Editorial

വാട്ട്സ്ആപ്പ് കച്ചവടതന്ത്രം ആരംഭിച്ചതോടെ നമ്മുടെ സ്വകാര്യതയ്ക്ക് എന്തു സംഭവിക്കും?

ഹൃസ്വസന്ദേശങ്ങള്‍ക്കായി ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന മെസ്സേജിംങ്ങ് ആപ്ലിക്കേഷന്‍ ആണ് വാട്ട്സ്ആപ്പ്. ഒരു ബില്ല്യണില്‍ ഏറേ ഉപഭോക്താക്കള്‍ വാട്ട്സ്ആപ്പിനുണ്ട്. പക്ഷേ നാളിതുവരെയും വാട്ട്സ്ആപ്പ് ഒരു സൗജന്യസേവനം ആയിരുന്നു. ഈയാഴ്ച മുതല്‍ അതുമാറുന്നു എന്നതിന്‍റെ സൂചനകള്‍ ഉപഭോക്താക്കള്‍ക്ക് വാട്ട്സ്ആപ്പില്‍ നിന്ന്‍തന്നെ ലഭിച്ചുതുടങ്ങി.

വാട്ട്സ്ആപ്പിന്‍റെ ഉപഭോക്താക്കള്‍ക്കായുള്ള സ്വകാര്യതാ സംവിധാനങ്ങളില്‍ ആണ് മാറ്റങ്ങള്‍ വരുന്നത്. ഇതോടെ ഡിജിറ്റല്‍ ലോകവും വ്യാവസായിക ലോകവും തമ്മില്‍ കാലങ്ങളായി ഇല്ലാതിരുന്ന ഒരു കണ്ണികൂടി വിളക്കിച്ചേര്‍ക്കപ്പെടുകയാണ്. വാട്ട്സ്ആപ്പിന്‍റെ മാതൃകമ്പനിയായ ഫേസ്ബുക്കിന്‍റെ പക്കല്‍ തങ്ങളുടെ ഉപഭോക്താക്കളെപ്പറ്റിയുള്ള ഏതാണ്ടെല്ലാ വിവരങ്ങളും ഉണ്ട്. സ്വകാര്യതയ്ക്ക് പ്രാധാന്യം കല്‍പ്പിക്കുന്ന ഉപഭോക്താക്കള്‍ തങ്ങളുടെ ഫോണ്‍ നമ്പര്‍ പോലുള്ള വിവരങ്ങള്‍ ഫേസ്ബുക്കില്‍ ചേര്‍ക്കാറില്ല. അതുകൊണ്ടുതന്നെ ഉപഭോക്താക്കളെപ്പറ്റിയുള്ള പല വിവരങ്ങളും കയ്യിലുണ്ടെങ്കിലും ഏറ്റവും സുപ്രധാനമായ – പ്രത്യേകിച്ചും മാര്‍ക്കറ്റിംഗ് രംഗത്ത് – ഈ ഡാറ്റ മാത്രം ഫേസ്ബുക്കിന്‍റെ കൈവശം ഇതുവരെ ഉണ്ടായിരുന്നില്ല.

2014-ല്‍ ഫേസ്ബുക്ക് വാട്ട്സ്ആപ്പിനെ ഏറ്റെടുക്കുന്ന സമയം വാട്ട്സ്ആപ്പിന്‍റെ സഹസ്ഥാപകന്‍ ജോണ്‍ കൗം പറഞ്ഞത്, “നിങ്ങളുടെ പേര് ഞങ്ങള്‍ക്ക് തരേണ്ട ആവശ്യമില്ല. നിങ്ങളുടെ ഇ-മെയില്‍ വിലാസം ഞങ്ങള്‍ ചോദിക്കില്ല. നിങ്ങളുടെ പിറന്നാള്‍ ദിവസത്തെപ്പറ്റി ഞങ്ങള്‍ക്കറിയില്ല. നിങ്ങളുടെ മേല്‍വിലാസവും ഞങ്ങള്‍ക്കറിയില്ല. നിങ്ങള്‍ ജോലിചെയ്യുന്നതെവിടെ എന്നും ഞങ്ങള്‍ക്ക് അറിയില്ല. നിങ്ങളുടെ ഇഷ്ടങ്ങള്‍ എന്താന്നെന്നോ, ഇന്‍റര്‍നെറ്റില്‍ നിങ്ങള്‍ തിരയുന്നത് എന്താണെന്നോ അറിയേണ്ട കാര്യമില്ലാത്ത ഞങ്ങള്‍ നിങ്ങളുടെ ജി.പി.എസ് ലൊക്കേഷനും ആവശ്യപ്പെടില്ല. മേല്‍പ്പറഞ്ഞ ഡാറ്റകളൊന്നും വാട്ട്സ്ആപ്പ് ശേഖരിക്കുകയോ, സൂക്ഷിച്ചു വയ്ക്കുകയോ ചെയ്തിട്ടില്ല. ഈ നയം തിരുത്താന്‍ യാതൊരു പദ്ധതിയും ഞങ്ങള്‍ക്കില്ല,” എന്നാണ്.

പക്ഷേ, വാട്ട്സ്ആപ്പിന് ഒരിക്കലും വേണ്ട എന്ന്‍ അതിന്‍റെ സഹസ്ഥാപകന്‍ പറഞ്ഞ വിവരങ്ങളെല്ലാം പണ്ടേയ്ക്ക്പണ്ടേ വാട്ട്സ്ആപ്പിനെ ഏറ്റെടുത്ത ഫേസ്ബുക്കിന്‍റെ കൈവശം ഉണ്ടായിരുന്നു. ഇല്ലാതെയിരുന്നത് ചില ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പറുകള്‍ മാത്രം. ഇപ്പോള്‍, വാട്ട്സ്ആപ്പിന്‍റെ സ്വകാര്യതാ സംവിധാനങ്ങളില്‍ വരുന്ന മാറ്റത്തിലൂടെ വിട്ടുപോയ ഈ ഭാഗം പൂരിപ്പിക്കാനുള്ള അവസരമാണ് ഫേസ്ബുക്കിന് കൈവരുന്നത്.

വാട്ട്സ്ആപ്പ് കൊണ്ടുവരുന്ന തങ്ങളുടെ പ്രൈവസി പോളിസിയിലെ മാറ്റം അംഗീകരിക്കുന്ന ഉപഭോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ ഇനിമുതല്‍ ഫേസ്ബുക്കിന് ലഭ്യമാകും. പല ഉപഭോക്താക്കളുടേയും ഇപ്പോള്‍ത്തന്നെ ഉള്ള വിവരങ്ങളുടെ കൂട്ടത്തില്‍ ഈ ഫോണ്‍ നമ്പര്‍ കൂടെ ചേര്‍ക്കുന്നതോടെ ഉപഭോക്താക്കളുടെ സമ്പൂര്‍ണ്ണ പ്രൊഫൈല്‍ ഫേസ്ബുക്കിന് സ്വന്തം. തുടര്‍ന്ന്‍, പണം നല്‍കുന്ന ആര്‍ക്കും ഈ പ്രോഫൈലുകള്‍ ഫേസ്ബുക്കിന് വില്‍ക്കാം. ഇപ്പോള്‍ത്തന്നെ ആയിരക്കണക്കിന് കോടി ഡോളറുകള്‍ കുന്നുകൂട്ടുന്ന തങ്ങളുടെ കച്ചവട സാമ്രാജ്യം ഇനിയും വിപുലമാക്കാം.

അതായത്, ഇനിമുതല്‍ ഫേസ്ബുക്ക് ഉപയോഗിക്കുമ്പോള്‍ സ്ക്രീനില്‍ തെളിയുന്ന പരസ്യങ്ങള്‍ ഉപഭോക്താക്കളുടെ താത്പര്യങ്ങളോട് കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്നവ ആയിരിക്കും. ഫേസ്ബുക്ക് ലൈക്കുകള്‍, രീതികള്‍, ഇവയോടൊപ്പം വാട്ട്സ്ആപ്പിലെ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ കൂടി ലഭ്യമാകുന്നതോടെ സ്വകാര്യത എന്നത് ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം മിഥ്യ ആയി മാറുകയാണ്.

വാട്ട്സ്ആപ്പില്‍ തുടര്‍ന്നും ബാനര്‍ ആഡുകളും മറ്റും പ്രത്യക്ഷപ്പെട്ട് ഉപഭോക്താക്കള്‍ക്ക് ശല്യം സൃഷ്ടിക്കാന്‍ പോകുന്നില്ല. പക്ഷേ മാതൃകമ്പനിയായ ഫേസ്ബുക്കിന്‍റെ വിശാലസാമ്രാജ്യം ഉപയോഗപ്പെടുത്തി കുറച്ച് കോടികള്‍ ഉണ്ടാക്കാന്‍ തന്നെയാണ് വാട്ട്സ്ആപ്പിന്‍റെ തീരുമാനം.

ഉപഭോക്താക്കളുടെ സ്വകാര്യതയെ സംബന്ധിച്ച് ഈ തീരുമാനം തിരിച്ചടി തന്നെയാണ്. ഈ നയംമാറ്റം സ്വീകരിക്കാതിരിക്കാനുള്ള സൗകര്യം തത്ക്കാലത്തേക്ക് വാട്ട്സ്ആപ്പില്‍ ലഭ്യമാണെന്നത് മാത്രമാണ് ഏകആശ്വാസം.

പക്ഷേ, സ്വകാര്യതയുടെ ന്യായം പറഞ്ഞ് ലോകം ഉള്ളിടത്തോളം കാലം വാട്ട്സ്ആപ്പ് സൗജന്യസേവനമായി തരാന്‍ ആവശ്യപ്പെടാനും നമുക്കാവില്ല. സ്വകാര്യതയിലുള്ള കടന്നുകയറ്റം ഇഷ്ടമില്ലാത്തവര്‍ വാട്ട്സ്ആപ്പ് ഉപേക്ഷിക്കുക എന്നത് മാത്രമാണ് ഏകപോംവഴി.

shortlink

Related Articles

Post Your Comments

Related Articles


Back to top button