരങ്ങള്‍ ശരിവെച്ചാല്‍ അവര്‍ക്ക് അഞ്ചുവര്‍ഷംവരെ തടവും 50 ലക്ഷംവരെ പിഴയുമാണ് നിര്‍ദേശിച്ചിട്ടുള്ളത്. ‘ശരിവെക്കല്’, ‘ശരിവെക്കുന്ന വ്യക്തി’ എന്നിവയ്ക്ക് വ്യക്തമായ നിര്‍വചനം ബില്ലില്‍ നല്‍കും. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവുമായി ബന്ധപ്പെട്ട പരാതിയുണ്ടായാല്‍ നിരപരാധിത്വം തെളിയിക്കാനുള്ള ബാധ്യത അത് ശരിവെച്ച താരപ്രശസ്തര്ക്കുണ്ടാവും.
കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി രൂപവത്കരിക്കാന്‍ ബില്ലില്‍ നിര്‍ദേശമുണ്ട്. അതോറിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതിക്ക് കേസെടുക്കാം. ആദ്യത്തെ തെറ്റിന് രണ്ടുവര്‍ഷത്തെ തടവും പത്തുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. തെറ്റ് ആവര്‍ത്തിച്ചാല്‍ 50 ലക്ഷം രൂപവരെ പിഴയും അഞ്ചുവര്‍ഷംവരെ തടവും ശുപാര്‍ശചെയ്തിട്ടുണ്ട്.
തെലുങ്കുദേശം നേതാവ് ജെ.സി. ദിവാകര്‍ റെഡ്ഡി അധ്യക്ഷനായ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ്കമ്മിറ്റി, ഉപഭോക്തൃ സംരക്ഷണ ബില്ലുമായി ബന്ധപ്പെട്ട് ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതുകൂടി അംഗീകരിച്ചാണ് സര്‍ക്കാര്‍തന്നെ ബില്ലില്‍ ഭേദഗതി കൊണ്ടുവരുന്നത്.
Post Your Comments